Sorry, you need to enable JavaScript to visit this website.

അറബ് ഉച്ചകോടി  നൽകിയ സന്ദേശം

പി.എം. മായിൻകുട്ടി

ഫലസ്തീൻ പ്രശ്‌നത്തിൽ തങ്ങളുടെ നിലപാടുകളിൽ മാറ്റമില്ലെന്നും വെള്ളം ചേർക്കുന്ന ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്നതാണ് ദഹ്‌റാനിൽ നടന്ന 29 ാ മത് അറബ് ലീഗ് ഉച്ചകോടിയെ പ്രസക്തമാക്കുന്നത്. ഇസ്രായിൽ തലസ്ഥാനമായി ജറൂസലമിനെ അമേരിക്ക അംഗീകരിച്ച പശ്ചാത്തലത്തിൽ  അറബ് ലീഗ് ഉച്ചകോടിയുടെ നിലപാട് എന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയായിരുന്നു. അറബ് ലോകം അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളികൾക്കെതിരായി അമേരിക്ക സ്വീകരിക്കുന്ന നിലപാടുകൾക്ക് പിന്തുണയുണ്ടെങ്കിലും ഫലസ്തീൻ പ്രശ്‌നത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ലോകത്തെ ബോധ്യപ്പെട്ടുത്താൻ ഇരുപത്തിയഞ്ചോളം രാഷ്ട്രത്തലവൻമാർ പങ്കെടുത്ത ഉച്ചകോടിക്കായി. മാത്രമല്ല ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, അറബ് ലീഗ് സമ്മേളനത്തിന് 'ജറൂസലം ഉച്ചകോടി' എന്നു നാമകരണം ചെയ്യാനും തയാറായി. 
സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഈ നിർദേശം ഉച്ചകോടി അതേപടി അംഗീകരിക്കുകയായിരുന്നു. ജറൂസലമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റാനുള്ള അമേരിക്കയുടെ തീരുമാനത്തിൽ ഉച്ചകോടി ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഫലസ്തീൻ അറബ് ലോകത്തിന്റെ പൊതുവികാരമാണ്. അതുകൊണ്ടു തന്നെ ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാജ്യം എന്ന ആശയത്തിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന് ഉച്ചകോടിക്ക് ഉറക്കെ പ്രഖ്യാപിക്കാനായി. 
അതേസമയം അറബ് ലോകം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ ഉച്ചകോടി ആശങ്കയോടെയാണ് നോക്കിക്കണ്ടത്. അംഗരാജ്യങ്ങൾ ദേശീയ സുരക്ഷയിൽ നേരിടുന്ന വെല്ലുവിളികൾ ഏറെ ഉത്കണഠയോടുകൂടിയാണ് ചർച്ച ചെയ്തതെന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്തിന്റെ വാക്കുകളിൽനിന്നു തന്നെ ഇതു വ്യക്തമാണ്. മേഖലയിലെ സമാധാന അന്തരീക്ഷം  തകർക്കുന്നതിൽ ഇറാൻ വഹിക്കുന്ന പങ്കിനെ നിശിതമായി വിമർശിക്കുകയും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ മാനിക്കാൻ ഇറാൻ തയാറാവണമെന്നുമുള്ള ആവശ്യം മുന്നോട്ടു വെച്ചതുവഴി ഇറാന് ശക്തമായ താക്കീത് നൽകാനായി. അയൽ ബന്ധങ്ങളെ തകർക്കും വിധത്തിലുള്ള ഇറാന്റെ ഇടപെടലുകൾക്കെതിരെ സൗദി അറേബ്യ ഉയർത്തിയ വികാരത്തെ അറബ് ലോകത്തിന്റെ മൊത്തം വികാരമാക്കി മാറ്റാൻ സമ്മേളനത്തിനു കഴിഞ്ഞു. യെമനിൽ നിന്ന് പിൻമാറണമെന്നും യു.എൻ തീരുമാനങ്ങളുടെ ലംഘനം അവസാനിപ്പിക്കണമെന്നും ഉച്ചകോടി ഇറാനോട് ആവശ്യപ്പെട്ടു. ഹൂത്തി മിലീഷ്യകൾക്ക് പിന്തുണ നൽകുന്നതിനെയും മേഖലാ രാജ്യങ്ങളിൽ ഇടപെടുന്നതിനെയും ഉച്ചകോടി അപലപിച്ചു. ലബനോൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ മിലീഷ്യകൾക്ക് നൽകുന്ന പിന്തുണയെയും അൽഖാഇദ തോക്കൾക്ക് അഭയം നൽകുന്നതിനെയും ഉച്ചകോടി വിമർശിച്ചു. ഇറാന്റെ ഇത്തരം ചെയ്തികളെ അറബ് സമൂഹത്തിനെതിരായ ആക്രമണമായാണ് ഉച്ചകോടി വിലയിരുത്തിയത്. 
