ഒമ്പതാം ക്ലാസിൽ വെച്ച് സ്കൂൾ പഠനം നിർത്തേണ്ടി വന്നു. വീട്ടിലെ ദാരിദ്ര്യം തന്നെയായിരുന്നു കാരണം. കുടുംബം പോറ്റാൻ വീട്ടിനടുത്തുള്ള ഒരു ചായപ്പീടികയിൽ വെള്ളം കോരാനും പാത്രം കഴുകാനും കുശിനിക്കാരന്റെ സഹായിയാകാനും നിന്നു. തുടർന്ന് എന്തൊക്കെ പണികൾ ചെയ്തു എന്ന് എനിക്ക് തന്നെ അറിയില്ല. തടിമില്ലിലെ ചാപ്പ കുത്തുകാരൻ, അളവുകാരൻ, മരം ചുമട്ടുകാരൻ, ലോറി ക്ലീനർ, രോഗികളുടെ ബൈസ്റ്റാന്റർ, ട്യൂഷൻ മാസ്റ്റർ, മരമില്ലിലെ രാത്രി വാച്ച്മാൻ, പുസ്തക കച്ചവടക്കാരൻ, കണ്ണൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വരിസംഖ്യാ പിരിവുകാരൻ, മാസികയുടെ സബ് എഡിറ്റർ, പിയർലസ് ഏജന്റ്, സ്റ്റോർ കീപ്പർ അങ്ങനെ നിരവധി ജോലികൾ. മാസങ്ങളോളം റേഷൻ പച്ചരിച്ചോറും അമ്പഴങ്ങ മുളകിലിട്ടതും മാത്രമായിരുന്നു ഭക്ഷണം. മൂന്നു നേരവും കഞ്ഞി കിട്ടുന്ന ഒരു കാലമായിരുന്നു അന്നെന്റെ സ്വർഗ സങ്കൽപം.
മലയാള കഥാസാഹിത്യത്തിൽ ആധുനികത അസ്തമയത്തിന്റെ അതിരുകളിലേക്ക് അതിക്രമിക്കുമ്പോഴാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്ന കഥാകാരൻ എഴുത്തിൽ സജീവമാകുന്നത്. ആധുനികതയെ കർക്കശമായി തള്ളിപ്പറയാൻ തയ്യാറായില്ലെങ്കിലും അതിന്റെ നിഴലോ നിലാവോ ഒന്നും തന്റെ കഥകളിൽ കടന്നു വരരുത് എന്ന ഉറച്ച നിഷ്കർഷയുടെ ഉലയാത്ത ഉപാസകനായിരുന്നു അദ്ദേഹം. ആധുനികത അകറ്റി നിർത്തിയ മനുഷ്യ ജീവിതത്തിന്റെ തനിമയെ കഥകളിൽ കരുത്തോടെ തിരിച്ചുപിടിക്കാനാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. ആധുനികതയുടെ കാലത്ത് അന്യം നിന്നുപോയ വായനയെ വീണ്ടുമൊരു വസന്ത കാലത്തിന്റെ ചൈതന്യത്തിലേക്ക് ആവാഹിക്കുന്നതിൽ ഈ എഴുത്തുകാരൻ വഹിച്ച പങ്ക് ചില്ലറയല്ല.
ജീവിക്കുന്ന കാലപരിസരത്തിലേക്ക് കാഴ്ചയെ കൃത്യതയോടെ കുരുക്കിയിടുകയും കഥയുടെ കാതൽ കരുതലോടെ കണ്ടെടുക്കുകയും ചെയ്യുന്ന അസാധാരണ സിദ്ധിവൈഭവമാണ് ഈ കഥാകാരന്റെ കൈമുതൽ. മനുഷ്യ ജീവിതത്തിന്റെ അർഥവും അനർഥവും ആഴത്തിലും പരപ്പിലും സദാ അന്വേഷിക്കുന്ന ഒരു സന്ദേഹിയുടെ മനസ്സ് എഴുതിത്തുടങ്ങിയ കാലം മുതൽ ഇപ്പോൾ, ഏറ്റവും ഒടുവിലെഴുതിയ 'ബ്രഹ്മരക്ഷസ്സ്' എന്ന നോവലിൽ വരെ അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. ഒരു ജീവിതത്തിൽ തന്നെ അനേകം ജീവിത കാലത്തെ അനുഭവങ്ങളുടെ കനൽക്കാടുകൾ കടന്നെത്തിയവനാണ് ഈ കഥാകാരൻ. അതുകൊണ്ടു തന്നെ കഥ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നുമുള്ള വ്യക്തമായ അവബോധവും അദ്ദേഹത്തിനുണ്ട്. മറ്റൊരർഥത്തിൽ ആ അവബോധത്തിന്റെ ഉൾക്കാഴ്ചകൾ നൽകുന്ന ഉൻമാദങ്ങളാണ് ശിഹാബുദ്ദീന്റെ കഥകളെ ജീവസുറ്റതാക്കുന്നത്.
