Sorry, you need to enable JavaScript to visit this website.

ജില്ലതോറും വിമാനത്താവളവാദത്തിൽ ഉറച്ച് മഞ്ഞളാംകുഴി അലി


ജില്ലതോറും വിമാനത്താവളം നിർമിച്ച് കെ-റെയിലിന് പകരമാകണമെന്ന നിർദേശം കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ച ലീഗ് അംഗം മഞ്ഞളാംകുഴി അലിക്ക് മുഖ്യമന്ത്രിയിൽനിന്ന് നിറയെ പരിഹാസ വാക്കുകൾ ലഭിച്ചിരുന്നു. വിജയിച്ച വ്യവസായി എന്ന് പരിചയപ്പെടുത്തിയ ശേഷമായിരുന്നു അന്ന് അലിയെ പിണറായി വിജയൻ കളിയാക്കിയത്. താനേത് നാട്ടു കാരനാണ് എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ സംസാരത്തിന്റെ ധ്വനി. തോട്ടിൻ കരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും എന്ന് പണ്ട് അടൂർ ഭാസി 'സ്ഥാനാർഥി സാറാമ്മ' യിൽ പാടിയ കാലത്തോട് ചേർന്ന് നിന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ആന്ധ്ര സംസ്ഥാനം ജില്ലതോറും വിമാനത്താവളം എന്ന ആശയത്തിലേക്ക് കടന്ന കാര്യം എടുത്തു പറഞ്ഞ അലി തന്റെ വാദത്തിന് ഇന്നലെ അടിക്കുറിപ്പെഴുതി. അമേരിക്കയിൽ ഇരുപതിനായിരത്തിനടുത്ത് വിമാനത്താവളമുണ്ടെന്ന കണക്കും ബിൽ ചർച്ചയിൽ അവസരമൊത്തപ്പപ്പോൾ അലി മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. പൊല്ലാപ്പു പിടിച്ച കെ-റെയിലല്ല വിമാനത്താവളം പോലുള്ള ബദലാണ് ശരി. മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അവതരിപ്പിച്ച ബില്ലിന്റെ ചർച്ചയിലായിരുന്നു അലിയുടെ ഇടപെടൽ. പാർട്ടി സെക്രട്ടറി സ്ഥാനത്തെത്തിയ ഗോവിന്ദൻ മാസ്റ്റർക്ക് അലിയുടെ വക വിജയാശംസ. സി.പി.എമ്മിന്റെ മുൻ സഹചാരിയായ അലിയുടെ ആശംസക്ക്  ഗോവിന്ദൻ മാസ്റ്റർ ഒന്നും പ്രതികരിച്ചു കേട്ടില്ല. 
സ്ഥാനം ലഭിച്ച നാൾ മുതൽ ഗോവിന്ദൻ മാസ്റ്ററെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.
മന്ത്രിസ്ഥാനം രാജിവെക്കുകയാണെങ്കിൽ മന്ത്രിയെന്ന നിലക്കുള്ള നിയമ സഭയിലെ അവസാന ജോലികളാണ് അദ്ദേഹം ഇപ്പോൾ നിർവഹിക്കുന്നത്. നിയമസഭ അംഗത്വം രാജിവെക്കുമോ എന്ന കാര്യം അടുത്ത ദിവസം തീരുമാനിക്കും. 
 കേരളത്തിൽ അതി ഭീകരമാം വണ്ണം വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ നിയമസഭ പക്ഷം മറന്ന് യോജിക്കുന്നതാണ് ഇന്നലെ കേട്ടത്. വിഷയം അവതരിപ്പിച്ച കോൺഗ്രസ് അംഗം പി.സി. വിഷ്ണു നാഥിനെ അഭിനന്ദിച്ച മുഖ്യമന്ത്രി മയക്കുമരുന്നു വ്യാപനത്തിനെതിരെ സ്വീകരിക്കാൻ പോകുന്ന നടപടികൾ ദീർഘമായി വിവരിച്ചു. പിന്തുണ പ്രസംഗവുമായെഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മനസ്സിൽ നാല് വയസ്സുമുതൽ തന്റെ മടിയിലിരുന്ന് കളിച്ച മിടുമിടുക്കനായ ഒരു കുട്ടിയാണിപ്പോഴും. എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അവനിപ്പോൾ മയക്കുമരിന്നിനടിമയായി ജീവിതത്തിൽ നിന്ന് തിരിച്ചു നടക്കുകയാണ്. ഭയത്തോടെയാണ് സഭ മയക്കുമരുന്നിന്റെ ഭീകരത വിവരിക്കുന്നത് കേട്ടത്. തങ്ങളുടെ വീടകങ്ങളിലേക്കും ഒരുനാൾ കയറിയെത്തുന്ന മയക്കുമരുന്നടിമകളായ ആൺ കുഞ്ഞുങ്ങളെക്കുറിച്ചും, പെൺകുഞ്ഞുങ്ങളെപ്പറ്റിയും അവരെല്ലം ഉൾക്കിടലത്തോടെ ഓർത്തിരിക്കാം.  