Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യക്ക് വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി 

കുറഞ്ഞ കാലം കൊണ്ട് സൗദി അറേബ്യക്ക് വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുമ്പെന്നത്തേക്കാളും ഏറെ പ്രാധാന്യം സൗദി ഭരണകർത്താക്കൾ വിദ്യാഭ്യാസത്തിനു നൽകാൻ തുടങ്ങിയതോടെയാണിത്. രാജ്യത്തിന് ആവശ്യമായ മനുഷ്യ വിഭവശേഷി രാജ്യത്തു തന്നെ ഉണ്ടെന്നിരിക്കേ അതിന് അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനം സാധ്യമാക്കുന്നത്.

 

സൗദി അറേബ്യയുടെ വിദ്യാഭ്യാസ രംഗം സമൂലം മാറുകയാണ്. കാലാനുസൃതമായി ഒരു സമൂഹത്തെ എങ്ങനെ വാർത്തെടുക്കണമെന്ന ദീർഘദൃഷ്ടിയോടു കൂടിയ പരിഷ്‌കരണ നടപടികളുമായാണ് പുതിയ അധ്യന വർഷത്തിന് സൗദിയിൽ തുടക്കമിട്ടിട്ടുള്ളത്. രാജ്യത്തെ സ്‌കൂളുകളിലും സർവകലാശാലകളിലുമായി അറുപത് ലക്ഷത്തിലേറെ വിദ്യാർഥികളാണ് പഠിക്കുന്നത്. സൗദിയുടെ കരുത്ത് തന്നെ യുവതയാണ്. അവരുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നടപടികളിലാണ് ഭരണകർത്താക്കൾ. അതിനനുസൃതമായി കരിക്കുലത്തിലും പഠനശൈലിയിലും മാത്രമല്ല, വിദ്യാർഥികളുടെ ക്ഷേമ കാര്യങ്ങളിലും സ്‌കൂൾ, കുടുംബ അന്തരീക്ഷത്തിലുമെല്ലാം അതീവ ശ്രദ്ധ ചെലുത്തിയാണ് മാറ്റങ്ങളും പുത്തൻ ആശയങ്ങളും നിർദേശങ്ങളുമെല്ലാം പുതിയ അധ്യന വർഷത്തിൽ കൊണ്ടുവന്നിട്ടുള്ളത്. അന്താരാഷ്ട സമൂഹത്തോടൊപ്പം ഏതു രീതിയിലും മത്സരിക്കാൻ പ്രാപ്തരാകുന്ന സമൂഹമാണ് ഓരോ ചുവടുവെപ്പിലും ലക്ഷ്യമിടുന്നത്. 
ഈ വർഷം മുതൽ എലിമെന്ററി ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നുവെന്നതാണ് ഇതിൽ പ്രധാനം. ഇംഗ്ലീഷിൽ ചെറുപ്പം മുതലെ കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.  ചില പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചും ചില പുസ്തകങ്ങളിൽ പുതിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയും കരിക്കുലത്തിലും വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനു പുറമെ പുതിയ പാഠ്യപദ്ധതികൾ അവതരിപ്പിച്ചും വികസിപ്പിച്ചും വിവിധ ശൈലികളും അവലംബിക്കുന്നുണ്ട്.   ഡിജിറ്റൽ പാഠ്യപദ്ധതികൾക്ക് കരിക്കുലത്തിൽ ഏറെ പ്രാധാന്യം നൽകിയിരിക്കുന്നു. പഠനം പൂർത്തിയായാലുടൻ തൊഴിൽ വിപണിയിൽ നേരിട്ട് പ്രവേശിക്കാൻ സാധ്യമാകും വിധമുള്ള നൈപുണ്യ ശാക്തീകരണമാണ് പുതിയ പാഠ്യപദ്ധതികളുടെ പ്രത്യേകത. നേരത്തെ സർവകലാശാല തലത്തിൽ പഠിപ്പിച്ചിരുന്ന സാമ്പത്തിക മാനേജ്‌മെന്റ്, എൻജിനീയറിംഗ്, ഡാറ്റാസയൻസ് വിഷങ്ങൾ സെക്കണ്ടറി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. വിഷയ കേന്ദ്രീകൃതമായ ഉന്നത പഠന വേളയിൽ ഇത് വിദ്യാർഥികൾക്ക് ഏറെ ഗുണം ചെയ്യുമെന്നു മാത്രമല്ല, സെക്കണ്ടറി പൂർത്തിയായാൽ തന്നെ തൊഴിൽ നൈപുണ്യം കരസ്ഥമാക്കാനും ഇതുപകരിക്കും. തൊഴിലധിഷ്ഠിത പാഠ്യപദ്ധതികൾക്ക് ഏറെ പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. മൂന്നു ടേം പഠന രീതിക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. പരീക്ഷണം ഗുണകരമാണെന്ന് വിലയിരുത്തിയ സാഹചര്യത്തിൽ അത് ഈ വർഷവും തുടരാനും തീരുമാനിച്ചിരിക്കുകയാണ്.
നേരത്തെ ചെറിയ ക്ലാസിൽ പോലും ആൺകുട്ടികളെ പഠിപ്പിക്കാൻ പുരുഷൻമാരായ അധ്യാപകരെയും പെൺകുട്ടികളെ പഠിപ്പിക്കാൻ അധ്യാപികമാരെയുമാണ് ചുമലതപ്പെടുത്തിയിരുന്നത്. ഇതിൽ ചെറിയ ക്ലാസുകളിൽ കഴിഞ്ഞ വർഷങ്ങളിൽ തന്നെ മാറ്റം വരുത്താൻ തുടങ്ങിയിരുന്നു.  അതു തുടർന്നുകൊണ്ട് ഈ അധ്യയന വർഷം മുതൽ എലിമെന്ററി നാലാം ക്ലാസിലെ വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപികമാർക്ക് അനുമതി നൽകിയിട്ടുണ്ട്.  കഴിഞ്ഞ വർഷങ്ങളിൽ പടിപടിയായി ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപികമാരെ അനുവദിച്ചിരുന്നു. ഇത് വിജയകരമായിരുന്നു. ഈ സാഹചര്യത്തിലാണ്  ഈ അധ്യയന വർഷം മുതൽ നാലാം ക്ലാസിലെ വിദ്യാർഥികളെ പഠിപ്പിക്കാനും അധ്യാപികമാരെ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. 
കുട്ടികളുടെ ഭക്ഷണ രീതിയിലും ഏറെ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. സ്‌കൂളിലേക്ക് വരുന്നതിനു മുൻപ് ആരോഗ്യകരമായ ഭക്ഷണം കുട്ടികൾക്കു നൽകണമെന്ന നിർദേശവും ഇതു സംബന്ധിച്ച ബോധവൽക്കരണവും സ്‌കൂൾ തുറക്കുന്നതിനു മുൻപു തന്നെ രക്ഷിതാക്കൾക്ക് നൽകിയിരുന്നു. ജംഗ്ഫുഡിനെ കുട്ടികൾ ആശ്രയിക്കുന്നത് പരമാവധി കുറക്കുകയാണ് ലക്ഷ്യം. 
സ്‌കൂൾ ബാഗുകളുടെ തൂക്കം വിദ്യാർഥികളുടെ ശരീര ഭാരത്തിന്റെ പതിനഞ്ചു ശതമാനത്തിൽ കവിയാൻ പാടില്ലെന്നും നിർദേശമുണ്ട്. ഭാരം പല ഭാഗത്തായി ക്രമീകരിക്കാൻ സാധിക്കും വിധം ബാഗുകളിൽ ഒന്നിലധികം അറകളുണ്ടായിരിക്കണമെന്നും ട്രോളി ബാഗുകൾ പാടില്ലെന്നും നിർദേശങ്ങളിൽ പറയുന്നു. ബാഗുകളുടെ ഭാരക്കൂടുതൽ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് ഇത്തരമൊരു നിർദേശം. വിദ്യാലയങ്ങളിൽ കുട്ടികളെ എത്തിക്കുന്നതിന് പൊതു ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിനും ഇക്കുറി ഏറെ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ 27,000 ബസുകളാണ് റോഡിലിറക്കിയിരിക്കുന്നത്. ഇതു പത്തു ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് യാത്ര സൗകര്യമൊരുക്കും. ഘട്ടം ഘട്ടമായി ഇതു വർധിപ്പിക്കാനാണ് നീക്കം. കുട്ടികൾ ഏറെയും ആശ്രയിച്ചിരുന്നത് സ്വകാര്യ വാഹനങ്ങളെയായിരുന്നു. ഇതു മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുത്താണ് ബസ് സൗകര്യത്തിന് കൂടുതൽ പരിഗണന നൽകാൻ തുടങ്ങിയത്. വികലാംഗരായ വിദ്യാർഥികൾക്ക് സ്‌കൂളിലെത്താനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 30,000 വികലാംഗ വിദ്യാർഥികളെ സ്‌കൂളുകളിലെത്തിക്കാൻ നാലായിരിത്തോളം കാറുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് വളരെ നേരത്തെ തന്നെ രജിസ്‌ട്രേഷൻ സംവിധാനവും ഒരുക്കിയിരുന്നു. 

