തിരുവനന്തപുരം- സംസ്ഥാനത്ത് സ്‌കൂളുകളിലും കോളജുകളിലുമെല്ലാം നടക്കുന്ന ഓണാഘോഷങ്ങള്‍ക്കു പിന്നാലെ പലയിടങ്ങളിലും അടിയും നടക്കുന്നുണ്ട്. ഇതില്‍ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തി. കേരള പൊലീസ് മീഡിയ സെന്റര്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഓണത്തല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പറയുന്ന പോസ്റ്ററില്‍, ആട് ഒരു ഭീകരജീവി സിനിമയിലെ രംഗങ്ങളുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഓണാഘോഷങ്ങള്‍ തുടങ്ങുമ്പോള്‍ വിവിധ വേഷങ്ങള്‍ കെട്ടി നില്‍ക്കുന്നവര്‍, ആഘോഷം അവസാനിക്കുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ മേല്‍വസ്ത്രമില്ലാതെ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. തല്ലുമാല സിനിമയിലെ ആരാധകരേ ശാന്തരാകുവിന്‍ എന്ന ഹിറ്റ് ഡയലോഗാണ് പോസ്റ്റിന്റെ തലക്കെട്ട്. നിലമ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പൊതുനിരത്തില്‍ ഏറ്റുമുട്ടിയതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞു മടങ്ങവേയാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്തുവരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ ഇതു പാലിക്കാതിരുന്നതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.