Sorry, you need to enable JavaScript to visit this website.

അഭിരാമിയുടെ മരണം: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കോട്ടയം- തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ റാന്നി പെരുനാട് സ്വദേശിനിയായ 12 വയസ്സുകാരി അഭിരാമി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചതായി അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഇന്ന് രാവിലെ പോലും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.

പേപ്പട്ടി വിഷബാധക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.

ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു.

 

Latest News