തിരുവനന്തപുരം-ഏഷ്യയിലെ അത്യുന്നത ബഹുമതിയായ മഗ്‌സസെ അവാർഡ് സ്വീകരിക്കുന്നതിൽ നിന്ന് മുൻ ആരോഗ്യ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ പാർട്ടി വിലക്കിയത് വിവാദമായി. ശൈലജയുടെ നേട്ടങ്ങൾ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ പ്രവർത്തകർക്ക് മഗ്‌സസെ പുരസ്‌കാരം നൽകുന്ന പതിവില്ലെന്നുമുള്ള വിചിത്ര വാദങ്ങൾ ഉയർത്തിയാണ് ശൈലജയെ അവാർഡ് സ്വീകരിക്കുന്നതിൽ നിന്ന് പാർട്ടി വിലക്കിയത്.
ഏഷ്യയിലെ പരമോന്നത ബഹുമതി നേടുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടമാണ് കെ.കെ. ശൈലജക്ക് നിഷേധിക്കപ്പെട്ടത്. വർഗീസ് കുര്യൻ, എം.എസ്. സ്വാമിനാഥൻ, ബി.ജി. വർഗീസ്, ടി.എൻ. ശേഷൻ എന്നിവർക്കു ശേഷം പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ മലയാളിയാകുമായിരുന്നു ശൈലജ. വിനോബ ഭാവെ, മദർ തെരേസ, ജയപ്രകാശ് നാരായൺ തുടങ്ങിയ പ്രമുഖർക്ക് ലഭിച്ച പുരസ്‌കാരം കൂടിയാണ് മഗ്‌സസെ പുരസ്‌കാരം. ഇത്രയും പ്രമുഖമായ പുരസ്‌കാരം ശൈലജക്ക് നിഷേധിച്ചതിനു പിന്നിൽ പാർട്ടിയുടെ സ്ത്രീവിരുദ്ധതയാണ് പ്രകടമാകുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം.
മികച്ച രീതിയിൽ ആരോഗ്യ വകുപ്പിനെ നയിച്ചിട്ടും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനത്തു പരിഗണിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. പിണറായി വിജയനൊപ്പം തലയെടുപ്പുള്ള മറ്റൊരു നേതാവും ഉയർന്നുവരേണ്ട എന്ന അപ്രഖ്യാപിത നിലപാടാണ് ശൈലജയെ ഒഴിവാക്കിയതിനു പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു. മഗ്‌സസെ പുരസ്‌കാരം ശൈലജയെ ആഗോള തലത്തിൽ ശ്രദ്ധേയയായ സി.പി.എം നേതാവാക്കുമോ എന്ന ഭയം തന്നെയാണ് പാർട്ടി നിലപാടിനു പിന്നിലെന്നാണ് സാംസ്‌കാരിക നേതാക്കളുടെ സംസാരം.
കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ ആളാണ് മുൻ ഫിലിപ്പൈൻസ് പ്രസിഡന്റായിരുന്ന രമൺ മഗ്‌സസെയെന്ന നിലപാട് പറയുന്ന സി.പി.എം നേതൃത്വം കേരള സർക്കാരാണ് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതെന്ന കാര്യം വിസ്മരിക്കുന്നു. മാവോയിസ്റ്റ് ലഘുലേഖകളുടെ പേരിൽ അലനും താഹക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും രൂപേഷിനെ യു.എ.പി.എ തടവുകാരനാക്കാൻ വീണ്ടും സുപ്രീം കോടതിയിൽ പോയതും എങ്ങനെ ന്യായീകരിക്കുമെന്നാണ് പാർട്ടി നേതൃത്വത്തോടുള്ള ചോദ്യം.
കേരളം നേടിയ ആരോഗ്യ നേട്ടങ്ങളുടെ പേരിൽ അമേരിക്കയിൽ പോയി പിണറായി വിജയന് അവാർഡ് സ്വീകരിക്കാനും കേരളത്തിൽ അതു കൊട്ടിഘോഷിക്കാനും ആകുമെങ്കിൽ എന്തുകൊണ്ട് ശൈലജക്ക് മഗ്‌സസെ പുരസ്‌കാരത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു എന്നും പിണറായി വിജയനാണ് ഈ അവാർഡ് ലഭിച്ചിരുന്നതെങ്കിൽ വാങ്ങുമായിരുന്നില്ലേ എന്നും എതിരാളികൾ ചോദിക്കുന്നു.