കാലുവെന്ത നായയെ പോലെ നിൽക്കക്കള്ളിയില്ലാതെ നിരന്തരം ഓടിക്കൊണ്ടേയിരിക്കാനാണ് തന്റെ നിയോഗം എന്ന് ശിഹാബുദ്ദീൻ പൊയ്ത്തും കടവ് തന്നെ ഒരിടത്തു രേഖപ്പെടുത്തുന്നുണ്ട്. ആശ്വാസത്തിന്റെ തീരങ്ങൾ അടുത്തെത്തി എന്ന് തോന്നുമ്പോഴും അകലെയായി പോകുന്ന ജീവിത ദുര്യോഗത്തിന്റെ നിഗൂഢതകളിൽ തളരാതെയും തകരാതെയും പിടിച്ചു നിൽക്കാനുള്ള കരുത്തിന്റെ തുരുത്തായിരുന്നു അദ്ദേഹത്തിന് കഥയെഴുത്ത്. അപ്പോഴും ജീവിതത്തെ നിഷേധിക്കാനോ തള്ളിപ്പറയാനോ അദ്ദേഹം തയ്യാറായില്ല. താൻ എഴുത്തിലേക്ക് കടന്നു വന്ന കാലത്തെ കഥാകാരൻമാരിലേറെയും കഥയിലെ ലാവണ്യ ബോധത്തിൽ വ്യാജ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചത് യഥാർഥ ജീവിതം പാടെ അവഗണിച്ചുകൊണ്ടായിരുന്നു എന്നദ്ദേഹത്തിനറിയാം; അത് നിരർഥകമാണെന്നും.
തന്നെ നിരന്തരം നിഷേധിക്കുകയും തോൽപിക്കുകയും ചെയ്യുന്ന പ്ര തികൂല ജീവിത സാഹചര്യങ്ങളെ ക്ഷമയോടെ സഹിച്ചും സ്നേഹിച്ചും വരുതിയിലാക്കുന്ന അസാധാരണ ആർജവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സ്നേഹവും സഹനവും അതിജീവനത്തിന്റെ കരുത്താണെന്ന് അദ്ദേഹം തിരുത്തി. ജീവിതത്തെ നിഷേധിക്കുമ്പോഴല്ല, മറിച്ച് അതിനെ കൂടുതലായി സ്നേഹിക്കുമ്പോഴാണ് ഒരു കഥാകാരനിൽ നിന്നും കാമ്പുള്ള കഥകൾ പിറക്കുന്നത് എന്ന് മലയാളികളെ കഥകളിലൂടെ ബോധ്യപ്പെടുത്തിയ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെക്കുന്നു:
1982 ലാണ് താങ്കളുടെ ഒരു കഥ-'നിസ്സഹായൻ'- ആദ്യമായി ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്നത്. അതു കഴിഞ്ഞിപ്പോൾ മൂന്നര പതിറ്റാണ്ടു തികഞ്ഞു. എന്തു തോന്നുന്നു?
ഇപ്പോഴും ഒരു തുടക്കക്കാരന്റെ പരിഭ്രമവും ആശങ്കയുമായിട്ടാണ് ഞാൻ എഴുതാനിരിക്കാറ്. പരമാവധി കരുതലും തയ്യാറെടുപ്പും നടത്താറുമുണ്ട്. എഴുത്തിൽ നാം സ്വയം പുതുക്കിപ്പണിതുകൊണ്ടേയിരിക്കണം. ആർക്കും വേണ്ടാത്ത ഒരു കണ്ണ്, മലബാർ എക്സ്പ്രസ്, ബ്രഹ്മരക്ഷസ്സ്...മൂന്നു വ്യത്യസ്ത കാലങ്ങളിലായി ഞാനെഴുതിയ ഈ മൂന്നു കഥകൾ സൂക്ഷ്മമായി പിൻതുടരുന്ന വായനക്കാർക്ക് എഴുത്തിൽ ഞാൻ അനുഷ്ഠിക്കുന്ന പ്രമേയപരവും രൂപപരവുമായ വ്യതിയാനം എളുപ്പത്തിൽ മനസ്സിലാകും. എഴുത്തിൽ നമ്മൾ സ്റ്റീരിയോ ടൈപ്പ് ആയിപ്പോകരുത്. അങ്ങനെ സംഭവിച്ചാൽ അതു എഴുത്തുകാരന്റെ ദുരന്തമായിരിക്കും.
ശൈശവവും ബാല്യ-കൗമാരങ്ങളും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും വറുതിയിൽ പൊറുതി മുട്ടി കണ്ണീരു കുടിച്ചാണ് കടന്നുപോയത് എന്നറിയാം. എങ്കിലും ചോദിക്കട്ടെ, താങ്കളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയ അക്കാലത്തെ വായനയെ കുറിച്ച്?
