ദോഹ- ഖത്തറില്‍ നാളെ മുതല്‍ വീണ്ടും മാസ്‌ക് നിബന്ധന ഒഴിവാക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരീ ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആരോഗ്യ സംവിധാനങ്ങള്‍ക്കുള്ളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ഫേസ് മാസ്‌ക് ധരിക്കണമെന്ന് മന്ത്രി സഭ നിര്‍ദേശിച്ചു.
അടച്ച സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി ഇടപെടേണ്ടി വരുന്നഎല്ലാ ജീവനക്കാരും തൊഴിലാളികളും അവരുടെ ജോലി സമയത്ത് മാസ്‌ക് ധരിക്കണമെന്ന് കാബിനറ്റ് കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ ഇത് രണ്ടാം തവണയാണ് മാസ്‌ക്കഴിക്കുന്നത്. രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി മെയ് 18 ന് മാസ്‌ക്കഴിക്കുവാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജൂലൈ ആദ്യത്തോടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുകയായിരുന്നു.
നിലവില്‍ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. രാജ്യം ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളാന്‍ ഒരുങ്ങുകയുമാണ്.