കൊച്ചി- കരിപ്പൂരില്‍ കള്ളക്കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുമായി പോലീസിന്റെ തെളിവെടുപ്പ്. കൊച്ചി കാക്കനാട്ടെ വീട്ടിലെത്തിച്ചാണ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. കേസിലെ കൂട്ടുപ്രതിയായ പ്രണവിനെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു.
സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിന് മുമ്പും അതിനുശേഷവും അര്‍ജുന്‍ ആയങ്കിയും കൂട്ടരും കാക്കനാട്ടെ വീട്ടില്‍ താമസിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇവിടെവെച്ചാണ് കവര്‍ച്ചാപദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തിന് ശേഷം ഏതാനുംദിവസം ഇതേ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം ഇടുക്കി കാന്തല്ലൂരിലും അര്‍ജുന്‍ ആയങ്കിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍പ്പോയിരുന്ന ആയങ്കിയും കൂട്ടരും മൂന്നുദിവസത്തോളം കാന്തല്ലൂരിലെ വൂള്‍ഫ് ഹൗസ് മഡ് ഹൗസിലാണ് താമസിച്ചിരുന്നത്. ഇവിടെയാണ് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയത്.
ഓഗസ്റ്റ് ഒന്‍പതിനാണ് കരിപ്പൂരില്‍ ഇവര്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ജിദ്ദയില്‍നിന്നു നിറമരുതൂര്‍ സ്വദേശി മഹേഷ് കൊണ്ടുവന്ന 974 ഗ്രാം സ്വര്‍ണമാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മഹേഷും ഇതിന് സഹായിച്ചു.