വീട്ടിൽ വായിക്കുന്നവരായി ആരുമുണ്ടായിരുന്നില്ല. പട്ടിണിയും പരിവട്ടവും അതിന്റെ കരുത്തു മുഴുവൻ കാട്ടി ആഘോഷിച്ചു തിമർക്കുന്ന കുടുംബത്തിൽ ആര് എന്ത് വായിക്കാൻ? എങ്കിലും ഉമ്മയും ഉപ്പുമ്മയും (ഉപ്പയുടെ ഉമ്മ) പറഞ്ഞു തന്ന കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അവ എന്റെ ഭാവനയെ വല്ലാതെ ത്രസിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തു. ആയിരത്തൊന്ന് രാവുകളിലെ കഥകളാണ് ഉമ്മ പറഞ്ഞു തന്നിരുന്നത്. 'മൊഹിയുദ്ദീൻമാല' പാട്ടാണ് ഉപ്പുമ്മ കേൾപ്പിച്ചത്. അസാമാന്യ ഇമേജറികളുടെ കലവറയാണ് ഈ കൃതി. ഇന്നും എന്റെ മഹത്തായ ക്ലാസിക്കുകളിൽ ഒന്നാണ് ഈ പുസ്തകം. ഉമ്മയുടെയും ഉപ്പുമ്മയുടെയും കൈകളിലെ കഥകളുടെ സ്റ്റോക്ക് തീർന്നപ്പോൾ കഥാപുസ്തകങ്ങൾ തേടി പലയിടങ്ങളിലും ഞാൻ അലഞ്ഞു. ബാലപ്രസിദ്ധീകരണങ്ങൾ വരുന്ന വായനശാലകളിലേക്ക് ആറും ഏഴും കിലോ മീറ്ററുകൾ നടന്നു പോയിട്ടുണ്ട്. കഥകൾ വായിക്കാനായി ആർത്തി പിടിച്ചു നടന്നൊരു കാലം. അതിനിടയിൽ സ്കൂൾ പഠനം തട്ടിയും മുട്ടിയും ഒരു വിധത്തിൽ നടന്നു പോയി.
ഗൗരവപൂർവമുള്ള വായനയിലേക്ക് കടന്നത്?
നിങ്ങളൊരു പക്ഷേ, പറഞ്ഞാൽ വിശ്വസിക്കില്ല, 18 വയസ്സ് വരെ ഞാൻ ഒരു എഴുത്തുകാരന്റെയും കൃതി പുസ്തക രൂപത്തിൽ വായിച്ചിട്ടില്ല. ചിരിക്കില്ലെങ്കിൽ മറ്റൊരു കാര്യം കൂടി പറയാം, അങ്ങനെ പുസ്തകങ്ങൾ ഉള്ളതു പോലും എനിക്കറിയില്ലായിരുന്നു! പിന്നീട് ആരോ പറഞ്ഞറിഞ്ഞ് വളപട്ടണം പഞ്ചായത്ത് ലൈബ്രറിയിൽ ചെന്നപ്പോൾ ഏതു പുസ്തകം എടുക്കണമെന്നറിയാതെ ഞാൻ പരുങ്ങിയിട്ടുണ്ട്. കാരണം ഒരു ഗ്രന്ഥകാരന്റെയും പേര് എനിക്കറിയില്ല. എങ്കിലും ഒരു പുസ്തകം തപ്പിയെടുത്തു. പേര്- ആനവാരിയും പൊൻകുരിശും. എഴുതിയ ആളുടെ പേര് വൈക്കം മുഹമ്മദ് ബഷീർ. മലയാളത്തിലെ ആ മഹാസാഹിത്യകാരന്റെ പുസ്തകം തന്നെ ആദ്യ വായനയ്ക്ക് തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ഏത് അദൃശ്യ ശക്തിയായിരുക്കും എന്നത് ഇന്നും എനിക്കത്ഭുതമാണ്.
അതിനിടയിൽ കുറേക്കാലം പഠനമൊക്കെ വല്ലാതെ അലങ്കോലപ്പെട്ടു പോയിരുന്നല്ലോ?
