പത്ത് ഇരുപത്തിയഞ്ച് വർഷങ്ങൾക്കപ്പുറം കോഴിക്കോട്ട് പത്രപ്രവർത്തനം നടത്തിയ കാലം. വനിതാ മാധ്യമ പ്രവർത്തകർ തീരെ കുറവായിരുന്നു. പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനെത്തുന്നവരിൽ മൂന്നോ നാലോ പെൺകുട്ടികളുണ്ടാവും. ഇന്ത്യൻ എക്‌സ്പ്രസ്, മാതൃഭൂമി, ജന്മഭൂമി, ദേശാഭിമാനി എന്നീ പത്രങ്ങളിലാണ് ഈ കുട്ടികൾ ലേഖികമാരായി ജോലി ചെയ്തിരുന്നത്. വനിതകളെ തീരെ അടുപ്പിക്കാത്ത പത്രങ്ങൾ വരെയുണ്ടായിരുന്നു.
വനിതാ റിപ്പോർട്ടർമാരിലൊരാൾ എസ്.എഫ്.ഐ സംസ്ഥാന നേതാവിന്റെ സഹോദരി. ആം ചെയർ ജേണലിസം പ്രചാരത്തിലില്ലാത്ത അന്ന് എല്ലാവരും ഫീൽഡിലിറങ്ങി കഠിനാധ്വാനം ചെയ്താണ് വാർത്തകൾ ശേഖരിച്ചിരുന്നത്. പെൺകുട്ടിയുടെ നാട് വളരെ ദൂരെ. ഹോസ്റ്റലിൽ താമസിച്ചേ ജോലി ചെയ്യാനാവൂ. നഗരത്തിലെ മിക്ക വനിതാ ഹോസ്റ്റലുകളിലും വൈകുന്നേരം ആറിന് ശേഷം അന്തേവാസികളെ പ്രവേശിപ്പിക്കില്ല. ഒടുവിൽ ചാലപ്പുറത്തെ വൃദ്ധസദനത്തിൽ താമസിച്ചാണ് അനന്തപുരിക്കാരി പത്രപ്രവർത്തനം നടത്തിയത്. കാലം മാറിയപ്പോൾ വാർത്താ ചാനലുകൾ യഥേഷ്ടം. മിക്ക ചാനലുകളിലും ന്യൂസ് റീഡർമാരിലും റിപ്പോർട്ടരമാരിലും വനിതകളുടെ ആധിപത്യം. പല പത്രങ്ങളിലും പെൺകുട്ടികൾ ജോലി ചെയ്യുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജേണലിസം ഇൻസ്റ്റിറ്റിയൂട്ടുകളിലെ വിദ്യാർഥികളിലും നല്ലൊരു പങ്ക് പെൺകുട്ടികളാണ്. ചില പ്രസ് ക്ലബുകളുടെ ഭാരവാഹിത്വം പോലും വനിതകൾക്കായി. പണ്ട് കാലത്ത് സത്രീകൾക്ക് ഏറ്റവും സൗകര്യപ്രദമായി ജോലി ചെയ്യാവുന്ന രണ്ട് സ്ഥാപനങ്ങളായി ഗണിച്ചിരുന്നത് സഹകരണ ബാങ്കുകളേയും പ്രൈമറി സ്‌കൂളുകളെയുമാണ്. വീട്ടിൽ താമസിച്ച് ജോലിക്ക് ചെന്ന് തിരിച്ചു വരാനുള്ള സൗകര്യം തന്നെ കാരണം. ഇപ്പോൾ ഇതേ വിഭാഗത്തിലേക്ക് ദൃശ്യ മാധ്യമ സ്ഥാപനങ്ങളെയും മാറ്റാമെന്നായി. മിക്ക സ്ഥാപനങ്ങളിലും വനിതകൾക്ക് താമസ സൗകര്യവും കാന്റീനുമെല്ലാമുണ്ട്. സാമൂഹ്യ മാറ്റമൊന്നും തീരെ മനസ്സിലാക്കാത്ത ചില പ്രമാണിമാർ അയൽ സംസ്ഥാനത്തുണ്ടെന്ന് വേണം മനസ്സിലാക്കാൻ. വനിതാ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ തൊട്ട തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് ആദ്യം വിവാദത്തിലായത്. ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് ഗവർണർ കവിളിൽ തട്ടിയത്.
ദ വീക്കിലെ മാധ്യമ പ്രവർത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിലാണ് ബൻവാരിലാൽ പുരോഹിത് സ്പർശിച്ചത്. തുടർന്ന് ബൻവാരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ലക്ഷ്മി സുബ്രഹ്മണ്യൻ ട്വീറ്റ് ചെയ്യുകയായിരുന്നു.
