Sorry, you need to enable JavaScript to visit this website.

നേതാക്കൾ ജയിക്കുമ്പോൾ  പാർട്ടി തോൽക്കുന്നു

അടിയന്തരാവസ്ഥയിൽ സ്വീകരിക്കേണ്ട അടിയന്തര രാഷ്ട്രീയ നിലപാട് സംബന്ധിച്ച ന്യൂനപക്ഷ അഭിപ്രായം ഉയർത്തിപ്പിടിച്ചാണ് സി.പി.എമ്മിന്റെ സ്ഥാപക സെക്രട്ടറി പി സുന്ദരയ്യ രാജിവെച്ചത്. ഫാസിസ്റ്റ് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ബി.ജെ.പി - നരേന്ദ്രമോഡി ഗവണ്മെന്റിനെ നേരിടുന്നതു സംബന്ധിച്ച അടിയന്തര രാഷ്ട്രീയ നിലപാടും അടവുനയവുമായി ബന്ധപ്പെട്ടാണ് സി.പി.എമ്മും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിസന്ധിയിലായത്. 
ഇത് കേവലം അടവുനയത്തിന്റെ ഭൂരിപക്ഷ - ന്യൂനപക്ഷ സ്വഭാവം കൊണ്ടല്ല.  പാർട്ടി സെന്ററും പോളിറ്റ് ബ്യൂറോയും നേരിടുന്ന ഗുരുതരമായ ആശയ വൈരുദ്ധ്യത്തിന്റെ ഭാഗമാണ്. മാത്രവുമല്ല, ജനറൽ സെക്രട്ടറിയും പാർട്ടിയുടെ വലിയ ഘടകങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെയും പ്രശ്‌നമാണ്.  
1975 ഓഗസ്റ്റ് 28 ന് ജനറൽ സെക്രട്ടറി സ്ഥാനവും പി.ബി അംഗത്വവും  രാജിവെച്ച് പി. സുന്ദരയ്യ പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മറ്റി അംഗങ്ങൾക്കയച്ച കത്തിൽ ഇക്കാര്യം പ്രവചനമെന്നോണം ചൂണ്ടിക്കാട്ടിയിരുന്നു. അതുൾക്കൊള്ളുന്ന പ്രതിസന്ധിയാണ് നേരത്തെ പ്രകാശ് കാരാട്ടിനെയും ഇപ്പോൾ സീതാറാം യെച്ചൂരിയെയും ജനറൽ സെക്രട്ടറി പദവിയിൽ വിഭാഗീയമായി വിഴുങ്ങിയത്. സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരമായും തകർത്തത്.
അടിയന്തരാവസ്ഥയെ നേരിടാൻ ജനസംഘവുമായി  യോജിച്ചതിലുള്ള വിയോജിപ്പടക്കം പരസ്യ പ്രവർത്തനത്തോടൊപ്പം ഒളിപ്രവർത്തനം രൂപപ്പെടുത്തണമെന്നതടക്കമുള്ള ഏഴ് വിഷയങ്ങളിലുള്ള വിയോജിപ്പാണ് സുന്ദരയ്യ രാജിക്കത്തിൽ അക്കമിട്ടു പറഞ്ഞത്. അതിൽ അടിയന്തര രാഷ്ട്രീയ നിലപാടും അതിനു വേണ്ട അടവു നയവും എന്നതിനോടൊപ്പം  ഏഴാമത് ചൂണ്ടിക്കാട്ടിയ വിഷയമാണ് അന്നും ഇന്നും സി.പി.എമ്മിനെ വേട്ടയാടുന്നത്.  
അത് സുന്ദരയ്യ വിശദീകരിക്കുന്നതിങ്ങനെ: ഒന്ന്, അടിയന്തരാവസ്ഥ പോലുള്ള ഒരു സ്ഥിതിയിൽ രാഷ്ട്രീയവും സംഘടനാപരവുമായ സമവീക്ഷണമില്ലാത്ത ഒരു പി.ബി നേതൃത്വം പാർട്ടി കേന്ദ്രത്തിൽനിന്നു പ്രവർത്തിക്കുന്നത് ശരിയല്ല.  