ഒമ്പതാം ക്ലാസിൽ വെച്ച് സ്കൂൾ പഠനം നിർത്തേണ്ടി വന്നു. വീട്ടിലെ ദാരിദ്ര്യം തന്നെയായിരുന്നു പ്രധാന കാരണം. കുടുംബം പോറ്റാൻ വീട്ടിനടുത്തുള്ള ഒരു ചായപ്പീടികയിൽ വെള്ളം കോരാനും പാത്രം കഴുകാനും കുശിനിക്കാരന്റെ സഹായിയാകാനും നിന്നു. തുടർന്ന് എന്തൊക്കെ പണികൾ ചെയ്തു എന്ന് എനിക്ക് തന്നെ അറിയില്ല. തടിമില്ലിലെ ചാപ്പ കുത്തുകാരൻ, അളവുകാരൻ, മരം ചുമട്ടുകാരൻ, ലോറി ക്ലീനർ, രോഗികളുടെ ബൈസ്റ്റാന്റർ, ട്യൂഷൻ മാസ്റ്റർ, മരമില്ലിലെ രാത്രി വാച്ച്മാൻ, പുസ്തക കച്ചവടക്കാരൻ, കണ്ണൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വരിസംഖ്യാ പിരിവുകാരൻ, മാസികയുടെ സബ് എഡിറ്റർ, പിയർലസ് ഏജന്റ്, സ്റ്റോർ കീപ്പർ അങ്ങനെ നിരവധി ജോലികൾ. മാസങ്ങളോളം റേഷൻ പച്ചരിച്ചോറും അമ്പഴങ്ങ മുളകിലിട്ടതും മാത്രമായിരുന്നു ഭക്ഷണം. മൂന്നു നേരവും കഞ്ഞി കിട്ടുന്ന ഒരു കാലമായിരുന്നു അന്നെന്റെ സ്വർഗ സങ്കൽപം. അതിനിടയിൽ എങ്ങനെയൊക്കെയോ എസ്എസ്എൽസി പാസായി. അക്കൊല്ലം പൊയ്ത്തും കടവിൽ പരീക്ഷയെഴുതിയവരിൽ ഏറ്റവും കൂടുതൽ മാർക്ക് എനിക്കായിരുന്നു-ഇരുന്നൂറ്റിപ്പത്ത്!
തിക്താനുഭവങ്ങളുടെ ഘോഷയാത്രയായിരുന്നു താങ്കൾക്ക് ജീവിതം. താങ്കളിലെ കഥാകാരനെ ഉരുക്കിയും വിളക്കിയും പത്തര മാറ്റാക്കി തീർക്കുന്നതിൽ അതൊരു വലിയ പങ്കു വഹിച്ചിരിക്കില്ലേ?
തീർച്ചയായും. ഒരുപക്ഷേ, വിധി അത്തരമൊരു നിയോഗം എനിക്കായി കാത്തു വെച്ചതും അതിനു വേണ്ടി തന്നെയായിരിക്കും. പ്രമുഖ നിരൂപകനായ ഡോ. കെ.പി.മോഹനൻ 'സങ്കീർണ ജീവിതത്തിന്റെ വേരു ശിൽപങ്ങൾ' എന്ന പേരിൽ എന്റെ 'മലബാർ എക്സ്പ്രസ്' എന്ന കഥാസമാഹാരത്തിനെഴുതിയ പഠനക്കുറിപ്പിൽ അക്കാര്യം ഉറപ്പിച്ചുകൊണ്ട് ഇങ്ങനെ എഴുതി-'കയ്പേറിയ ജീവിതാനുഭവങ്ങളാണ് ഒരാളെ നല്ല എഴുത്തുകാരനാക്കുന്നതെന്ന് ആരെങ്കിലും നിർബന്ധിച്ചു പറയുകയാണെങ്കിൽ എഴുത്തിന്റെ ആ യോഗ്യത ശിഹാബിന് ധാരാളമായുണ്ട്.'
കഥയെഴുത്തിലേക്ക് വരുന്നതെങ്ങനെയാണ്?
വായിച്ച കഥകളുടെ മാതൃകയിൽ കഥകൾ പറഞ്ഞുകൊണ്ടാണ് തുടക്കം. അതും വളരെ ചെറിയ പ്രായത്തിൽ തന്നെ. സുഹൃത്തുക്കളുടെയും മറ്റും കൂട്ടത്തിലാണ് കഥകൾ പറയുക. കഥകൾ കേൾക്കാൻ ആളില്ലാത്ത സമയത്ത് അവ എഴുതി വെച്ചു. അടിസ്ഥാനപരമായി ഞാനിപ്പോഴും ഒരു കഥ പറച്ചിലുകാരനാണ് എന്നാണെന്റെ വിശ്വാസം. നാട്ടിൽ ഞങ്ങൾ തന്നെ മുൻകൈ എടുത്ത് നടത്തിയ 'ക്രസന്റ് എന്ന കൈയെഴുത്തു മാസികയിലാണ് ആദ്യം കഥയെഴുതിയത്. പതുക്കെ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചു കൊടുക്കാൻ തുടങ്ങി. ഒരുപാട് സമയമെടുത്ത് അനേകം പ്രാവശ്യം വെട്ടിയും തിരുത്തിയും ഒരുവിധം തൃപ്തി തോന്നിയാലേ അയക്കൂ. പക്ഷേ, അവ പോയതിലും വേഗത്തിൽ മടങ്ങി വന്നപ്പോൾ പലപ്പോഴും അമ്പരന്നു പോയിട്ടുണ്ട്; വല്ലാത്ത മനപ്രയാസം തോന്നിയിട്ടുമുണ്ട്. അപ്പോഴാണ് എന്റെ 'നിസ്സഹായൻ' എന്ന കഥ ചന്ദ്രികയുടെ ബാലപംക്തിയിൽ വരുന്നത്. അതോടെ ഞാൻ അംഗീകരിക്കപ്പെട്ടു എന്ന തോന്നലുണ്ടായി. തുടർന്നെഴുതാൻ അത് വലിയ പ്രചോദനമായി.