സർവകലാശാല അധികൃതർക്കു വഴങ്ങിക്കൊടുക്കാൻ പെൺകുട്ടികളെ അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തിൽ ബൻവാരിലാലിന്റെ പേര് കൂടി പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ഈ വിഷയവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു 78 കാരനായ ബൻവാരിലാൽ രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ചത്.
'പലവട്ടം ഞാൻ മുഖം കഴുകി. ഇപ്പോഴും അതിൽനിന്ന് മോചിതയാകാൻ സാധിക്കുന്നില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റർ ഗവർണർ ബൻവാരിലാൽ പുരോഹിത്. നിങ്ങൾക്ക് ഒരു പക്ഷേ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ ചെയ്തത് തെറ്റാണ്' -ലക്ഷ്മി ട്വിറ്ററിൽ കുറിച്ചു. അന്തസ്സുള്ള മാധ്യമ പ്രവർത്തകയെ പിന്തുണക്കാൻ എല്ലാരുമെത്തി.
മാധ്യമ പ്രവർത്തകയുടെ കവിളിൽ തമിഴ്‌നാട് ഗവർണർ സ്പർശിച്ച സംഭവത്തിൽ വിവാദമായ ഫേസുബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് നടനും ബി ജെ പി നേതാവുമായ എസ് വി ഇ ശേഖർ വെങ്കട്ടരാമനാണ് പിന്നീട് കുടുങ്ങിയത്.
വിദ്യാഭ്യാസവും വിവേകവുമില്ലാത്ത വൃത്തികെട്ട ജീവികളാണ് മാധ്യമ പ്രവർത്തകരെന്നും, തമിഴ്‌നാട്ടിലെ മാധ്യമ രംഗത്ത് ഇവർ ധാരാളമുണ്ടെന്നും, സർവകലാശാലകളേക്കാൾ കൂടുതലായി ലൈംഗിക ചൂഷണങ്ങൾ നടക്കുന്നത് മാധ്യമ മേഖലയിലാണെന്നും, ഇവരാണ് ഗവർണറെ ചോദ്യം ചെയ്യുന്നതെന്നും പോസ്റ്റിൽ പറയുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് വെങ്കട്ടരാമൻ ഡിലീറ്റ് ചെയ്തു. മാധ്യമ പ്രവർത്തകയുടെ കവിളിൽ ഗവർണർ സ്പർശിച്ച സംഭവം വിവാദമായതോടെ ഗവർണർ ബൻവാരിലാൽ പുരോഹിത് മാപ്പ് പറയുകയും ചെയ്തിരുന്നു.
*** *** ***
സമൂഹ മാധ്യമങ്ങൾ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് ഇതിന് മുമ്പും ഈ പംക്തിയിൽ സൂചിപ്പിച്ചിട്ടുണ്ട്. സെലിബ്രിറ്റികളെ കൊന്നും ഇല്ലാ കഥകൾ പ്രചരിപ്പിച്ചും രസം കണ്ടെത്തുന്നവരുടെ വിഹാര രംഗമാണിത്. പത്രങ്ങളിലോ, ചാനലുകളിലോ ഉള്ളത് പോലെ നിയന്ത്രിക്കാനും ശുദ്ധീകരിക്കാനും സത്യമാണെന്ന് ഉറപ്പ് വരുത്താനും ഗേറ്റ് വേ മാൻ ഇല്ലെന്നതാണ് ഇവയുടെ ഏറ്റവും വലിയ പരിമിതി. വടക്കൻ കേരളത്തിൽ കഴിഞ്ഞ ആഴ്ച പ്രശ്‌നം സൃഷ്ടിച്ച അപ്രഖ്യാപിത ഹർത്താൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് സൃഷ്ടിച്ചെടുത്തത്. അണിയറയിൽ ഇങ്ങനെയൊരെണ്ണം രൂപപ്പെടുന്നുവെന്ന് തിരിച്ചറിയാൻ നമ്മുടെ രഹസ്യ പോലീസിന് കഴിഞ്ഞില്ലെന്നത് ഇന്റലിജൻസ് വീഴ്ചയും. സോഷ്യൽ മീഡിയ ദുരുപയോഗത്തെ ആസ്പദമാക്കി മനോരമ ന്യൂസിൽ നടന്ന ചർച്ച ശ്രദ്ധേയമായി. ഏപ്രിൽ പിറന്ന ശേഷം എത്രയെത്ര ഹർത്താലുകളാണ് കേരളത്തിലരങ്ങേറിയത്. പല പേരുകളിലും പ്രാദേശിക തലത്തിലുമായി കടയടച്ച്, വഴി മുടക്കി നടത്തുന്ന ഏർപ്പാട് ആളുകളെ ബുദ്ധിമുട്ടിക്കുക എന്നതിൽ കവിഞ്ഞ് ഒരു നേട്ടവുമുണ്ടാക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി സംഘടിപ്പിക്കുകയെന്ന ഏർപ്പാട് ഒട്ടും പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതിന്റെ സംഘാടകർക്ക് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മുൻകൂട്ടി അനൗൺസ് ചെയ്യാമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ അനേകം പേർ കൈമാറുന്ന സന്ദേശങ്ങളെയാണ് വൈറൽ എന്ന ഓമന പേരിട്ട് വിളിക്കുന്നത്. ഇക്കഴിഞ്ഞ വാരത്തിലും കണ്ടു അങ്ങനെ ചിലത്. കശ്മീരിലെ പെൺകുട്ടി മരിക്കുന്നതിന് മുമ്പ് പാട്ട് പാടുന്നുവെന്ന പേരിൽ പ്രചരിച്ചത് ഏതോ സമ്പന്ന ഗൃഹത്തിലെ കുട്ടിയായിരുന്നു.