രണ്ട്, കേന്ദ്ര കമ്മറ്റിയിൽ ഭൂരിപക്ഷമില്ലാത്ത, പ്രധാന സംസ്ഥാന ഘടകങ്ങളുമായി ബന്ധമില്ലാത്ത ഒരാൾ  ജനറൽ സെക്രട്ടറിയുടെ ഉത്തരവാദപ്പെട്ട പദവി വഹിക്കുന്നതും ശരിയല്ല. ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു ജനറൽ സെക്രട്ടറിക്കു മാത്രമേ ആധികാരികത്വത്തോടും ആത്മവിശ്വാസത്തോടും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയൂ.  
ഇല്ലെങ്കിൽ ഒരു മാർക്‌സിസ്റ്റ് പാർട്ടിയുടെ ഘടനയേയും പ്രവർത്തനത്തേയും തകർക്കുന്ന ഫെഡറലിസം എന്ന പ്രതിഭാസം പാർട്ടി സെന്ററിനെ നിർജ്ജീവമാക്കുകയും അതിന്റെ വിപ്ലവ ലക്ഷ്യങ്ങളെ തകർക്കുകയും ചെയ്യുമെന്നതാണ് സി.പി.എമ്മിന്റെ ആറ് പതിറ്റാണ്ടു കാലത്തെ അനുഭവ പാഠം. അത് തിരിച്ചറിയാത്തതിന്റെ ദുരന്തമാണ് 22 ാം കോൺഗ്രസിൽ പ്രകടമാകുന്നത്. 
സുന്ദരയ്യ നേതൃത്വത്തിൽനിന്നു രാജിവെച്ചതോടെ ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റെടുക്കേണ്ടിവന്ന ഇ.എം.എസ് ആണ് രാഷ്ട്രീയ - സംഘടനാ പ്രതിസന്ധിയുടെയും  അടിയന്തരാവസ്ഥയുടെയും കരിങ്കടൽ മുറിച്ചുകടന്ന് പാർട്ടിയെ കരയ്‌ക്കെത്തിച്ചത്.  രാഷ്ട്രീയ നയത്തിന്റെ പേരിൽ പോളിറ്റ് ബ്യൂറോയെ കൂട്ടായി നയിച്ചത്. 
ഇ.എം.എസിനെ ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുത്ത 78 ലെ ജലന്ധർ കോൺഗ്രസും അതിന്റെ തുടർച്ചയിൽ വിളിച്ച സാൽക്കിയാ പ്ലീനവുമാണ് രാഷ്ട്രീയ ഐക്യത്തിന്റെയും സംഘടനാ വ്യാപനത്തിന്റെയും അടിത്തറ സി.പി.എമ്മിൽ തീർത്തത്. ശക്തമായ പാർട്ടി കേന്ദ്രം കെട്ടിപ്പടുത്തത്. വർഗ - ബഹുജന സംഘടനകൾ കെട്ടിപ്പടുത്ത് ബഹുജന സമരങ്ങൾ വളർത്തി പാർട്ടിയെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാക്കിയത്.   ഇടതുപക്ഷ ഐക്യവും കോൺഗ്രസിനും ബി.ജെ.പിക്കും ബദലായ ഇടതുപക്ഷ - ജനാധിപത്യ മുന്നണിയെന്ന സാധ്യതയും വളർത്തിയെടുത്തത്. വിജയവാഡയിലും കൊൽക്കത്തയിലും നടന്ന പാർട്ടി കോൺഗ്രസുകൾ പാർട്ടിയെ ദേശീയ ചക്രവാളത്തിലേക്ക് ഉയർത്തിയത് ചെന്നൈയിലെ 14 ാം പാർട്ടി കോൺഗ്രസ് വരെ 17 വർഷം ഇ.എം.എസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ വ്യക്തതയും വിജയകരമായ കൂട്ടായ നേതൃത്വവുമായിരുന്നു. 
വലിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഫെഡറൽ വെല്ലുവിളികൾക്ക് തടയിട്ട് സി.പി.എം പാർട്ടി സെന്ററിനെ ഈ കാലയളവിൽ മാതൃകാപരവും ശക്തവുമാക്കി. ബംഗാളിനും കേരളത്തിനും ത്രിപുരയ്ക്കും പിന്നിൽ സംഘടനാ ശക്തിയിൽ പിന്നിൽനിന്നിരുന്ന പഞ്ചാബിൽനിന്നുള്ള ഹർകിഷൻ സുർജിത്തായിരുന്നു ഇ.എം.എസിന്റെ പിൻഗാമി. 
ബംഗാൾ ഘടകം ഫെഡറൽ പ്രവണതകൾ പ്രകടിപ്പിക്കുകയും ജനറൽ സെക്രട്ടറി ബംഗാൾ ഘടക നേതൃത്വത്തോട് ചായ്‌വ് കാട്ടുകയും ചെയ്ത വിഭാഗീയതയുടെ കാലയളവായിരുന്നു പിന്നീട്. ഐക്യമുന്നണി സർക്കാറിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര കമ്മറ്റി തീരുമാനം ഹിമാലയൻ വങ്കത്തമാണെന്ന് ജ്യോതിബസു പരസ്യമായി  തള്ളിപ്പറഞ്ഞത് ഇതിന്റെ ഭാഗമായിരുന്നു. സി.പി.എമ്മിന് പാർലമെന്റിന്റെ ഇരു സഭകളിലും നേടാനായ വൻ പ്രാതിനിധ്യം ഉപയോഗപ്പെടുത്തി കോൺഗ്രസിതര - ബി.ജെ.പിയിതര ഗവണ്മെന്റുകൾ അധികാരത്തിൽ വരുത്തുന്നതിനുള്ള അടവുനയങ്ങളിലാണ് ജനറൽ സെക്രട്ടറി സുർജിത് കേന്ദ്രീകരിച്ചത്.  പാർട്ടിയുടെയും വർഗ - ബഹുജന സംഘടനകളുടെയും സ്വതന്ത്രമായ  വളർച്ചയെന്ന പാർട്ടി നയവും പ്രവർത്തനവും അവഗണിക്കപ്പെട്ടു. പാർലമെന്ററി അവസരവാദ രാഷ്ട്രീയത്തിൽ സി.പി.എം തളച്ചിടപ്പെട്ടു. 
സി.പി.എമ്മിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ തകർച്ച ത്വരിതപ്പെടുത്തുകയാണ് 2005 ൽ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടും  വിശാഖപട്ടണത്തെ 21 ാം കോൺഗ്രസിൽ കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും എതിർപ്പ് നേരിട്ട് ബംഗാൾ ഘടകത്തിന്റെ പിന്തുണയിൽ ജനറൽ സെക്രട്ടറിയായ യെച്ചൂരിയും നിർവ്വഹിച്ചത്.
യു.പി.എ ഭരണ കാലത്ത്  പാർട്ടി സെന്ററിനെ  പശ്ചിമ ബംഗാൾ ഘടകം അവഗണിച്ചു.  മുഖ്യമന്ത്രി ഭട്ടാചാര്യ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ദൽഹിയിലെ വിശേഷാൽ അതിഥിയായി.  മൻമോഹൻ സിങിന്റെ നവ ഉദാരീകരണ - സാമ്പത്തിക നയങ്ങൾ മാതൃകാപരമായി ബംഗാളിൽ നടപ്പാക്കി. നന്ദിഗ്രാമും സിംഗൂരും സൃഷ്ടിച്ച് സി.പി.എം ചരിത്രത്തിൽനിന്ന് പിറകോട്ടുള്ള നടത്തം തുടങ്ങി. ഭട്ടാചാര്യയുടെ ഗവണ്മെന്റിന് സ്വീകാര്യമായ തന്റെ വികസന നയം എ.കെ.ജി ഭവനിലെ സഖാക്കൾക്ക് പിടിക്കാത്തതെന്ത് എന്ന്   മൻമോഹൻ സിങ് ചോദിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ രാഷ്ട്രീയ രേഖയിൽ സി.പി.എം ക്രൂശിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ സാമ്പത്തിക നയം അന്ന് നടപ്പാക്കാൻ ഐ.എം.എഫിന്റെ ആസ്ഥാനത്തുനിന്ന് മൊണ്ടേക്‌സിംഗ് അലുവാലിയയെ ആസൂത്രണ കമ്മീഷന്റെ തലപ്പത്തേക്ക് മൻമോഹൻ സിങ് കൊണ്ടുവന്നത് സി.പി.എം ജനറൽ സെക്രട്ടറി സുർജിത്തിന്റെ രഹസ്യ പിന്തുണയിലായിരുന്നു. 
