Sorry, you need to enable JavaScript to visit this website.

കേരളത്തില്‍  ഈ വര്‍ഷം 16,228 ലഹരി  മരുന്ന് കേസുകള്‍-  മുഖ്യമന്ത്രി

തിരുവനമ്പുരം- സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥാണ് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 2022 ല്‍ മാത്രം 16,228 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു. ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വര്‍ധിച്ചുവെന്നും തടയാന്‍ ഫലപ്രദമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 2022 ല്‍ മാത്രം 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ഥിരം ലഹരിക്കേസില്‍ പെടുന്നവരെ കരുതല്‍ തടങ്കലിലാക്കും. പോലീസും എക്‌സൈസും ഒരുമിച്ചുള്ള നടപടികള്‍ ഉണ്ടാകും. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്.അത് സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. കേസില്‍ ഉള്‍പ്പെടുന്നവരുടെ ഹിസ്റ്റര്‍ ഷീറ്റ് തയാറാക്കി സൂക്ഷിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Latest News