Sorry, you need to enable JavaScript to visit this website.

സൗദി സന്ദര്‍ശിക്കാന്‍ ജി.സി.സി പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വിസ

റിയാദ്-  സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ജി.സി.സിയിലെ താമസക്കാര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍  വഴി ഇ-വിസക്ക് അപേക്ഷിക്കാമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ജി.സി.സിയിലെ പ്രവാസികള്‍ക്ക് എളുപ്പം വിസ നേടുന്നതിനും സൗദി സന്ദര്‍ശിക്കുന്നതിനും സഹായകമാകുന്നതാണ് പുതിയ തീരുമാനം.   

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനമായതായാണ് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.  ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ഇ വിസ ലഭ്യമാക്കുക. ഷന്‍ജന്‍, അമേരിക്ക, യു.കെ വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ടൂറിസം വിസ ലഭിക്കും. കൂടുതല്‍ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ ടൂറിസം നിയമഭേദഗതി പ്രകാരമാണ് പുതിയ നടപടികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ റസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കണമെങ്കില്‍ അവരുടെ റസിഡന്റ് പെര്‍മിറ്റില്‍ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കാലാവധി വേണം. സൈറ്റില്‍ വ്യക്തമാക്കിയ പ്രൊഫഷനുകാര്‍ക്ക് മാത്രമാണ് വിസ ലഭിക്കുക. ഏറ്റവും അടുത്ത ബന്ധുക്കളെയും വീട്ടുവേലക്കാരെയും കൂടെ കൊണ്ടുവരാം.
അമേരിക്ക, യുകെ. ഷെന്‍ജന്‍ വിസയുള്ളവര്‍ ഒരിക്കലെങ്കിലും വിസയുള്ള രാജ്യത്ത് ഇറങ്ങിയ ശേഷമേ സൗദിയിലേക്ക് സന്ദര്‍ശക വിസ ലഭിക്കുകയുള്ളൂ. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും അവരെ അനുഗമിക്കാവുന്നതാണ്. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഹജ് സീസണില്‍ ഹജ്ജോ ഉംറയോ ചെയ്യാന്‍ അനുവാദമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് വിസിറ്റ്‌സൗദി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ-വിസകള്‍ അനുവദിക്കുക. ഇവിടെ ക്ലിക്ക് ചെയ്യാം 

ഇതിനായുള്ള ലിങ്ക് സൈറ്റില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അടുത്ത ദിവസം തന്നെ ലിങ്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

 

 

 

 

Latest News