യു.ഡി.എഫ് പ്രത്യേകമായി യോഗം ചേർന്ന് മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിനായി ഒപ്പം നിൽക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനവും സഭയിൽ കേട്ടു. കാർ ഓവർടേക്ക് ചെയ്ത് അമിത വേഗത്തിൽ പോകുന്ന ബൈക്ക് തടഞ്ഞു നിർത്താൻ പോലും പറ്റില്ലെന്ന് സതീശൻ എല്ലാവരെയും ഓർമിപ്പിച്ചു. ബൈക്കിലുള്ളത് മയക്ക് മരുന്നടിമയാണെങ്കിൽ പറയുന്നവരെ എന്തും ചെയ്തുകളയും. ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ച് അമ്മയെ കൊല്ലുന്ന മക്കൾ അത് ചെയ്യുന്ന ഘട്ടത്തിൽ അവർ അവരായിരിക്കില്ല. അവർ കഴിച്ച മരുന്നാണ് അത് ചെയ്യുന്നത്. 
 സംസ്ഥാനത്തെ ക്ഷേത്രങ്ങളേയും വരുമാനത്തേയും സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജി ഇന്ദുമൽഹോത്ര നടത്തിയ പരാമർശത്തിനെതിരെ നിയമസഭയിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ക്ഷോഭിച്ചു. കമ്യൂണിസ്റ്റുകാർ ക്ഷേത്രങ്ങൾ കയ്യടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നും പറഞ്ഞത് അടിസ്ഥാന രഹിതമാണ്. അനുചിതമായ പരാമർശമാണ് അവർ നടത്തിയത്.   
അഞ്ച് ദേവസ്വം ബോർഡുകളാണ് സംസ്ഥാനത്ത് ഉള്ളത്, ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങളേയും ദേവസ്വം ബോർഡുകളേയും സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്.   തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശം വന്നത്. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നായിരുന്നു ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന. താനും യു.യു. ലളിതും ചേർന്നാണ് ഈ നീക്കം തടഞ്ഞെതെന്ന് അവർ വീഡിയോയിൽ ഹിന്ദുമത വിശ്വാസി പക്ഷം ചേരുന്നുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിന്റെയും, സ്വത്തുക്കളുടെയും അവകാശം രാജകുടുംബത്തിന് കൂടി ഉള്ളതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു.യു. ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബെഞ്ചായിരുന്നു. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധിയിൽ വിയോജിപ്പറിയിച്ച് അന്ന് തന്നെ ജസ്റ്റിസ് ഇന്ദു മൽഹോത്ര തന്റെ പക്ഷം വെളിപ്പെടുത്തിയിരുന്നു.
നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിൽ ആരോഗ്യമന്ത്രി വീണ ജോർജിന് താക്കീത് നൽകിയെന്ന റിപ്പോർട്ടുകളിൽ സ്പീക്കർ എം.ബി. രാജേഷ് പ്രത്യേക വിശദീകരണം നൽകി.   
ശാസന, താക്കീത് എന്നൊക്കെ ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ല. മന്ത്രിയുടെ തെറ്റല്ല സംഭവിച്ചത് -സ്പീക്കർ എം.ബി. രാജേഷ് മന്ത്രി വീണ ജോർജിനെ ആശ്വസിപ്പിച്ചു.  

Latest News