റിയാദ്- സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി യുവാക്കളെ സൗദി വേഷം ധരിക്കുന്നതിന് നിർബന്ധിക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശം നൽകി. സ്വകാര്യ മേഖലാ ജീവനക്കാരായ സൗദി യുവതികൾ ആഡംബരം കുറച്ച്, മാന്യമായ വസ്ത്രം ധരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
അടുത്തിടെ തായിഫിലെ ഷോപ്പിംഗ് മാളിൽ നടത്തിയ സന്ദർശനത്തിനിടെ സ്വദേശി ജീവനക്കാർ സൗദി വേഷം ധരിക്കാത്തത് ഗവർണറുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സ്വദേശി യുവാക്കൾ സൗദി വേഷം ധരിക്കാത്തതിനെ ക്കുറിച്ച് സന്ദർശനത്തിനിടെ ഗവർണർ ആരായുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ നിർദേശം. മക്ക പ്രവിശ്യയിലെ മുഴുവൻ നഗരങ്ങളിലും തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് പതിവായി നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നതിന് ഗവർണറേറ്റ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ, വാണിജ്യ, നിക്ഷേപ മന്ത്രാലയ ശാഖ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കർമ സമിതി രൂപീകരിക്കുന്നതിനും ഗവർണർ നിർദേശിച്ചു.
രണ്ടു മാസം മുമ്പ് തായിഫിലെ ഷോപ്പിംഗ് മാളിൽ മക്ക ഗവർണർ നടത്തിയ സന്ദർശനത്തിനിടെ പാന്റും കോട്ടും ധരിച്ച് സൗദി യുവാക്കൾ ജോലി ചെയ്യുന്നതായാണ് ഗവർണറുടെ ശ്രദ്ധയിൽ പെട്ടതെന്ന് മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സുൽത്താൻ അൽദോസരി പറഞ്ഞു. ഇതേക്കുറിച്ച് ഗവർണർ അപ്പോൾ തന്നെ യുവാക്കളോട് ആരാഞ്ഞു. ഇതിനു മറുപടിയായി പാന്റും കോട്ടും ധരിച്ച് ജോലിക്ക് ഹാജരാകണമെന്ന് കമ്പനി നിർദേശമുള്ളതായി യുവാക്കൾ ഗവർണറെ അറിയിക്കുകയും ചെയ്തു.
വിദേശ വേഷം ധരിക്കുന്നതിന് സൗദി യുവാക്കളെ കമ്പനികൾ നിർബന്ധിക്കുന്നതിനുള്ള കാരണങ്ങൾ പഠിക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിക്കുന്നതിന് അപ്പോൾ തന്നെ ഗവർണർ നിർദേശിച്ചിരുന്നു. ഈ കമ്മിറ്റി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരെ സൗദി വേഷം ധരിക്കുന്നതിനും സൗദി വനിതകളെ മാന്യമായ വസ്ത്രം ധരിക്കുന്നതിനും നിർബന്ധിക്കുന്നതിന് ഗവർണർ ഉത്തരവിട്ടതെന്ന് സുൽത്താൻ അൽദോസരി പറഞ്ഞു.