തൃശൂര്‍- മകന്റെ മുന്നിലിട്ട് അച്ഛനെ കുത്തിക്കൊലപ്പെടുത്തുകയും മകനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തവും ഏഴ് വര്‍ഷം കഠിന തടവും ആറ് മാസം വെറും തടവും രണ്ടു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
കുറുമ്പിലാവ് കോട്ടം പൊലിപ്പറമ്പ് കോളനി റോഡില്‍ വച്ച് കോലിയന്‍ വീട്ടില്‍ പ്രഭാകരനെ കുത്തി കൊലപ്പെടുത്തുകയും മകന്‍ പ്രനീഷിനെ കുത്തി മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി പുതുതറവാട്ടില്‍ ശശിയെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി. കെ. മിനിമോള്‍ ശിക്ഷിച്ചത്.
2017 ജൂണ്‍ 28 ന് ആണ് സംഭവം നടന്നത്.
പ്രഭാകരനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും പ്രഭാകരന്റെ മകന്‍ പ്രനീഷിനെ മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഏഴു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതിന് ആറ് മാസം തടവും അയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ തെളിവില്‍ ഹാജരാക്കുകയും ചെയ്തു. ആറു തൊണ്ടിമുതലുകള്‍ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഹാജരാക്കി. സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തുന്നതിന് സാക്ഷിയാവുകയും മാരകമായി പരിക്കേറ്റ് വധശ്രമത്തിന് ഇരയാവുകയും ചെയ്ത പ്രനീഷിന്റെ സാക്ഷിമൊഴി കേസില്‍ നിര്‍ണായകമായി.
പ്രനീഷിന്റെ മുറിവ് വയറിനകത്തേക്ക് തുളഞ്ഞിറങ്ങിയിരുന്നതായും മരണം സംഭവിക്കാന്‍ സാധ്യതയുള്ളതായിരുന്നു മുറിവെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോടതി മുമ്പാകെ തെളിവ് നല്‍കിയിരുന്നു. വധശ്രമകുറ്റം തെളിയിക്കുന്നതിന് പ്രനീഷിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി അതിനിര്‍ണായകമായിരുന്നു.
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലാണ് ദൃക്‌സാക്ഷികള്‍ സംഭവം കണ്ടത്. സംഭവസ്ഥലത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ സ്ട്രീറ്റ് ലൈറ്റ് ഘടിപ്പിച്ചിരുന്നതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അസിസ്റ്റന്റ്‌റ് എന്‍ജിനിയറെയും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് വിസ്തരിക്കുകയുണ്ടായി. രക്തസാമ്പിളുകള്‍ ശേഖരിച്ച സയന്റിഫിക് ഓഫീസറെയും രാസപരിശോധന നടത്തിയ അസിസ്റ്റന്റ് ഡയറക്ടറെയും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും വിസ്തരിക്കുകയുണ്ടായി.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഭിഭാഷകരായ അമീര്‍ കെ. എ, വിഷ്ണുദത്തന്‍ പി.ആര്‍ എന്നിവര്‍ ഹാജരായി.
ചേര്‍പ്പ് പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഗുരുവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മനോജ് കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തത് ചേര്‍പ്പ് എസ്.ഐ ആയിരുന്ന എ.അനന്തകൃഷ്ണനാണ്. ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ജോബി പോള്‍, ഗ്രേഡ് എ.എസ്സ്.ഐ എ.സജിപാല്‍ എന്നിവരാണ് പ്രോസിക്യൂഷന്‍ നടപടികളെ ഏകോപിപ്പിച്ചത്.