Sorry, you need to enable JavaScript to visit this website.

കോഴിക്കോട് മെഡി. കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനം, സ്ത്രീയുടെ കൈയില്‍ പിടിച്ചെന്ന് പരാതി

കോഴിക്കോട് - മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനം. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മര്‍ദിച്ചുവെന്നാണ് പരാതി.
സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. സുരക്ഷാ ജീവനക്കാരില്‍ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ആക്രമണത്തില്‍ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കര്‍ എന്നീ മൂന്ന് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നവരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നതായാണ് ആരോപണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനും മര്‍ദനമേറ്റു. ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് വിശദമായ മൊഴിയെടുത്തു. സുരക്ഷാ ജീവനക്കാരന്‍ കൈയില്‍ കയറിപ്പിടിച്ചെന്ന് ആരോപിച്ച് സ്ത്രീയും പരാതി നല്‍കിയിട്ടുണ്ട്.

 

Latest News