Sorry, you need to enable JavaScript to visit this website.

ആസിഫയുടെ കുടുംബത്തിന്റെ കരളലിയിക്കുന്ന ഓർമകൾ പങ്ക് വെച്ച് ഇ.ടി മുഹമ്മദ് ബഷീർ

എളമരം മപ്രത്ത് വീട്ടിൽവെച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി കശ്മീർ അനുഭവം പങ്കുവെക്കുന്നു.

കൊണ്ടോട്ടി - തണുത്തുറഞ്ഞ കശ്മീർ താഴ്‌വര കടക്കുമ്പോൾ മനസ്സിലൊരു മരവിപ്പായിരുന്നു. ആസിഫ എന്ന കുഞ്ഞ് ജീവന് വേണ്ടി പിടഞ്ഞ ഒരു നിമിഷം. എന്റെയുളളിൽ കൊളളിയാൻ മിന്നി. പതർച്ചയോടെ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ആസിഫയുടെ കുടുംബത്തെ കണ്ടതിന്റെ ഓർമ്മകൾ മപ്രത്തെ വീട്ടിൽ നിന്ന് പറഞ്ഞു തുടങ്ങി. കൊണ്ടോട്ടി മണ്ഡലം എം. എസ്.എഫ് കമ്മിറ്റിയുടെ മുഖാമുഖത്തിലാണ് ഇ.ടി മുഹമ്മദ് ബഷീർ കശ്മീരിലെ നേർക്കാഴ്ച പങ്കുവെച്ചത്.
എട്ടു വയസ്സുകാരിയോട് കാണിച്ച ക്രൂരത മാത്രമല്ല അതിന് ശേഷം ആ കുടുംബത്തോട് കാണിക്കുന്ന അവഗണനയും മനുഷ്യത്വമുളള ആർക്കും കണ്ടുനിൽക്കാനാവില്ല. അവർ വസിക്കുന്ന സ്ഥലത്ത് നിന്ന് പോലും അവർക്ക് മാറേണ്ടിയിരിക്കുന്നു. ഖബറടക്കത്തിന് പോലും ആരെയൊക്കെയോ ഭയക്കേണ്ടിയിരിക്കുന്നു. പിഞ്ചു ബാലികയുടെ കുടുംബങ്ങളെ എന്തു പറഞ്ഞ് ആശ്വാസിപ്പിക്കണമെന്ന് അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി. കുടുംബത്തെയും നാട്ടുകാരെയും നേരിൽ കണ്ട് സർവ്വ സഹായവും വാഗ്ദാനം ചെയ്തു.
കാലങ്ങളായി കശ്മീർ ഒരു മുൾമുനയിലാണ് നിൽക്കുന്നത്.അവിടെയാണ് ഇതുപോലുളള ക്രൂരതകളും അരങ്ങേറുന്നത്.ഇത് ഒരു വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിന് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പരിഹാരം കാണണം. വിദ്യാഭ്യസം മാത്രമല്ല ഒരു നേരത്തെ ഭക്ഷണത്തിന് പോലും പൊറുതിമുട്ടുന്നവരെയാണ് കശ്മീർ താഴ്‌വരയിൽ കാണാനാവുന്നത്.കുതിരയെ മേയ്ക്കാൻ പോയ അവളെ ഞങ്ങൾക്ക് അറിയുന്നവർ തന്നെ കൊലപ്പെടുത്തിയതിലാണ് വേദനയെന്ന് രക്ഷിതാക്കൾ പറയുമ്പോൾ അവർ ആരെയാണ് വിശ്വസിക്കുക. ഇന്ത്യയിലെ ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുടെ സംരക്ഷണത്തിൽ നിന്ന് ഭരണ കൂടം ഏറെ പിറകിലായിരിക്കുന്നു. ഫാസിസ്റ്റുകളൾക്കെതിരെയുളള ക്രൂരതക്ക് ശക്തമായ നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. മുസഫർ നഗർ, ജാർഖണ്ട്, അസം തുടങ്ങി സംസ്ഥാനങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഇ.ടി മുഹമ്മദ് ബഷീർ വിശദീകരിച്ചു.
   ജാർഖണ്ടിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ മുന്നേറ്റം ന്യൂനപക്ഷ രാഷ്ട്രീയത്തിനു പുതുപ്രതീക്ഷ പകരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് കാണിച്ചു കൊടുത്തു. 
ഒരു പ്രശ്‌നമുണ്ടാവുമ്പോൾ ഉടൻ വിപ്ലവം എന്ന മുദ്രാവാക്യവുമായി യുവാക്കളെ വഴിതെറ്റിക്കുന്നവരെ കരുതിയിരിക്കണമെന്നും ഇ. ടി പറഞ്ഞു. ഇവർക്ക് അറിയില്ല ഇവർക്ക് ശേഷം വരുന്ന ആപത്ത്. കേരളം പോലുളള സംസ്ഥാനത്ത് ഇത് വലിയ വിപത്തുണ്ടാക്കും.
  എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടുമായ അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി.അഹമ്മദ് ഷാജു, ജില്ലാ പഞ്ചായത്ത് മെമ്പർ ഷറീനാ ഹസീബ്, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ.എം.കെ.സി.നൗഷാദ്, കെ.ടി.സക്കീർ ബാബു, പി.കെ ഷാഹുൽ ഹമീദ്, കെ.എം.ഇസ്മായിൽ നവാസ് ശരീഫ് നിരവധി പേർ സംബന്ധിച്ചു.

Latest News