സിറിയയിലെ രാസായുധ പ്രയോഗത്തെ അതിശക്തമായാണ് സമ്മേളനം അപലപിച്ചത്. ഇതേക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും സിറിയൻ രാഷ്ട്രീയ പ്രക്രിയക്ക് അടിസ്ഥാനമായി ഒന്നാമത് ജനീവ സമാധാന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ തുടരാനുമാണ് ഉച്ചകോടി തീരുമാനിച്ചത്. ഐ.എസ് ഭീകരരിൽ നിന്നും ബശാർ അൽ അസദിന്റെ സൈന്യത്തിൽ നിന്നും അതിക്രമം നേരിടുന്ന സിറിയൻ ജനതയുടെ അവകാശങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഉച്ചകോടിക്കായി.
അറബ് ലീഗ് അധ്യക്ഷ സ്ഥാനം ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിൽ നിന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഏറ്റെടുത്തുകൊണ്ട് അറബ് സാംസ്‌കാരിക ഉച്ചകോടിയും സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത് ഉച്ചകോടി അംഗീകരിച്ചത് എടുത്തു പറയേണ്ട സംഗതിയാണ്. തുനീഷ്യയിലെ അടുത്ത ഉച്ചകോടിയിൽ സാംസ്‌കാരിക ഉച്ചകോടി നടത്താൻ തീരുമാനമായി. കൂടാതെ അടുത്ത വർഷം ബെയ്‌റൂത്തിൽ സാമ്പത്തിക ഉച്ചകോടിയും ലക്ഷ്യമിടുന്നു. 
ഏത് പ്രതിസന്ധിയെയും അതിജീവിച്ച് പരസ്പരം സഹകരിച്ച് മുന്നോട്ടു പോകാനുള്ള അംഗരാജ്യങ്ങളുടെ തീരുമാനം  അറബ് ഉച്ചകോടിയെ വിജയത്തിലെത്തിച്ചുവെങ്കിലും ഖത്തറുമായുള്ള സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് രാജ്യങ്ങളുടെ അകൽച്ചക്ക് പരിഹാരം കാണാനായില്ലെന്നത് പോരായ്മയായി നിൽക്കുന്നു. ഭീകരതക്ക് പിന്തുണ നൽകുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും ആരോപിച്ച് കഴിഞ്ഞ വർഷം ജൂണിൽ ഖത്തറുമായി ഈ രാജ്യങ്ങൾ വിഛേദിച്ച ബന്ധം വിളക്കിച്ചേർക്കാൻ ശ്രമം ഉണ്ടായെങ്കിലും ഖത്തറിന്റെ നിസ്സഹകരണം അതിനു തടസ്സമായെന്നു വേണം പറയാൻ. ഉച്ചകോടിയിലേക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഖത്തർ അമീറിനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാൻ നിർദേശം നൽകിയത്. എന്നാൽ ഖത്തർ അമീർ ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. പകരം അറബ് ലീഗിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയെയാണ് അയച്ചത്. അറബ് ഉച്ചകോടി അജണ്ടയിൽ ഉൾപ്പെടുത്തുന്നതിനു മാത്രം പ്രാധാന്യമില്ലാത്ത നിസ്സാര പ്രശ്‌നമാണ് ഖത്തർ പ്രതിസന്ധിയെന്നാണ് ഉച്ചകോടിക്കു ശേഷം നടത്തിയ വാർത്താ  സമ്മേളനത്തിൽ സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞത്. പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് ഖത്തർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ വിട്ടുവീഴ്ചക്കു തയറായാൽ പ്രശ്‌നം പരഹരിക്കപ്പെടുമെന്നുതിന്റെ സൂചനയായി വേണം വിദേശ മന്ത്രിയുടെ പ്രസ്താനവനയെ വിലയിരുത്താൻ. 
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഉച്ചകോടിയിൽ പങ്കെടുത്ത സൗദി പ്രതിനിധി സംഘം ആതിഥ്യം അരുളി സമ്മേളത്തെ വൻ വിജയമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.

 

Latest News