കൽപറ്റ- മൂപ്പൈനാട് പഞ്ചായത്ത് ഓൺഗ്രിഡ് മാതൃകയിൽ സ്ഥാപിച്ച സോളാർ പ്ലാന്റിൽ ഉൽപാദിപ്പിച്ച വൈദ്യുതിയിൽ 1200 യൂനിറ്റ് ഇതിനകം കെ.എസ്.ഇ.ബിക്ക് നൽകി. ഫെബ്രുവരിയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എയാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് ഓഫീസിന്റെ മേൽക്കൂരയിലാണ് കെ.എൽ.എസ്.ജി.ഡി.പി പ്രൊജക്ടിൽ ഉൾപ്പെടുത്തി പ്രതിദിനം 10 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന സോളാർ പ്ലാന്റ് സ്ഥാപിച്ചത്. ദിവസം ഏകദേശം നാലു മുതൽ ആറു കിലോവാട്ട് വരെ വൈദ്യുതിയാണ് പഞ്ചായത്ത് ഓഫീസിൽ ഉപയോഗിക്കുന്നത്.
ബാക്കി വൈദ്യുതിയാണ് കെ.എസ്.ഇ.ബിക്ക് നൽകുന്നത്. 6,80,000 രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചത്. ആയിരം ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥാപിച്ച സോളാർ പാനലുകൾ, 10 കിലോ വാട്ട് ശേഷിയുള്ള ഗ്രിഡ് ഇൻവെർട്ടർ, നെറ്റ് മീറ്റർ സംവിധാനം, സോളാർ റീഡിംഗ് മീറ്റർ എന്നിവ പ്ലാന്റിന്റെ ഭാഗമാണ്.
രണ്ടു മാസം കൂടുമ്പോൾ 30,000 രൂപ വരെയാണ് വൈദ്യുതി ചാർജായി പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് നൽകിയിരുന്നത്. പ്ലാന്റ് പ്രവർത്തനം തുടങ്ങിയതോടെ ഈയിനത്തിൽ 23,000 രൂപയിലധികം ലാഭിക്കാൻ കഴിഞ്ഞു. സോളാർ പ്ലാന്റ് കെ.എസ്.ഇ.ബി ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഓൺഗ്രിഡ് സംവിധാനം. ഓഫ്ഗ്രിഡ് രീതിയിലും സോളാർ വൈദ്യുതി ഉപയോഗിക്കാം.