മക്ക - പുണ്യതീര്‍ഥമായ സംസം വെള്ളം ഇരു ഹറമുകളിലും വെച്ച് കുടിക്കുമ്പോള്‍ ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള വിശ്വാസികള്‍ ഏതാനും കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സംസം കുടിക്കാന്‍ മറ്റുള്ളവരുമായി തിക്കുംതിരക്കുമുണ്ടാക്കാതെ ക്ഷമയോടെ കാത്തിരിക്കണം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കുകയും വേണം.
നിറഞ്ഞൊഴുകുന്നതും നിലത്ത് ചിന്തിപ്പോകുന്നതും ഒഴിവാക്കി സംസം സൂക്ഷിക്കണം. സംസം കുടിക്കാന്‍ ഉപയോഗിക്കുന്ന കപ്പുകള്‍ പ്രത്യേകം നിശ്ചയിച്ച കൊട്ടകളില്‍ ഉപേക്ഷിക്കണം. സംസം വിതരണ ടാപ്പുകളില്‍ നിന്നും മറ്റു സംസം സ്രോതസ്സുകളില്‍ നിന്നും നമസ്‌കാരത്തിനുള്ള അംഗശുദ്ധി (വുദു) വരുത്തരുത്. ഹറമിന് പുറത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ വെച്ച് വുദു ചെയ്യുന്നത് ഹറമിന്റെ ശുചിത്വം നിലനിര്‍ത്തുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.