കണ്ണൂർ- ഇൻഡിഗോ വിമാനകമ്പനി ക്ഷമാപണം എഴുതി നൽകിയാൽ ബഹിഷ്‌കരണം അവസാനിപ്പിക്കുമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ ഇൻഡിഗോ മാപ്പു പറഞ്ഞുവെന്നും ഇക്കാര്യം എഴുതി നൽകിയാൽ ബഹിഷ്‌കരണം അവസാനിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു. മുംബൈയിലുള്ള മലയാളി റീജ്യണൽ മാനേജറാണ് മാപ്പ് പറഞ്ഞതെന്നും ജയരാജൻ വ്യക്തമാക്കി.
നിയമസഭയിലെ കയ്യാങ്കളി കേസ് അവസാനിപ്പിക്കാനാകില്ലെന്ന ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും കൂടുതൽ തെളിവുകൾ നൽകാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. നേതാക്കളെ യു.ഡി.എഫ് എം.എൽ.എമാർ അക്രമിച്ചപ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നും ജയരാജൻ ചോദിച്ചു.
ഇൻഡിഗോയിൽ യാത്ര ചെയ്യുകയായിരുന്ന മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇനി മുതൽ ഇൻഡിഗോയിൽ താനും കുടുംബവും യാത്ര ചെയ്യില്ലെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇൻഡിഗോ മാപ്പു എഴുതി നൽകിയാൽ ബഹിഷ്‌കരണം അവസാനിപ്പിക്കുമെന്നാണ് ജയരാജൻ വ്യക്തമാക്കുന്നത്.