റിയാദ്-സൗദി ടൂറിസം വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ടൂറിസ്റ്റ് വിസ ലഭ്യമായി തുടങ്ങി. സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം വിസ ലഭിക്കും. ഇങ്ങനെ വിസ ലഭിച്ച ഏതാനും പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും സൗദിയിലെത്തി.
300 റിയാൽ വിസ ചാർജും 180 റിയാൽ ഇൻഷുറൻസും അടക്കം 480 റിയാലാണ് വിസ ചാർജ്. വിസക്കാലാവധിയനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വേണം. ഇമെയില്‍ ഉപയോഗിച്ച് സൈറ്റില്‍ കയറി അപേക്ഷ നല്‍കുമ്പോള്‍ പാസ്‌പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങളിലെ താമസ രേഖ എന്നിവയുടെ കോപ്പി, ഫോട്ടോ എന്നിവ അറ്റാച്ച് ചെയ്യണം. ഉംറക്ക് പോകുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പണമടച്ചാല്‍ മണിക്കൂറുകള്‍ക്കകം ഫോട്ടോ പതിച്ച വിസ ലഭിക്കും. അതുമായി അപേക്ഷ നല്‍കിയപ്പോള്‍ നല്‍കിയ സൗദി അതിര്‍ത്തി വഴി സൗദിയില്‍ പ്രവേശിക്കാം.
പുതിയ വിസ പരിഷ്‌കാരങ്ങള്‍ വഴി സൗദിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെത്താന്‍ വഴി തുറക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്താന്‍ ബിസിനസ് വിസിറ്റ് വിസയായിരുന്നു മിക്കവരും ആശ്രയിച്ചിരുന്നത്. ഗ്രൂപ്പുകള്‍ വഴി ഉംറക്കും എത്തിയിരുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിശ്ചിത രേഖകള്‍ സമര്‍പ്പിച്ച് ബിസിനസ്, ടൂറിസ്റ്റ് തുടങ്ങിയ വിസകള്‍ വേഗത്തില്‍ ലഭ്യമാകുന്ന പരിഷ്‌കാരമാണ് സൗദി ടൂറിസം മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്.