കോട്ടയം- തെരുവുനായയുടെ കടിയില്‍ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമി (12)ക്കായി ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയില്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് മുന്നില്‍ മാതാപിതാക്കളായ ഹരീഷും രജനിയും കാത്തിരിക്കുകയാണ്.
അഭിരാമി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. രണ്ടാം വാര്‍ഡിലെ തീവ്രപരിചരണ യൂണിറ്റിലാണ് ഇപ്പോള്‍. കടിയേറ്റ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് പത്തനംതിട്ട ആശുപത്രിയിലും എത്തിച്ചു. ചികിത്സയും കുത്തിവെയ്പുകളും നടക്കുന്നതിനിടെ, വെള്ളിയാഴ്ച ആറു മണിയോടെയാണ് ശാരീരികപ്രശ്നങ്ങള്‍ ഉണ്ടായത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ മികച്ച പരിചരണമാണ് കിട്ടുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഒരുതരം വിവാദങ്ങള്‍ക്കുമില്ല. കുഞ്ഞിന്റെ ആരോഗ്യം തിരിച്ചുകിട്ടണമെന്ന പ്രാര്‍ഥന മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും അവര്‍ പറഞ്ഞു.
അഭിരാമിക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്
അഭിരാമിയുടെ തിരിച്ചുവരവിനായി മന്ദപ്പുഴ ഗ്രാമം പ്രാര്‍ഥനയിലാണ്. മുത്തശ്ശിയും സഹോദരനുമാണ് വീട്ടിലുള്ളത്. ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു. ഏഴ് മുറിവുകളുണ്ടായിരുന്നു.
കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്‌സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തി ചികില്‍സക്കുശേഷം 15-ന് വിട്ടിലേക്ക് അയച്ചു. തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്പെടുത്തു. അടുത്തത് 28-ാം ദിവസമാണ് എടുക്കേണ്ടതെന്ന് പെരുനാട് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ആര്യ എസ്.നായര്‍ പറഞ്ഞു. കണ്ണിന് സമീപത്ത് ആഴത്തില്‍ മുറിവുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.