തിരുവനന്തപുരം- കേരളത്തിൽ സന്ദർശനത്തിനെത്തിയ ശേഷം ഒരു മാസം മുമ്പ് കാണാതായ ലാത്വിയക്കാരി ലിഗ സ്‌ക്രൊമാനെയുടെ മൃതദേഹം അഴുകിയ നിലയിൽ കരമനയിലെ പുഴക്കരയിൽ കണ്ടെത്തി. 33കാരിയായ ലിഗയെ മാർച്ച് 14നാണ് പോത്തൻകോട്ടെ ആയുർവേദ റിസോർട്ടിൽ നിന്നു കാണാതായത്. ഇവിടെ ചികിത്സയിലായിരുന്നു ഇവർ. തലയറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. മീൻ പിടിക്കാൻ പോയ യുവാക്കളാണ് കരമനകിള്ളിയാറിനോടടുത്ത കുറ്റിക്കാട്ടിൽ വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ അധികമാരും എത്തിപ്പെടാത്ത ഇടമാണ്.
ഭർത്താവ് ആൻഡ്രൂസും സഹോദരി ഇലീസും സ്ഥലത്തെത്തി വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് ഇതു ലിഗയുടെ മൃതദേഹമാണെന്ന സംശയം ബലപ്പെട്ടത്. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം മെഡിക്കൽ കോളെജിലേക്കു മാറ്റി.
ലിഗയും സഹോദരി ഇലിസും ഫെബ്രുവരിയിലാണ് കേരളത്തിലെത്തിയത്. കൊച്ചി, ആലപ്പുഴ, കൊല്ലം, വർക്കല എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് പോത്തൻകോട്ട്് ആയുർവേദ ചികിത്സയാരംഭിച്ചത്. മാനസിക പ്രശ്്‌നങ്ങൾക്കായിരുന്നു ചികിത്സ. ഇവിടെ നിന്നാണ് കാണാതായത്. തിരച്ചിൽ ഫലം കാണാതായതോടെ വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇലിസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നീട് ഭർത്താവും കേരളത്തിലെത്തി തെരച്ചിലിൽ പങ്കാളിയായി. സഹായം തേടി ഇവർ മുഖ്യമന്ത്രിയേയും കണ്ടിരുന്നു.