കഥയെഴുത്ത് ഗൗരവപൂർവം കണ്ടു തുടങ്ങിയതെപ്പോഴാണ്?
കഥയെഴുത്ത് അന്നുമിന്നും എനിക്ക് ഗൗരവപ്പെട്ട കാര്യമാണ്. വാരിവലിച്ച് ഞാൻ കഥകൾ എഴുതിയിട്ടില്ല. താങ്കൾ നേരത്തെ സുചിപ്പിച്ചതു പോ ലെ എഴുത്തിന്റെ മൂന്നര പതിറ്റാണ്ടിനിടയിൽ ഞാനെഴുതിയത് ആകെ 200 ൽ താഴെ കഥകൾ മാത്രമാണ്. അവയിൽ പല കഥകളും ഇനിയും സമാഹരിച്ചിട്ടുമില്ല. ആദ്യ കാലത്ത് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ നല്ല കഥകളെഴുതിയിട്ടും എനിക്കുണ്ടായ ഒരു വല്യ ദുര്യോഗം ആരും ആ കഥകൾ കാര്യമായി ശ്രദ്ധിച്ചില്ല എന്നുള്ളതാണ്. അതിനിടയിലാണ് എന്റെ 'പരിണാമ ദശയിലെ ഒരേട്' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് കലാകൗമുദിയിൽ അതിനെ കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം വന്നു. 'ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ 'പരിണാമ ദശയിലെ ഒരേട്' എന്നൊരു കഥ വായിക്കാനിടയായി. ഇത്രയും മികച്ചൊരു കഥ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല. ആശയവും ഭാഷയും സങ്കേതവുമൊക്കെ ഇക്കഥയിൽ മഹത്തായ ഏകജൈവരൂപമായി മാറുന്നു. എനിക്കൊരിക്കലും ഇങ്ങനെയൊരു കഥയെഴുതാൻ കഴിയില്ല'-പറഞ്ഞത് മലയാള കഥയിലെ കുലപതികളിൽ ഒരാളായ ടി.പത്മനാഭൻ. അതോടു കൂടിയാണ് എന്റെ കഥകൾ വായനക്കാർ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത.് ആ നിലക്ക് ടി. പത്മനാഭൻ എന്ന ഗുരുതുല്യൻ പൊതു ജനമധ്യത്തിൽ കൊളുത്തിയ വിളക്കാണ് ഞാൻ.
കഥയെഴുത്തിന്റെ ആദ്യകാലത്ത് ഒരുപാട് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ടല്ലോ. മത്സരങ്ങൾ കഥയെഴുത്തിന് മാറ്റ് കൂട്ടിയിട്ടുണ്ടോ?
തീർച്ചയായും. മത്സരത്തിലാണ് പങ്കെടുക്കുന്നത് എന്ന ബോധത്തിൽകഥകൾ പരമാവധി ശ്രമിച്ച് മികച്ചതാക്കാറുണ്ട്. നല്ലതെന്ന് എനിക്കു തന്നെ പൂർണ ബോധ്യമുള്ള കഥകളെ മത്സരത്തിനയക്കാറുള്ളൂ. സമ്മാനം കിട്ടുന്ന തുക കൊണ്ട് വീട്ടിലെ ദാരിദ്ര്യത്തിന്റെ കാഠിന്യം അൽപം ഒന്ന് കുറക്കുകയായിരുന്നു പ്രധാന ലക്ഷ്യം. അക്കാലത്തുണ്ടായ ദുഃഖകരമായ ഒരോർമ കൂടി പ ങ്കുവെക്കാം. ഒരിക്കൽ മദ്രാസ് മലയാളി സമാജം നടത്തിയ കഥ-കവിതാ മത്സരങ്ങൾക്കുള്ള സമ്മാന തുകയായി എനിക്ക് 3000 രൂപ കിട്ടി. ആ തുക ചായവണ്ടി കച്ചവടം തുടങ്ങാൻ ഞാൻ ഉപ്പയ്ക്ക് നൽകി. ആദ്യം നല്ല കച്ചവടവും വരുമാനവും കിട്ടി. വീട്ടിലെ കാര്യങ്ങൾ ഒരു വിധം ഭംഗിയായി നടക്കും എന്ന അവസ്ഥയുണ്ടായി. പക്ഷേ, പതുക്കെ ഉപ്പ ഉഴപ്പാൻ തുടങ്ങി. അതോടെ കച്ചവടം പൊളിഞ്ഞു. എന്റെ പണവും പോയി.
അങ്ങനെ മത്സരത്തിനയച്ച ഒരു കഥയിലൂടെ അന്തരിച്ച എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലയെ ഞെട്ടിച്ച ഒരു കഥ കൂടിയുണ്ടായിരുന്നെ ന്നു കേട്ടിട്ടുണ്ട്. അതിനെ കുറിച്ച്?
തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണത്. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം സാഹിത്യ മത്സരങ്ങളിലേക്ക് ഞാൻ കഥകളയച്ചിരുന്നു. കഥാകൃത്തും പത്രപ്രവർത്തകനുമായ ദിനേശൻ കരിപ്പള്ളിയാണ് അന്ന് ക്ലാസിലെ എന്റെ പ്രധാന ചങ്ങാതി. വടകരക്കാരനായ ദിനേശന് അന്നേ പുനത്തിൽ കുഞ്ഞബ്ദുല്ലയുമായി നല്ല അടുപ്പമാണ്. അദ്ദേഹവുമായി ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി അവൻ വന്നു പറയും. ഞാനത് കൊതിയോടെ കേട്ടിരിക്കും. വൈക്കം മുഹമ്മദ് ബഷീർ ഒഴിച്ച് മറ്റൊരു സാഹിത്യകാരനെയും ഞാനന്ന് നേരിൽ കണ്ടിട്ടില്ല. വലിയ അടുപ്പക്കാരെ പോലെ 'കുഞ്ഞീക്ക' എന്നാണ് ദിനേശൻ പുനത്തിലിനെ കുറിച്ച് പറയുക. ആയിടയ്ക്ക,് പുനത്തിൽ ഒരു കഥാമത്സരത്തിന്റെ പ്രധാന ജഡ്ജിയായി പോയപ്പോൾ വായിച്ച ഒരു കഥയെ കുറിച്ച് വലിയ അഭിപ്രായം പറഞ്ഞതായി അവൻ എന്നോട് സൂചിപ്പിച്ചു. കഥ വായിച്ച് താൻ ഞെട്ടിപ്പോയി എന്ന് പുനത്തിൽ പറഞ്ഞത്രെ. കഥയുടെ പ്ലോട്ട് തന്നെ ഏറെ പുതുമയുള്ളതാണ.് ഇടവഴിയിൽ നിന്നും ഒരാൾക്ക് ഒരു കണ്ണ് വീണു കിട്ടുന്നതും അതിന്റെ ഉടമയെ തേടി നടക്കുന്നതുമാണ് കഥ. ഞാനന്ന് ക്ലാസ് നോട്ട് ബുക്കിൽ തന്നെയാണ് കഥകളെഴുതാറ്. ദിനേശൻ പറയുന്നത് കേട്ട് നോട്ടു പുസ്തകം തുറന്ന് ഒരു കഥ കാണിച്ചിട്ടു ഞാൻ ചോദിച്ചു, നിന്റെ കുഞ്ഞീക്ക പറഞ്ഞ കഥ ഇതല്ലേ? 'ആർക്കും വേണ്ടാത്ത ഒരു കണ്ണ്' എന്ന ആ കഥ എഴുതിയത് ഞാനാണ്. ദിനേശൻ അതു വിശ്വസിക്കാനാവാതെ അന്തം വിട്ടിരുന്നു.
താങ്കളുടെ ആദ്യകഥാ സമാഹാരത്തിന്റെ പേരും 'ആർക്കും വേണ്ടാത്ത ഒരു കണ്ണ്' എന്നു തന്നെയല്ലേ?
അതെ. ആ പുസ്തകത്തെ കുറിച്ച് ആഹ്ലാദകരമായ ചില ഓർമകൾ കൂടിയുണ്ട്. കണ്ണൂരിൽ നടന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് മലയാളത്തിലെ രണ്ട് മഹാരഥൻമാരുടെ അപൂർവ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി. പ്രൊഫസർ എം.എൻ. വിജയനായിരുന്നു പുസ്തക പ്രകാശനം നടത്തിയത്. ചടങ്ങിന്റെ അധ്യക്ഷൻ സാക്ഷാൽ ടി. പത്മനാഭനും. അധികം വൈകാതെ പ്രസിദ്ധ എഴുത്തുകാരനായ വിലാസിനിയുടെ ഒരു കത്ത് എനിക്ക് കിട്ടി. കഥകളെ കുറിച്ച് പഠിച്ച് സവിസ്തരം അദ്ദേഹം കത്തിൽ പ്രതിപാദിച്ചിരുന്നു.
പ്രത്യേകിച്ചും 'ആർക്കും വേണ്ടാത്ത ഒരു കണ്ണ്' എന്ന കഥയെ പറ്റി. ഒരു ചെറിയ കഥാകാരനായ എന്നെ മലയാളത്തിലെ വലിയൊരു കഥാകാരൻ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചതായിട്ടാണ് അതു കണ്ടപ്പോൾ എനിക്ക് തോന്നിയത്. താമസിയാതെ ഈയിടെ അന്തരിച്ച കഥാകാരൻ എം. സുകുമാരനിൽ നിന്നും കഥാസമാഹാരത്തെ അഭിനന്ദിച്ചുകൊണ്ട് ഒരു കാർഡ് കിട്ടി. അതിലും 'ആർക്കും വേണ്ടാത്ത ഒരു കണ്ണ്' എന്ന കഥയായിരുന്നു മുഖ്യ വിഷയം. തുടർന്ന് ആ കഥയെ കുറിച്ച് മലയാളത്തിലെ ഏറ്റവും നല്ലൊരു പഠനം എഴുതിക്കൊണ്ട് കഥാകാരനായ എൻ. പ്രഭാകരനും മനസ്സറിഞ്ഞ് എന്നെ അനുഗ്രഹിച്ചു. അങ്ങനെ 'ആർക്കും വേണ്ടാത്ത ഒരു കണ്ണ്' എന്ന കഥ എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.
