തിരുവനന്തപുരം- സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 30 കേന്ദ്രങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനുള്ള നടപടികളും ആരംഭിച്ചു. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടുന്നതിനുള്ള പ്രതിഫലം 200 രൂപയില്‍നിന്ന് 300 രൂപയായി തദ്ദേശ വകുപ്പ് വര്‍ധിപ്പിച്ചു. ജില്ലാതലത്തില്‍ അപേക്ഷ ക്ഷണിച്ച് താല്‍പര്യമുള്ളവരെ എംപാനല്‍ ചെയ്ത് പരിശീലനം നല്‍കാനാണ് തീരുമാനം.
എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി തദ്ദേശമൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് ബ്ലോക്കുകള്‍ക്ക് കീഴില്‍ ഒരു ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രം എന്ന തോതില്‍ നടപ്പാക്കാനാണ് തീരുമാനം. പദ്ധതിക്കായി കുറഞ്ഞത് 150 പട്ടിപിടിത്തക്കാരുടെ സേവനം ആവശ്യമാണ്. എല്ലാ കോര്‍പറേഷനുകളിലും ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും. മുനിസിപ്പാലിറ്റികള്‍ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്നോ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രം ആരംഭിക്കണം.
സംസ്ഥാനത്ത് 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 മുതല്‍ 2021 വരെ കുടുംബശ്രീ മുഖേന 79,426 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്നാണ് കുടുംബശ്രീ മുഖേനയുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞത്. വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഒന്നിന് തുടങ്ങി 15 വരെ തുടരും. പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്താലേ വളര്‍ത്തുനായ്ക്കള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കൂ.