ബംഗാൾ ഘടകവും ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലുള്ള ബന്ധം രൂക്ഷമാക്കിയത് അമേരിക്കയുമായുള്ള ആണവ കരാർ പ്രശ്‌നത്തിൽ പ്രകാശ് കാരാട്ട് മുൻകൈ എടുത്ത് യു.പി.എ ഗവണ്മെന്റിനുള്ള പിന്തുണ പിൻവലിച്ചതാണ്. ബംഗാൾ പാർട്ടിയുടെ തകർച്ചയ്ക്കും ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്കും കാരാട്ടാണ് ഉത്തരവാദി എന്നവർ വിശ്വസിക്കുന്നു. 
ഇതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ വിശാഖപട്ടണം കോൺഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്. രാമചന്ദ്രൻ പിള്ളയെ പി.ബിയിലെ ഭൂരിപക്ഷം നിർദ്ദേശിച്ചിട്ടും ബംഗാൾ ഘടകം എതിർത്തത്.  സീതാറാം യെച്ചൂരി എതിരായി മത്സരിക്കുമെന്ന് വ്യക്തമായതോടെ മത്സരം ഒഴിവാക്കാൻ എസ്.ആർ.പിയെ പിൻവലിക്കുകയും സീതാറാമിന് ജനറൽ സെക്രട്ടറിയായി പിന്തുണ പ്രഖ്യാപിക്കുകയുമാണ് പ്രകാശ് ചെയ്തത്. 
ഇതിനകം പാർട്ടിയുടെ അഖിലേന്ത്യാ അംഗസഖ്യയിൽ മുന്നിലെത്തിയ കേരള ഘടകത്തിന്റെ എതിർപ്പിൽ പി.ബിയിൽ സീതാറാമിന് ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നു.  ബംഗാളിന്റെ അംഗസംഖ്യ 2 ലക്ഷത്തിലേക്ക് ഇടിഞ്ഞു. പാർട്ടി സെന്ററിനു നേരെ കേരള ഘടകം ഫെഡറലിസത്തിന്റെ കൊമ്പു കുലുക്കി. അത് എത്ര കണ്ട് വിഭാഗീയവും അശ്ലീലവുമായി വളർന്നു എന്നതിന്റെ പ്രകടനമാണ് കേരള സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയെ അധികാര മോഹിയെന്ന് ആക്ഷേപിക്കാൻ   ഡി.വൈ.എഫ്.ഐ നേതാക്കളെ രംഗത്തിറക്കിയതിൽ കണ്ടത്. 
അമിതാധികാര ഭീഷണിക്കപ്പുറം ഫാസിസ്റ്റ് ഭീഷണിയായി നരേന്ദ്ര മോഡി ഗവണ്മെന്റ് വെല്ലുവിളി മുഴക്കുമ്പോൾ അതിലും വലിയ അപകടകാരിയായി കോൺഗ്രസിനെ എതിർക്കണമെന്ന് ആവശ്യപ്പെടുന്നത് കേരള ഘടകത്തിന്റെ നേതാക്കളാണ്. യു.പി.എ ഭരണത്തിൽ സുർജിത്തിനും ബംഗാൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ഔദ്യോഗിക വസതി സ്വന്തം വീടു പോലെയായിരുന്നു.  ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതി സ്വന്തം വീടു പോലെയായി. ജയ്റ്റ്‌ലിയുടെ ജി.എസ്.ടിയും നോട്ടു റദ്ദാക്കലും അടക്കമുള്ള സാമ്പത്തിക ഭീകരാക്രമണങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയത് പിണറായിയുടെ ധനമന്ത്രിയാണ്.  ത്രിപുര മുഖ്യമന്ത്രിയെ പോലും കൂടെ നിർത്തിയതും. ഗഡ്ഗരിയെ പോലെ മോഡിയുടെ വിശ്വസ്തരായ കേന്ദ്ര മന്ത്രിമാർക്ക് പിണറായി 'സർ' ആണ്.  മോഡിയുടെ ഭരണ മാതൃകയും ഒരു മാർക്‌സിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണ മാതൃകയും തമ്മിലുള്ള അസാധാരണ പൊരുത്തം കണ്ട് കേന്ദ്രത്തിലെ ബി.ജെ.പി മന്ത്രിമാർ  ആവേശ ഭരിതരാണ്.
