മക്ക-പുതിയ മോഡല്‍ എ.ടി.എം തട്ടിപ്പില്‍ മലയാളിക്ക് പണം നഷ്്ടമായി. മക്കയിലെ സിത്തീന്‍ നുസ്ഹയിലാണ് സംഭവം. രാത്രി ഒമ്പതു മണിയോടെ അല്‍ രാജ്ഹി ബാങ്കിന്റെ എ.ടി.എമ്മില്‍ സുഹൃത്തിന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എത്തിയ മലായളിക്കാണ് 1400 റിയാല്‍ നഷ്്ടമായത്.
പണം ട്രാന്‍സ്ഫര്‍ ചെയ്ത് എ.ടി.എമ്മില്‍നിന്ന് മടങ്ങുമ്പോള്‍ രണ്ട് പേര്‍ 500 റിയാല്‍ കാണിച്ച് തിരിച്ചുവിളിക്കുകയായിരുന്നു. എ.ടി.എമ്മിനടത്തുനിന്ന് കിട്ടിയതാണും 500 റിയാല്‍ നിങ്ങളുടേതാണെന്നും പറഞ്ഞാണ് അറബ് വംശജരായ രണ്ടുപേര്‍ തന്നെ വീണ്ടും എ.ടി.എം കൗണ്ടറിലെത്തിച്ചതെന്ന് മലയാളി പറഞ്ഞു. സംശയമൊന്നും തോന്നാത്തതിനാല്‍ അവരുടെ സാന്നിധ്യത്തില്‍ തന്നെ കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് പരിശോധിച്ച് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചു.
വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അക്കൗണ്ടില്‍നിന്ന് 5000 റിയാല്‍ പിന്‍വലിച്ചതായുള്ള എസ്.എം.എസ് ലഭിച്ചത്. പഴ്‌സിലെ എ.ടി.എം കാര്‍ഡ് നോക്കിയപ്പോള്‍ അത് തന്റേതല്ലെന്ന് മനസ്സിലായി. ഉടന്‍ തന്നെ ബാങ്കിനടുത്ത് എത്തിയപ്പോള്‍ അവിടെ പോലീസ് വാഹനവും ഒരു സ്ത്രീയുമുണ്ടായിരുന്നു. തന്നെ പോലെ കബളപ്പിക്കപ്പെട്ട സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് 3600 റിയാല്‍ തന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താണ് 5000 റിയാല്‍ പിന്‍വലിച്ചതെന്ന് മലയാളി പറഞ്ഞു.
പോലീസ് വിശദമായ പരാതി രേഖപ്പെടുത്തിയെന്നും സി.സി.ടി.വികള്‍ ഉള്ളതിനാല്‍ തട്ടിപ്പുകാര്‍ പിടിയിലാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
500 റിയാല്‍ തന്റേതല്ലെന്ന് ഉറപ്പിച്ചുപറഞ്ഞിട്ടും തന്നെ എ.ടി.എമ്മിലേക്ക് തിരികെ കൊണ്ടുപോയി തന്റെ കാര്‍ഡ് കൈക്കലാക്കി മറ്റൊരു കാര്‍ഡ് നല്‍കിയത് മാജിക്ക് പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.