അനുഭവങ്ങൾ സൃഷ്ടിയിൽ എത്രത്തോളം പ്രചോദനമായിട്ടുണ്ട്?
എന്റെ നാടും വീടും കുടുംബക്കാരും പരിചയക്കാരും അനുഭവങ്ങളു മൊക്കെ തന്നെയാണ് എന്റെ മിക്ക കഥകളിലും വേഷം മാറിയും അല്ലാതെ യും കടന്നു വരുന്നത്. നമ്മുടെ സ്വകാര്യ അനുഭവങ്ങൾ കഥകളുടെ പ്രമേയമാക്കാം എന്നന്നെ പഠിപ്പിച്ചത് ബഷീറാണ്. അപരിചിതമായ കാര്യങ്ങളെ കഥയാക്കാൻ ഞാനധികം ശ്രമിച്ചിട്ടില്ല. '
കാട്ടിലേക്കു പോകല്ലേ കുഞ്ഞേ' എന്ന കഥയിൽ എന്റെ ഉമ്മ തന്നെയാണ് പ്രധാന കഥാപാത്രമായി വരുന്നത്. 'അവിടെ നീ ഉണ്ടാകുമല്ലൊ' എന്ന കഥയിൽ ഉപ്പുമ്മ കടന്നു വരുന്നുണ്ട്. വളപട്ടണത്തെ ഒരു മരമില്ലിൽ മൂന്നര വർഷക്കാലം രാത്രി വാച്ച്മാനായി പണിയെടുത്തതിന്റെ അനുഭവമാണ് 'മരമില്ലിലെ കുറുക്കൻ' എന്ന കഥ. പൊയ്ത്തും കടവ് ഗ്രാമത്തിൽ ഭ്രാന്തനായി അലഞ്ഞു നടന്ന ഒരാളാണ് 'മഞ്ഞുകാലം' എന്ന കഥയിലെ അസൈനാർക്ക.
ഒരു രാത്രി മലബാർ എക്സ്പ്രസ് തീവണ്ടിയുടെ ജനറൽ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തപ്പോൾ കിട്ടിയ ദുരനുഭവങ്ങളാണ് ഏറെ കോളിളക്കം ഉണ്ടാക്കിയ 'മലബാർ എക്സ്പ്രസ്' എന്ന കഥയായി മാറിയത്. കുടുംബത്തിലെ ദാരിദ്ര്യവും പട്ടിണിയും പൊറുതി മുട്ടിച്ച് ജീവിതം വല്ലാതെ ദുസ്സഹമായ സമയത്തെ ചില നിസ്സഹായതകളാണ് 'പരിണാമദശയിലെ ഒരേട്' എന്ന കഥയ്ക്കാധാരം.
ആറു വർഷത്തോളം ഗൾഫിൽ പ്രവാസിയായി (ദുബായിൽ) ജീവിച്ച ഒരാളാണ് താങ്കൾ. ഗൾഫുകാരന്റെ ജീവിതത്തെ കുറിച്ച് മൂർച്ചയുള്ള കുറെ നിരീക്ഷണങ്ങളും താങ്കൾക്കുണ്ട്-എപ്പോഴും തിരിച്ചു പോകാൻ പാകത്തിൽ കെട്ടിവെച്ച പെട്ടിയാണ് ഗൾഫുകാരന്റെ പ്രതീകം, എല്ലാ ഗൾഫുകാരന്റെയും ജീവിതം പണയപ്പെടുത്തിയ ശരീരമാണ്, എന്നിങ്ങനെ വ്യക്തവും വ്യതിരിക്തവുമായ അഭിപ്രായങ്ങൾ. അപ്പോഴും ഗൾഫ് പ്രവാസത്തെ കുറിച്ച് 'രണ്ട് എളേപ്പമാർ' പോലുള്ള ചുരുക്കം ചില കഥകളെ താങ്കൾ എഴുതിയിട്ടുള്ളൂ. എന്തുകൊണ്ട് കൂടുതൽ ഗൾഫു കഥകൾ താങ്കളിൽ നിന്നും ഉണ്ടായില്ല?
