Sorry, you need to enable JavaScript to visit this website.

മല്ലന്മാർ ജിദ്ദയിൽ; ഗോദയൊരുക്കി ജിദ്ദ

ജിദ്ദ- പ്രൊഫഷനൽ ഗുസ്തിയിലെ സമീപ കാലത്തെ ഏറ്റവും വലിയ പോരാട്ടത്തിന് സൗദി അറേബ്യ ഒരുങ്ങി. ജിദ്ദയിൽ വെള്ളിയാഴ്ചയാണ് ഗുസ്തി ലോകം കാത്തിരിക്കുന്ന പോരാട്ടം. ട്രിപ്പിൾ എച്ചും ജോൺ സീനയുമുൾപ്പെടെ പ്രമുഖ ഗുസ്തിക്കാർ ജിദ്ദയിലെത്തി. അമ്പതോളം പോരാട്ടങ്ങൾക്കാണ് കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സ്റ്റേഡിയം വേദിയാവുക. പ്രമുഖ ഗുസ്തിക്കാർക്കൊപ്പം പോരാടാൻ സൗദി താരങ്ങളും തീവ്ര പരിശീലനത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവസരം കിട്ടുക. എന്റർടയ്ൻമെന്റ് ഗുസ്തി ഡബ്ല്യു.ഡബ്ല്യു.ഇയുടെ ചരിത്രത്തിലാദ്യമായാണ് ഈ വർഷത്തെ ഏറ്റവും വലിയ മാമാങ്കമായി സൗദിയിൽ പ്രത്യേക റോയൽ റംബ്ൾ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രണ്ട് മണിയോടെ പോരാട്ടം ആരംഭിക്കും. മത്സരത്തിന്റെ ടിക്കറ്റുകൾ ബുധനാഴ്ച മുതൽ സലാം മാളിലും അറേബ്യൻ മാളിലും റെഡ്‌സീ മാളിലും കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിലും ലഭ്യമാണ്. 
പ്രധാന പോരാട്ടങ്ങൾ ഇവയാണ്: യൂനിവേഴ്‌സൽ ചാമ്പ്യൻഷിപ്പ് ബ്രോക് ലെസ്‌നറും റോമൻ റെയ്ൻസും തമ്മിൽ. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻഷിപ്പിനായി എ.ജെ. സ്റ്റൈൽസും ഷിൻസുകെ നകാമുറയും തമ്മിൽ, ഇന്റർകോണ്ടിനന്റൽ ചാമ്പ്യൻഷിപ്പിനായി സേത് റോളിൻസ്, ദ മിസ്, ഫിൻ ബാലർ, സമോവ ജോ, ബോബി ലാഷ്‌ലി എന്നിവർ തമ്മിൽ, യുനൈറ്റഡ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനായി ജെഫ് ഹാർഡിയും ജിൻഡർ മഹലും തമ്മിൽ, 
ജോൺ സീനയും ട്രിപ്പിൾ എച്ചും തമ്മിലും അണ്ടർടെയ്ക്കറും റുസേവും തമ്മിലുമുള്ള പോരാട്ടങ്ങൾക്കായിരിക്കും ആരാധകർ കാത്തിരിക്കുന്നത്. ഡാനിയേൽ ബ്രയാൻ, ക്രിസ് ജെറിക്കൊ, കുർട് ആംഗിൾ, ബ്രോൺ സ്‌ട്രോമാൻ, ബ്രേ വ്യാറ്റ്, ബിഗ് ഷോ, കെയ്ൻ, ബാരൺ കോർബിൻ, ഡോൾഫ് സിഗ്‌ലർ തുടങ്ങി വൻ താരനിര മത്സരത്തിൽ പങ്കെടുക്കും. സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക മത്സരങ്ങൾക്കാണ് വെള്ളിയാഴ്ച വേദിയുണരുക. 
 

Latest News