കുറഞ്ഞ കാലം കൊണ്ട് സൗദി അറേബ്യക്ക് വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻപെന്നത്തേക്കാളും ഏറെ പ്രാധാന്യം സൗദി ഭരണകർത്താക്കൾ വിദ്യാഭ്യാസത്തിനു നൽകാൻ തുടങ്ങിയതോടെയാണിത്. രാജ്യത്തിന് ആവശ്യമായ മനുഷ്യ വിഭവശേഷി രാജ്യത്തു തന്നെ ഉണ്ടെന്നിരിക്കേ അതിന് അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ രംഗത്ത് സമഗ്ര വികസനം സാധ്യമാക്കുന്നത്. വിദേശ സർവകലാശാലകളിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന കഴിവുറ്റ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നുണ്ട്. വർഷംതോറും ആയിരക്കണക്കിനു സൗദി വിദ്യാർഥി, വിദ്യാർഥിനികളാണ് വിദേശ സർവകലാശാലകളിൽനിന്നു പഠനം പൂർത്തിയാക്കി വരുന്നത്. ഇവർക്കെല്ലാം അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുന്നതിലും സർക്കാർ അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ഇതിനു പുറമെ വിദേശ സർവകശാലകളുമായി സഹകരിച്ചും രാജ്യത്തെ സർവകലാശാലകളിൽ വൻ വികസനം സാധ്യമാക്കിയും കഴിവുറ്റ ഫാക്കൽറ്റികളെ നിയമിച്ചുമെല്ലാം പുതിയ തലമുറയെ ഏതൊരു സമൂഹവുമായും മത്സരിക്കാൻ പ്രാപ്തരാക്കി മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ രാജ്യത്ത് നടന്നു വരുന്നത്. ഇത് സൗദിയെ വരും നാലുകളിൽ കൂടുതൽ തിളക്കമറ്റതാക്കും. 

Latest News