Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഡാറ്റാ സെന്റര്‍ ആരംഭിച്ചു

ദോഹ- ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും മൈക്രോസോഫ്റ്റും ഖത്തറിലെ ആദ്യത്തെ ക്ലൗഡ് ഡാറ്റാ സെന്റര്‍ റീജിയന്‍ ഉദ്ഘാടനം ചെയ്തു.വിവരസാങ്കേതിക വിദ്യയില്‍ ഖത്തറിന് വന്‍ വന്‍മുന്നേറ്റത്തിന് സഹായകമാകുന്ന പദ്ധതിയാണിത്.

ഖത്തര്‍ ഗവണ്മെന്റുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് ഖത്തറില്‍ സ്ഥാപിക്കുന്ന ക്‌ളൗഡ് ഡാറ്റ സെന്റര്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് 18 ബില്ല്യണ്‍ ഡോളറിന്റെ നേട്ടം നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ 36,000 ഡാറ്റാ സെന്റര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മൈക്രോസോഫ്റ്റ് ഖത്തര്‍ ജനറല്‍ മാനേജര്‍ ലന ഖലഫ് അഭിപ്രായപ്പെട്ടു.

ലോകത്ത്, പ്രാദേശിക, ആഗോള തലങ്ങളില്‍ ഖത്തറിന്റെ മത്സരശേഷി വര്‍ധിപ്പിക്കുകയും ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് അനുസൃതമായി വിവര സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തിന് സഹായകമാവുകയും ചെയ്യുന്ന , ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയയില്‍ രാജ്യത്തിന്റെ മുന്‍നിര സ്ഥാനം ഉറപ്പിക്കാന്‍ ഈ കേന്ദ്രത്തിന് കഴിയും. ക്‌ളൗഡ് ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതോടെ മേഖലയിയും ലോകത്തിലും ഖത്തര്‍ ഒരു ഡിജിറ്റല്‍ കേന്ദ്രമായി മാറും.

ഭാവിയിലേക്കുള്ള ഖത്തറിന്റെ ഡിജിറ്റല്‍ യാത്ര  എന്ന തലക്കെട്ടിലുള്ള ലോഞ്ചിംഗ് ചടങ്ങില്‍ ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് അടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

അമേരിക്കക്ക് പുറത്ത് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്ന ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് ഖത്തറിലെ ക്‌ളൗഡ് ഡാറ്റ സെന്റര്‍. കമ്പനികളുടെയും ഗവണ്മെന്റുകളുടെയും സ്ഥാപനങ്ങളുടെയും സെര്‍വറുകള്‍ സൂക്ഷിക്കുന്ന വലിയ വെയര്‍ ഹൗസുകളാണ് ക്‌ളൗഡ് ഡാറ്റ സെന്റര്‍.

പുതിയ മൈക്രോസോഫ്റ്റ് ക്ലൗഡ് ഡാറ്റാ സെന്റര്‍ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണം കൈവരിക്കുന്നതിനും കഴിവുകള്‍ വളര്‍ത്തുന്നതിനും രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്

 

Latest News