അതുകൊണ്ടാണ് നന്ദിഗ്രാമിലെ വിത്തും വളവും ബി.ജെ.പി കീഴാറ്റൂരിലും മറ്റും നനച്ചു മുളപ്പിക്കുന്നത്.  ചെങ്ങന്നൂരിൽ വിള കൊയ്യാമെന്ന് കണക്കുകൂട്ടുന്നത്.   ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോകുക എന്നതായിരുന്നു സി.പി.എമ്മിന്റെ പഴയ മുദ്രാവാക്യം.  ഭരണവും സമരവും ശരിയാക്കിത്തരാം എന്ന് കേരള സർക്കാറിന്റെ പുതിയ മുദ്രാവാക്യം. 
2000 പാർട്ടിയംഗങ്ങൾ പോലുമില്ലാത്ത ദൽഹി ഘടകത്തിന്റെ സെക്രട്ടറിയേറ്റ് അംഗത്വത്തിൽനിന്നാണ് പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായത്. കാരാട്ടിനെ പോലെ ദൽഹി കേന്ദ്രീകരിച്ച് എസ്.എഫ്.ഐ കേന്ദ്ര നേതൃത്വത്തിൽനിന്നാണ് സീതാറാം യെച്ചൂരിയും പാർട്ടി ജനറൽ സെക്രട്ടറിയായത്. പി.ബിയെയും സി.സിയെയും ഇപ്പോൾ 22 ാം പാർട്ടി കോൺഗ്രസിനെയും നെടുകെ പിളർക്കുന്നതിലേക്ക് ഇവരെ കേന്ദ്രീകരിച്ച് രൂപപ്പെട്ട സി.പി.എമ്മിലെ ഫെഡറലിസവും കേന്ദ്ര നേതൃത്വത്തിൽ ആഴത്തിൽ ഭിന്നിപ്പുണ്ടാക്കിയ വിഭാഗീയതയുമാണ് ഇതിനു കാരണം. 
ഈ സാഹചര്യത്തിൽ സി.പി.എം 22 ാം കോൺഗ്രസിൽനിന്ന് എന്ത് രാഷ്ട്രീയ നയം  രൂപപ്പെട്ടാലും ആര് ജനറൽ സെക്രട്ടറിയായാലും സി.പി.എം ഇപ്പോൾ അതിന്റെ വിപ്ലവ പരിപാടിയും ലക്ഷ്യവും നിർവ്വഹിക്കാൻ പ്രാപ്തമായ ഒരു വിപ്ലവ തൊഴിലാളിവർഗ പാർട്ടിയല്ലാതായിരിക്കുന്നു. പാർട്ടിയെയും അതിന്റെ വിപ്ലവ തന്ത്രങ്ങളും അടവു നയങ്ങളും ശരിയായ നിലയിൽ രൂപപ്പെടുത്താനോ കൂട്ടായ പ്രവർത്തനം നയിക്കാനോ കഴിയാത്ത ഉൾപാർട്ടി അവസ്ഥയിലേക്ക് രാഷ്ട്രീയമായും സംഘടനാപരമായും സി.പി.എം പതിച്ചിരിക്കുകയാണ്. ഫാസിസം എന്ന ഭീഷണിയെ നേരിടുന്ന കാര്യത്തിൽ ഇടതുപക്ഷത്തിനും മതനിരപേക്ഷ കൂട്ടായ്മയ്ക്കും മുമ്പിൽ ഒരു ദുരന്ത ചിത്രമായി സി.പി.എം നിലകൊള്ളുന്നു എന്നു മാത്രം കണ്ടാൽ മതി.

 

Latest News