അങ്കമാലി- ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ കാമ്പസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എഎസ് പ്രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കാമ്പസ് ഡയറക്ടറുടെ ചുമതല ഡോ. പ്രിയ എസിന് നല്‍കാനും വിസി ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രതീശ് ക്യാമ്പസില്‍ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.
എഎസ് പ്രതീഷിന് എതിരെ നേരത്തെയും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. ക്ലാസിലിരിക്കുന്ന വിദ്യാര്‍ത്ഥിനികളോട് കന്യകയാണോ എന്ന് ചോദിച്ച് അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ കാലടി യൂണിവേഴ്സ്റ്റി ക്യാമ്പസില്‍ പഠിപ്പിച്ചിരുന്ന സമയത്ത് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതീഷിനെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.