കോഴിക്കോട് - കണ്ടൽശേഖരവും പക്ഷി സങ്കേതവും അടക്കം പ്രകൃതിയെ അടുത്തറിയാൻ അവസരം ഒരുക്കുകയാണ് കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രം.
കമ്യൂണിറ്റി റിസർവ് ആയിരുന്ന ഇവിടെ ഇക്കോ ടൂറിസം കേന്ദ്രമായി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കടലുണ്ടി പുഴ വന്ന് അറബിക്കടലിൽ ചേരുന്ന അഴിമുഖവും പരിസരവും ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. വിവിധ തരം ദേശാടന പക്ഷികൾ ഓരോ സീസണിലായി ഇവിടെയെത്തുന്നുണ്ട്.
ഒമ്പത് ഇനം കണ്ടൽ ചെടികൾ ഇവിടെ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് റെയിൽവേ പാലങ്ങളും ചെറിയ ഏഴ് പാലങ്ങളും നാലു തുരുത്തുകളുമുള്ള ഇവിടെ സംസ്ഥാനത്തെ ആദ്യത്തെ കമ്യൂണിറ്റി റിസർവായി പ്രഖ്യാപിച്ചതാണ്. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതോടൊപ്പം വിനോദ സഞ്ചാര വികസനത്തിലൂടെ നാട്ടുകാർക്ക് തൊഴിൽ സാധ്യതയും ഉറപ്പു വരുത്തുന്നതിനാണ് ജൈവ വിനോദ സഞ്ചാരമായി കേന്ദ്രമായി പ്രഖ്യാപിച്ചത്.
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണി വരെ ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. 10 രൂപ ഫീസ് ഈടാക്കും. കണ്ടൽകാടുകൾ നിറഞ്ഞ തുരുത്തുകൾക്കും പാലങ്ങൾക്കും ഇടയിലൂടെ തോണി യാത്രക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ്. കണ്ടൽകാടുകളെക്കുറിച്ച് പഠിക്കാനും വിദേശ പക്ഷികളെ നേരിൽ അറിയാനും സാധ്യമാകും വിധത്തിലാണ് തോണിയാത്ര. കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലായി കിടക്കുന്ന 153.84 ലക്ഷം ഹെക്ടർ പ്രദേശമാണ് ജൈവ വൈവിധ്യ മേഖലയായി നീക്കിവെച്ചത്.