Sorry, you need to enable JavaScript to visit this website.

പ്രാദേശിക കക്ഷി നേതാവ്  പ്രധാനമന്ത്രിയായി വന്നേക്കും

കോഴിക്കോട് - അടുത്ത തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷി നേതാവ് പ്രധാനമന്ത്രിയായി വരാനാണ് സാധ്യതയെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു.
സിപിഎമ്മിന്റെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെടുത്ത തീരുമാനം ഇന്ത്യയിലെ ജനങ്ങളാകെ ആഗ്രഹിക്കുന്നതാണെന്നും ഇതിൽ താൻ ഏറെ സന്തുഷ്ടനാണെന്നും പിള്ള പറഞ്ഞു. ഇവിടെ പാർട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള. 
മോഡിയുടെ ഹിറ്റ്‌ലർ ഭരണം അവസാനിപ്പിക്കാൻ എല്ലാവരും ഒന്നിച്ചണിനിരക്കണം.ബിജെപിക്കെതിരെ ഒറ്റ ശബ്ദമേ ഉണ്ടാകാവൂ. അതിനുള്ള സാഹചര്യമാണ് സിപിഎം തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്.ആര് നേതാവ് എന്നതല്ല പ്രശ്‌നം.എന്നാൽ കോൺഗ്രസിന് സാധ്യത കാണുന്നില്ല.മമതാ ബാനർജിയോ നിതീഷ് കുമാറോ തുടങ്ങിയ നേതാക്കളാകും പ്രധാനമന്ത്രിയായി വരിക. കോൺഗ്രസിന് പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേ സാധ്യത കാണുന്നുള്ളൂ. 
എട്ട് വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊന്ന കേസിനെ ശരിയെന്നു പറയുന്നവരും പ്രതിസ്ഥാനത്തുള്ളവരും ഭരണ കക്ഷിയിലുള്ളവരാണ്. ഐക്യരാഷ്ട്ര സഭ പോലും ഈ കൊലയെ അപലപിച്ചു. ഒരു പ്രധാനമന്ത്രിക്കു പോലും കിട്ടാത്ത പ്രതിഷേധമാണ് മോഡിക്ക് വിദേശങ്ങളിൽ കിട്ടുന്നത്. മാലി ദ്വീപു പോലും ഇന്ത്യക്കെതിരായിരിക്കയാണ്.വിദേശ സുഹൃത്തുക്കളെ മുഴുവൻ ഇല്ലാതാക്കിയ ഭരണമാണ് മോഡിയുടേത്.തൊഴിൽ സുരക്ഷിതത്വവും സബ്‌സിഡികളും ഇല്ലാതാക്കിയ മോഡദി മോട്ടോർ വാഹന നികുതിയും കേന്ദ്രത്തിന്റെ വരുതിയിൽ കൊണ്ടുവരാൻ പോകുകയാണ്.കേരളം പോലെയുള്ള സംസ്ഥാന സർക്കാറുകൾക്ക് മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണിതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.വി.നവീന്ദ്രൻ അധ്യക്ഷനായിരുന്നു.
സംസ്ഥാന ജന.സെക്രട്ടറിമാരായ സി.വേണുഗോപാലൻ നായർ, നജീം പാലക്കണ്ടി, സംസ്ഥാന കമ്മിറ്റി അംഗം ലതീഫ് കുറുങ്ങോട്ട്,കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ,വനിതാ കോൺഗ്രസ് പ്രസിഡന്റ് ഡോ.പി.ടി.സാബിറ, ജോളി കോടഞ്ചേരി, കെ.ഷാജിൽ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ജന.സെക്രട്ടറി ഫിറോസ് പുളിക്കൽ സ്വാഗതവും ട്രഷറർ സത്യേന്ദ്രൻ എടക്കൊടി നന്ദിയും പറഞ്ഞു.

Latest News