Sorry, you need to enable JavaScript to visit this website.

നോട്ടില്ലാത്ത ഇന്ത്യ

ഇപ്പോഴത്തെ പല പരിഷ്‌കാരങ്ങളും ഇന്ത്യക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. ഒറ്റ രാത്രി കൊണ്ട് പ്രചാരത്തിലുള്ള കറൻസിയുടെ സിംഹ ഭാഗവും റദ്ദാക്കിയതിന്റെ ആഘാതം തുടരുന്നു. അതിനിടയ്ക്കാണ് വേണ്ടത്ര ആലോചിക്കാതെ ജി.എസ്.ടി നടപ്പാക്കിയത്. വാണിജ്യ-വ്യവസായ മേഖലകളെ ഇത് സാരമായി ബാധിച്ചു. ഏറ്റവും ഒടുവിൽ രാജ്യം നോട്ട് ക്ഷാമത്തിന്റെ പിടിയിലാണ്. നോട്ട് റദ്ദാക്കലിന്റെ പേടിപ്പെടുത്തുന്ന ഓർമകളുമായി കഴിയുന്ന ഇന്ത്യൻ ജനത വീണ്ടും ആശങ്കാകുലരാണ്. 
ഇന്ത്യയിൽ നോട്ട് നിരോധന കാലത്തേതിന് സമാനമായ സാഹചര്യം തിരിച്ചു വരികയാണെന്ന് സംശയമുയർന്നു. 
എ ടി എമ്മുകളിൽ പണമില്ലാത്തതാണ് ജനങ്ങളുടെ നെട്ടോട്ടത്തിനും ആശങ്കയ്ക്കും കാരണമാകുന്നത്. ഇപ്പോൾ കടുത്ത നോട്ടുക്ഷാമം നേരിടുകയാണ് മിക്ക സംസ്ഥാനങ്ങളിലും. തുടർച്ചയായുള്ള ഉത്സവ സീസണുകൾക്കായി ജനങ്ങൾ വൻതോതിൽ പണം പിൻവലിച്ചതാണ് നോട്ടുക്ഷാമത്തിന് കാരണമായി പറയപ്പെടുന്നുങ്കെിലും അതു മാത്രമല്ല ഈ പ്രശ്‌നത്തിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.  
മൂന്ന് ദിവസങ്ങൾക്കുള്ളിൽ നോട്ടു ക്ഷാമത്തിന് പരിഹാരമുാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ നോട്ടു നിരോധന കാലത്തെ സാഹചര്യം ഓർമ്മയിലുള്ള ജനങ്ങളെ ആശ്വസിപ്പിക്കാൻ ഈ വാചക കസർത്തുകൾ മതിയാവില്ല. 
ആന്ധ്രയിലും തെലങ്കാനയിലും മാത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നോട്ടുക്ഷാമം ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് അത് ഇന്ത്യയുടെ  എല്ലാ ഭാഗത്തേക്കും പടർന്നത്.  എ ടി എം കൗണ്ടറുകൾ അടച്ചിട്ടതും പണമില്ലെന്ന് ബോർഡുകൾ വെച്ചതും ആശങ്ക പെരുകാനിടയാക്കി.  അസാധാരണമായ വിധം  നോട്ടുകൾക്ക് ആവശ്യമേറിയത് ക്ഷാമത്തിനിടയാക്കി എന്നാണ് ധനമന്ത്രിയുടെ വിശദീകരണം. 1.25 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇപ്പോൾ വിപണിയിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ്  അധികൃതർ പറയുന്നത്. 
 എഫ് ആർ ഡി ഐ ബിൽ നിയമമായാൽ എന്തു സംഭവിക്കുമെന്ന ഉത്കണ്ഠയാണ് നോട്ട് ക്ഷാമത്തിന്റെ ഒരു കാരണമായി പറയപ്പെടുന്നത്. ഈ ബിൽ നിയമമായാൽ ബാങ്കുകളിലെ പണം സുരക്ഷിതമായിരിക്കില്ല എന്നൊരു കിംവദന്തി പരന്നിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ വൻ തോതിൽ പണം പിൻവലിച്ചത് ക്ഷാമത്തിന് ഇടയാക്കി.