ഗൾഫിലെത്തിയാൽ നാം നമ്മുടെ പാസ്പോർട്ട് സ്പോൺസർക്ക് പണയം വെക്കുകയാണ് ആദ്യം ചെയ്യുന്നത്. അതോടെ നമ്മുടെ അസ്തിത്വം നഷ്ടപ്പെടും. അതുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയിൽ മലയാളി ജീവിക്കുന്നത് ഒരു റിയാലിറ്റിയിൽ അല്ലാതായിത്തീരുന്നു. അവനവൻ തന്നെ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്താണ് പിന്നെ അവന്റെ ജീവിതം. അതോടെ മലയാളിക്ക് നഷ്ടമാകുന്നത് അവന്റെ യഥാർഥ മുഖമാണ്. അങ്ങനെ മറ്റൊരു റിയാലിറ്റിയിൽ ജീവിക്കുന്ന മലയാളിയെ കഥയ്ക്ക് വിഷയമാക്കുക എളുപ്പമല്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഏറെ അദ്ധ്വാനവും സമയവും എടുത്ത് ചെയ്യേണ്ട വലിയ വെല്ലുവിളിയുള്ള പണിയാണത്. എങ്കിലും ഗൾഫ് പ്രവാസത്തെ കുറിച്ച് എഴുതണമെന്നത് എപ്പോഴും എന്റെ ആലോചനയിലുള്ള കാര്യമാണ്. ഇപ്പോഴും അതുണ്ട്.
വിമർശന-നിരൂപണ രംഗം തീരെ ശുഷ്കമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. താങ്കളുടേത് ഉൾപ്പെടെ പലരുടെയും കൃതികൾക്ക് ഈ രംഗത്ത് അർഹമായ അംഗീകാരം കിട്ടാതെ പോകുന്നുണ്ട്. ഇത് എന്തുകൊണ്ടാണ്?
ഒരു പ്രസിദ്ധീകരണ വിഭാഗത്തിന്റെ പിര്യോഡിക്കൽസ് എഡിറ്ററായി കുറേക്കാലം ഇരുന്ന അനുഭവം വെച്ച് ചില കാര്യങ്ങൾ പറയാം. ഇന്ന് എഴുത്തുകാരുടെ എണ്ണം വല്ലാതെ വർധിച്ചിട്ടുണ്ട്; പുസ്തകങ്ങളുടെയും. അവ ഇത്രയൊക്കെ വേണമോ എന്നു വരെ നമുക്ക് സംശയം തോന്നാം. പുസ്തകങ്ങളുടെ ഈ ബാഹുല്യത്തിനിടയിൽ ഗുണമേൻമയുള്ള കൃതികൾ പലതും ശ്രദ്ധയിൽ പെടാതെ പോകുന്നു. നല്ലത് കണ്ടെത്തുക എന്നത് വളരെ ശ്രമകരമാണിന്ന്. സർഗാത്മകമായ കഴിവില്ലാത്ത പലരും പലതരം ഗിമ്മിക്കുകളിലൂടെ സാഹിത്യത്തിന്റെ ലൈംലൈറ്റിലേക്ക് അർഹതയില്ലാതെ ഇടിച്ചു കയറി വരുമ്പോൾ അർഹതപ്പെട്ടവർ തഴയപ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് സത്യമെങ്കിലും നിപുണരായ നിരൂപകർക്ക് ഈ പുസ്തകക്കാട്ടിൽ നിന്നും നല്ല കൃതികൾ കണ്ടെത്താൻ കഴിയണം. അതവരുടെ ഉത്തരവാദിതത്തമാണ്.
മൂന്നര പതിറ്റാണ്ടു കാലമായി കഥയെഴുത്തു രംഗത്തു നിൽക്കുന്ന ഒരാളെന്ന നിലയിൽ കഥയെ എങ്ങനെ വിലയിരുത്തുന്നു?
എഴുത്തുകാരൻ സത്യത്തിൽ എഴുതുന്നത് കടലാസിലല്ല, മറിച്ച് വായനക്കാരുടെ ഹൃദയത്തിലാണ്. അഥവാ വായനക്കാരന്റെ ഹൃദയത്തിലേക്ക് കടന്നിരിക്കാനുള്ള ഒരു യജ്ഞമാണ് തന്റെ സർഗ ജീവിതത്തിലൂടെ ഓരോ എ ഴുത്തുകാരനും നടത്തുന്നത്. അതിൽ വിജയിക്കുന്നവനെ കാലവും വായനക്കാരും നെഞ്ചിലേറ്റും. അതിന് നല്ല ജീവിതാനുഭവങ്ങളും സത്യത്തിനു മേലുള്ള കഠിനാധ്വാനവുമല്ലാതെ മറ്റൊരു കുറുക്കു വഴിയുമില്ല. ഈ തിരിച്ചറിവാണ് ഓരോ എഴുത്തുകാരനും അടിസ്ഥാനപരമായി വേണ്ടത്.
എഴുത്തിനെ കുറിച്ച് എപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്ന പ്രാർഥന എന്താണ്?
ഞാനെഴുതുന്ന വാക്കുകൾ വീണ്ടും വീണ്ടും ആലോചിക്കാൻ കഴിയും വിധം വായനക്കാരന്റെ മനസ്സിൽ കുടിക്കൊള്ളണേ എന്ന്. അതിനപ്പുറം ഒരെഴുത്തുകാരന് പിന്നെന്താണ് പ്രാർഥിക്കാനുള്ളത്?