തിരുവനന്തപുരം- സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനനുസരിച്ച് ഓഫീസിലെ ഫയലുകള്‍ തീര്‍പ്പാക്കാനുള്ള നിര്‍ദേശം അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. പുതിയ മന്ത്രി ആരെന്ന് വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. മന്ത്രിസഭയില്‍ വിപുലമായ അഴിച്ചുപണിയും സജിചെറിയാന് പകരം പുതിയ മന്ത്രിയും ഇപ്പോഴുണ്ടാകാനിടയില്ല.
രണ്ട് പ്രധാന പരിഷ്‌കാരങ്ങളാണ് എം.വി. ഗോവിന്ദന്‍ തദ്ദേശവകുപ്പില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടത്. പൊതുതദ്ദേശസര്‍വീസും പൊതുസ്ഥലംമാറ്റ രീതിയുമാണിത്. പൊതുതദ്ദേശസര്‍വീസിനുള്ള ബില്ല് ബുധനാഴ്ച സഭയില്‍ പാസാക്കുന്നതോടെ ആ ലക്ഷ്യം പൂര്‍ത്തിയാകും. തദ്ദേശവകുപ്പില്‍ മൂന്നുവര്‍ഷം ഒരേസ്ഥലത്ത് സേവനം പൂര്‍ത്തിയാക്കിയവരെ ഉള്‍പ്പെടുത്തി പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നാണ് ഗോവിന്ദന്‍ നിര്‍ദേശിച്ചത്. ഇതിനുള്ള നടപടി രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഉത്തരവിറക്കും. വെള്ളിയാഴ്ചയോടെ എല്ലാ ഔദ്യോഗികജോലികളും പൂര്‍ത്തിയാക്കാനുള്ള ക്രമീകരണമാണ് നടക്കുന്നത്.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനസമിതിയോഗം ചുമതലപ്പെടുത്തിയിരുന്നു. വലിയ അഴിച്ചുപണി മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
ഗോവിന്ദനുപകരം പുതിയ ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്യും. തദ്ദേശഎക്‌സൈസ് വകുപ്പുകളാണ് ഗോവിന്ദന്‍ കൈകാര്യംചെയ്യുന്നത്. ഇത് വിഭജിക്കുന്നതിനനുസരിച്ച് മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.
വി. ശിവന്‍കുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നുണ്ടെങ്കില്‍ മാത്രമാകും കാര്യമായ പുനഃസംഘടന മന്ത്രിസഭയിലുണ്ടാകുക. മാറുകയാണെങ്കില്‍ ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാസെക്രട്ടറിയാകാനാണ് സാധ്യത. കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍പോലും ശക്തമാണെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.