Sorry, you need to enable JavaScript to visit this website.

കെഎസ്ആര്‍ടിസി പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

തിരുവനന്തപുരം- കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കാനുള്ള നീക്കത്തിലെ എതിര്‍പ്പ് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ ഉപാധികളോടെ പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെടും. എന്നാല്‍ ഏട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ളവരുടെ ഉറച്ച നിലപാട്. ആവശ്യമെങ്കില്‍ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചന ഉണ്ട് .
അതോടൊപ്പം ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന ശമ്പള വിതരണവും തുടങ്ങാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. രണ്ട് മാസത്തെ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് ഓണത്തിന് മുമ്പ് നല്‍കുന്നത്. കൂടുതല്‍ തുക ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ചെറിയ ഒരു തുക ഉത്സവ ബത്ത നല്‍കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട് . ഹൈക്കോടതി നിര്‍ദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം വേഗം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
 

Latest News