പെൺകുട്ടിയുടെ വിലാപ യാത്രയെന്ന അടിക്കുറിപ്പോടെ പ്രചരിച്ചത് മറ്റൊരു ജനാസയുടെ വീഡിയോയായിരുന്നു. എട്ട് വയസ്സുകാരിയുടെ പിതാവെന്ന പേരിൽ ഒരാൾ ബി.ജെ.പിയെ ന്യായീകരിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. തുർക്കി ഇസ്താംബൂൾ വിമാനത്താവളത്തിലെ ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് യാഥാർഥ്യമായിരുന്നുവെങ്കിൽ അന്താരാഷ്ട്ര വാർത്താ ഏജൻസികളും അത് കണ്ട് റിപ്പോർട്ട് ചെയ്യുമായിരുന്നു.
*** *** ***
ചാനലുകൾ നില നിൽക്കാൻ റേറ്റിങ് കൂടിയേ തീരൂ. റേറ്റിങ് കൂട്ടാനായി വൈവിധ്യമാർന്ന പരിപാടികളാണ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത്. വിജയ് ടി.വിയിലെ ബിഗ് ബോസ്, കളേഴ്‌സിലെ എങ്ക വീട്ട് മാപ്പിളൈ, ഏഷ്യാനെറ്റിലെ ഡെയർ ദി ഫിയർ തുടങ്ങിയ റിയാലിറ്റി ഷോകൾ മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്. ചാനലുകൾക്ക് പുറമെ ആമസോൺ പ്രൈം വീഡിയോ, യൂ ട്വൂബ് പോലുള്ള ഡിജിറ്റൽ മേഖലയിലും ഇത്തരം ഷോകൾ നടക്കുന്നുണ്ട്. പുതിയൊരു പരിപാടിക്കു തുടക്കമിട്ടിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ. അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയർ മി, ലവ് മി എന്ന ഷോയുടെ അവതാരകയായി എത്തുന്നത് നടി ശിൽപ ഷെട്ടിയാണ്. ഇതൊരു സാധാരണ റിയാലിറ്റി ഷോ അല്ലെന്നാണ് ശിൽപ ഷെട്ടിയുടെ അവകാശ വാദം. പ്രണയം, റൊമാൻസ്, ഡേറ്റിങ് എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ഈ ഷോയിലൂടെ കഴിയുമെന്നാണ് ഷോയുടെ സംവിധായകൻ വിജയ് സുബ്രഹ്മണ്യം പറയുന്നത്.
*** *** ***
അമ്പതാണ്ട് ഇന്ത്യൻ മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന മുതിർന്ന പത്രപ്രവർത്തകൻ, ബിജെപിക്ക് രാജ്യത്ത് അടിത്തറ പണിയുന്നതിൽ മുഖ്യ കാർമ്മികനായ, പല സംസ്ഥാന സർക്കാരുകൾ രൂപീകരിച്ചതിൽ മുഖ്യ പങ്ക് വഹിച്ച ടിവിആർ ഷേണായി പിന്നിട്ട വാരത്തിൽ വിടപറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി അദ്ദേഹത്തെ മറന്നോ എന്ന് സംശയിക്കുന്നവരുണ്ട് ഇന്ദ്രപ്രസ്ഥത്തിൽ.