 മാസങ്ങൾക്ക് മുമ്പു തന്നെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതും പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമായി.  നീരവ് മോഡിയെപ്പോലെയുള്ളവർ ബാങ്കുകളിൽ നിന്ന് വൻ തട്ടിപ്പ് നടത്തി മുങ്ങിയത് ബാങ്കുകളിലുള്ള വിശ്വാസ്യതയെയും തകർത്തു. അതും വലിയ തോതിൽ പണം പിൻവലിക്കുന്നതിന് കാരണമായി. 
 നോട്ടു നിരോധന കാലത്ത് എടിഎമ്മിന് മുമ്പിലെ നീണ്ട ക്യൂ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു. സമാന സാഹചര്യമാണ് ഇപ്പോഴും.   എടിഎമ്മുകൾ പലതും കാലിയായിരിക്കുകയാണ്. ആർക്കും പണം ലഭിക്കുന്നില്ല. സ്വന്തം പണം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉപയോക്താക്കൾ. ഇത് താൽക്കാലിക പ്രതിസന്ധിയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര പെട്ടെന്നൊന്നും ഈ പ്രശ്‌നം തീരാൻ പോകുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം എസ്ബിഐ ഉപയോക്താക്കൾക്ക് പിൻവലിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തിയത് ഈ ദുരിതം അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നതിന്റെ മുന്നറിയിപ്പാണ്. പല സംസ്ഥാനങ്ങളിലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകൾ കിട്ടാനില്ല. എന്നാൽ ഇവ വേഗത്തിൽ അച്ചടിച്ച് ഉപയോക്താക്കളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് സർക്കാർ പറയുന്നു. കറൻസി പേപ്പറിന്റെ ക്ഷാമമാണ് ഇപ്പോൾ ആർബിഐ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. വിദേശ ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഇന്ത്യക്കേറ്റ തിരിച്ചടി കറൻസി പേപ്പറിലും പ്രതിഫലിച്ചിട്ടുണ്ട്. 
കറൻസി പേപ്പറുകൾ ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ നോട്ടു നിരോധനം കടുത്ത രീതിയിൽ തളർത്തിയിരിക്കുകയാണ്. ഇത് നോട്ടിന്റെ കാര്യത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. എന്നാൽ ഉപയോക്താക്കളോട് ഇക്കാര്യം മറച്ചു വെച്ചാണ് ആർബിഐയുടെ വിശദീകരണങ്ങൾ. 
താൽക്കാലികമായി ഈ പ്രശ്‌നം പരിഹരിച്ചാലും അധികം വൈകാതെ എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രശ്‌നങ്ങൾ വീണ്ടും ഉണ്ടാവാനാണ് സാധ്യത. പേപ്പർ കറൻസിയുടെ ഇറക്കുമതിയിൽ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. നോട്ടു നിരോധനത്തിന് ശേഷം 20,000 ടൺ പേപ്പർ ഇന്ത്യക്ക് നോട്ടടിക്കുന്നതിനായി ആവശ്യമായി വന്നിരിക്കുകയാണ്. 
പ്രതിസന്ധിക്ക് കാരണം ഉത്സവ സീസൺ ആണെന്ന ആർബിഐയുടെ വാദം വിചിത്രമാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നാല് നോട്ടടി പ്രസുകളിലും തുടർച്ചയായി നോട്ടടിക്കുന്നുണ്ടെന്ന് ആർബിഐ പറയുന്നു. എന്നാൽ 25,000 ടൺ കറൻസി പേപ്പറുകളാണ് ഇപ്പോഴത്തെ ക്ഷാമം പരിഹരിക്കാൻ വേണ്ടത്. ഇത് ആർബിഐയുടെ കൈവശമില്ല. 
പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിന് ആർബിഐക്ക് മറുപടിയുമില്ല. നിലവിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധിയുള്ളത്. ഈ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം പണം പിൻവലിച്ച ഏരിയകൾ ഏതാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് ആർബിഐ ഇപ്പോൾ. 
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കൾക്ക് പണം പിൻവലിക്കാനുള്ള പരിധി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.  ഹൈദരാബാദിൽ ഇപ്പോഴും പിൻവലിക്കലിന് പരിധിയുണ്ടെന്നാണ് റിപ്പോർട്ട്. 
എടിഎമ്മുകളിൽ നിന്ന് ഏപ്രിൽ ഒന്നു മുതൽ 13 വരെയുള്ള ദിവസങ്ങളിൽ 45,000 കോടി രൂപയുടെ കറൻസികളാണ് അധികമായി പിൻവലിക്കപ്പെട്ടതെന്ന് സൂചനയുണ്ട്. 
നോട്ടു നിരോധനത്തിന് ശേഷം ഒരു കാര്യവും നോക്കാതെ പെട്ടെന്നാണ് നോട്ടടിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ സമയത്ത് 17.5 ലക്ഷം കോടിയുടെ കറൻസികളായിരുന്നു അച്ചടിക്കേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ പകുതി പോലും അടിച്ചിട്ടില്ലെന്നാണ് സൂചന. വിപണിയിൽ വേണ്ടത്ര നോട്ടില്ലാത്തത് സർക്കാരിന്റെ തലതിരിഞ്ഞ പ്രവൃത്തികൾ കൊണ്ടായിരുന്നു. 
ആയിരത്തിന്റെ കറൻസികൾ ഇതുവരെ വിപണിയിലെത്തിക്കാൻ  സർക്കാരിന് സാധിച്ചിട്ടില്ല. അഞ്ഞൂറിന്റെ നോട്ടുകൾക്കാണ് കടുത്ത ക്ഷാമമുള്ളത്. മൊത്തം അടിക്കേണ്ട നോട്ടുകളിൽ എട്ടു ലക്ഷം കോടി നോട്ടുകൾ അഞ്ഞൂറിന്റേതാണ്. ഏഴു ലക്ഷം കോടി നോട്ടുകൾ ആയിരത്തിന്റേതും. ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ് രാജ്യത്തിന്റെ ജി.ഡി.പിയുടെ നാൽപത്തിയഞ്ച് ശതമാനവും. 
ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന കോടിക്കണക്കിനാളുകൾക്ക് തൊഴിലവസരമൊരുക്കുന്ന രംഗമാണിത്. നോട്ട് റദ്ദാക്കലിന്റേയും ജി.എസ്.ടിയുടേയും പ്രഹരമേറ്റു വാങ്ങി തളർന്നിരിക്കുകയാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ്-ഭവന നിർമാണ രംഗവും. നോട്ട് റദ്ദാക്കലിനെ തുടർന്നുള്ള രണ്ട് മാസങ്ങളിൽ നിശ്ചലമായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കർശന നിയന്ത്രണങ്ങളും തിരിച്ചടിയാവുകയായിരുന്നു.  
നോട്ട് റദ്ദാക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ അനുഭവത്തിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. സാമ്പത്തിക നയങ്ങൾ തീരുമാനിക്കുമ്പോൾ വിദഗ്ദ്ധരെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. ഏത് സാമ്പത്തിക നയ മാറ്റത്തിനും നേതൃത്വം നൽകേണ്ടത് സാമ്പത്തിക, വ്യാപാര, സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധരാണ്. തീരുമാനം എടുക്കുന്നതിനു മുമ്പ് കൃത്യമായി ഗൃഹപാഠം ചെയ്യണം.  ഒരു നയം നടപ്പിലാക്കുമ്പോൾ അടിസ്ഥാന വിവരങ്ങൾ അവഗണിക്കരുത്. പ്രാബല്യത്തിലുള്ള 86 ശതമാനം നോട്ടുകൾ അസാധുവാക്കുമ്പോൾ അത് 90 ശതമാനം പാവങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കള്ളപ്പണമെന്നത് പുതിയ കാര്യമല്ല. സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എന്നും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് ധീരമായ ഇടപെടലുകൾ അപൂർവ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തി സമാഹരിക്കുന്നതാണ് കള്ളപ്പണം. കോടികളുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും അത് തിരികെ കൊണ്ടു വരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് ബി.ജെ.പി സർക്കാർ. 
അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാരിന്റെ കാഴ്ചപ്പാട് വലതുപക്ഷ താൽപര്യങ്ങളുടേതാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും ഈ കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി കറൻസി റദ്ദാക്കൽ പരിഷ്‌കരണം നടപ്പാക്കുന്നത്. പതിനായിരത്തിന്റേയും അയ്യായിരത്തിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് അന്ന് മൊറാർജി സർക്കാർ  പിൻവലിച്ചത്. 
ഇന്ത്യയിൽ പി.വി നരസിംഹറാവു സർക്കാർ അധികാരത്തിലേറിയ 90 കളിലാണ് രാജ്യം സാമ്പത്തിക രംഗത്തെ വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി റാവുവിന്റെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ട് മുമ്പ് അന്നത്തെ ധനമന്ത്രിയും ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ് പിന്നണിയിലും പ്രവർത്തിച്ച കാലത്താണ് ഇന്ത്യ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറിയത്. മോഡി സർക്കാരിന്റെ നോട്ട് റദ്ദാക്കൽ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ തുടക്കം മുതലേ ആശങ്ക പ്രകടിപ്പിച്ച നിരവധി പ്രമുഖരുണ്ട്. 
വീണ്ടുവിചാരവുമില്ലാത്ത നടപടിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിംഗ് വാർഷിക വേളയിലും ആവർത്തിക്കുകയും ചെയ്തു.  നോട്ട് നിരോധനമെന്നത് സംഘടിത കൊള്ളയും നിയമ വിധേയമായ പിടിച്ചുപറിയുമാണ്. നവംബർ എട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യൻ ജനാധിപത്യത്തിനും കറുത്ത ദിനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
86 ശതമാനം കറൻസിയും പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറൊരിടത്തും നടപ്പാക്കിയിട്ടില്ല. ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷ്യം പോലും നേടാനായില്ല. 
പണരഹിത സമ്പദ് ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്. ഇവ രണ്ടും ചെറുകിട സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചുവെന്നും മൻമോഹൻ വിലയിരുത്തുകയുണ്ടായി.  നോട്ട് നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കുകയാണെന്ന വാദം പരാജയപ്പെട്ടപ്പോൾ നോട്ടു നിരോധനം ഇന്ത്യയെ നോട്ട് രഹിത സാമ്പത്തിക സമൂഹമാക്കുമെന്ന് മോഡി  സർക്കാർ പറഞ്ഞിരുന്നു. 
എന്നാൽ റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ഡിജിറ്റൽ പണമിടപാട് ആദ്യം ഉയർന്നെങ്കിലും ഇപ്പോൾ അത് താഴ്ന്ന നിലയിലാണുള്ളത്. നോട്ട് നിരോധനത്തിന് ശേഷം മാസം തോറും ഡിജിറ്റൽ പണമിടപാടിന്റെ തോത് കുറഞ്ഞു വരികയായിരുന്നു. ഇന്ത്യയെ കാഷ്‌ലെസ് ഇക്കോണമിയാക്കി മാറ്റുമെന്ന് പറഞ്ഞത് അറം പറ്റിയത് പോലെയായി ഇപ്പോഴത്തെ കാര്യങ്ങൾ.

 

Latest News