ബംഗളുരു-കര്‍ണാടകയിലെ ബംഗളൂരുവിലുണ്ടായ കനത്ത മഴയില്‍ നഗരത്തില്‍ വന്‍ വെള്ളക്കെട്ട്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡ്, റെയില്‍ ഗതാഗതം താറുമാറായി. ബെല്ലന്തൂര്‍, സര്‍ജാപുര റോഡ്, വൈറ്റ് പീല്‍ഡ്, ഔട്ടര്‍ റിങ് റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. മറാത്താഹള്ളിയില്‍ പ്രളയത്തില്‍ ഇരുചക്രവാഹനങ്ങളടക്കം ഒഴുകിപ്പോയി. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വെള്ളക്കെട്ടില്‍ വൈറ്റ്ഫീല്‍ഡ് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. റോഡുകള്‍ മുങ്ങിയതോടെ ഗതാഗതസ്തംഭനവും രൂക്ഷമായി.
വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരപ്രാന്തപ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി ബോട്ടുകള്‍ രംഗത്തിറങ്ങി. വാര്‍തൂര്‍ മേഖലയിലാണ് ബോട്ടു മുഖേന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കര്‍ണാടകയില്‍ സെപ്റ്റംബര്‍ 9 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗലൂരുവിലും മറ്റു മൂന്നു ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.