മണിപ്പാൽ ആശുപത്രിയിൽ 17 ന് വൈകിട്ട് അന്തരിച്ച ടിവിആർ ഷേണായിയുടെ മൃതദേഹം കേരള ഹൗസിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആദരവുകളോടെ പൊതുദർശനത്തിനു വെച്ചു. ബിജെപിയുടെ സുരേഷ് പ്രഭു, ബൽവീർ പുഞ്ച്, ബാലശങ്കർ എന്നിവർ മാത്രമേ എത്തിയുള്ളൂ. എൽ കെ അദ്വാനി ലോദി റോഡ് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. മറ്റൊരു പ്രധാന ബിജെപി നേതാക്കളോ, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളോ തിരിഞ്ഞ് നോക്കിയില്ല. അദ്ദേഹത്തോടൊപ്പം സായാഹ്ന ചർച്ചകളിലും കൂട്ടായ്മയിലും നിറഞ്ഞാടിയ പ്രമുഖരാരും ദൽഹിയിലുണ്ടായിട്ടും വന്നതുമില്ല.
*** *** ***
ഇന്ത്യയിലെ ടെലിവിഷൻ ഉപഭോക്താക്കൾ ഏതൊക്കെ ചാനലുകൾ കാണുന്നു, അതിന്റെ തോതെത്ര തുടങ്ങിയ വിവരങ്ങൾ ഇനി കേന്ദ്ര സർക്കാരിനും അറിയണം. ഇതിനായി ടെലിവിഷൻ സെറ്റ് ടോപ് ബോക്‌സുകളിൽ പ്രത്യേകം തയാറാക്കിയ ചിപ്പുകൾ സ്ഥാപിക്കാൻ ട്രായ് കമ്പനികൾക്ക് നിർദേശം നൽകി. മിക്ക ടെലിവിഷൻ സർവ്വീസ് പ്രൊവൈഡർമാരും ചിപ്പുകൾ ബോക്‌സുകൾക്കുള്ളിൽ സ്ഥാപിക്കാനായി തയ്യാറെടുത്തു. ഏതൊക്കെ ചാനലുകൾ കാണുന്നു, അത് എത്ര നേരം കാണുന്നു തുടങ്ങി ടെലിവിഷൻ ചാനൽ റേറ്റിംഗിൽ ലഭ്യമാക്കുന്നതിനു സാമാനമായ വിവരങ്ങൾ ആധികാരികമായി ശേഖരിക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി എന്നാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നൽകുന്ന വിശദീകരണം. കമ്പനികൾ പുതുതായി നൽകുന്ന സെറ്റ് ടോപ് ബോക്‌സുകളിലായിരിക്കും ചിപ്പുകൾ ഘടിപ്പിക്കുക. ഇത് നടപ്പിലാക്കുന്നതോടു കൂടി പരസ്യ ദാതാക്കൾക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി (ഡിഎവിപി) ക്കും കൃത്യമായ രീതിയിൽ ധന വിനിയോഗം നടത്താനാകും എന്നാണ് ട്രായ് പറയുന്നത്.
ഈ നടപടി വ്യക്തികളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും നടപടിയെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലുകൾ കണ്ടെത്തി അവയിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകി മുതലെടുപ്പ് നടത്താനാണ് ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുന്നതെന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.
*** *** ***
നരേന്ദ്ര മോഡിയുണ്ടെങ്കിൽ പിന്നെ വാട്‌സാപ്പിന്റെയും ഫേസ്ബുക്കിന്റെയും ആവശ്യമില്ലെന്ന് കോൺഗ്രസ് സാമൂഹിക മേധാവി ദിവ്യസ്പന്ദന. രാജ്യത്ത് വ്യാജ വാർത്താ പ്രചാരണത്തെ നയിക്കുന്നത് മോഡിയാണെന്നും അതിനാൽ ബി.ജെ.പിക്ക് സോഷ്യൽ മീഡിയയുടെ ആവശ്യമില്ലെന്നും ദിവ്യ സ്പന്ദന പറഞ്ഞു. ഇന്ത്യയിൽ മോഡിയും അമേരിക്കയിൽ ട്രംപും തെരഞ്ഞെടുക്കപ്പെട്ടതിൽ വ്യാജ വാർത്തകൾക്ക് പങ്കുണ്ടെന്ന് വ്യക്തം. കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരിക്കുന്ന വ്യാജ വാർത്തകളെ പ്രതിരോധിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ദിവ്യ പറഞ്ഞു. എന്നാൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പ്രധാനമന്ത്രി തന്നെയാവുമ്പോൾ എന്തു ചെയ്യാനാകും? മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അവർ ചോദിച്ചു.