കോട്ടയം- രണ്ടുവയസ്സുള്ളപ്പോള്‍ നഷ്ടമായ മകന്‍ 26 വര്‍ഷത്തിന് ശേഷം അമ്മയുടെ അടുത്തെത്തി. കറുകച്ചാലിലെ ഓട്ടോഡ്രൈവറായ കറ്റുവെട്ടി ചെറുപുതുപ്പള്ളിയില്‍ ഗീതമ്മയെ തേടി മകന്‍ ഗോവിന്ദ് (28) ഗുജറാത്തില്‍നിന്നാണ് എത്തിയത്.
അമ്മയെ കാണാന്‍ വര്‍ഷങ്ങള്‍ക്കുശേഷം മകനെത്തിയ വിവരം വാര്‍ഡംഗം ശ്രീജാ മനു വിളിച്ചറിയിച്ചപ്പോള്‍ ഗീതമ്മയ്ക്ക് ആദ്യം വിശ്വസിക്കാനായില്ല. സന്തോഷിക്കണോ കരയണോ എന്നറിയാതെ പകച്ചുനിന്നു. എന്നാല്‍, മകനെ നേരിട്ടുകണ്ടപ്പോള്‍ അവര്‍ ചേര്‍ത്തുനിര്‍ത്തി. പിന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ സന്തോഷംകൊണ്ട് ഈറനണിഞ്ഞു. അമ്മയെ കണ്ട ഓര്‍മപോലും ഗോവിന്ദിനില്ലായിരുന്നു.
മുപ്പതുവര്‍ഷം മുമ്പ് ഗീതമ്മ ഗുജറാത്തിലെ ചെമ്മീന്‍ കമ്പനിയില്‍ ജോലിയ്ക്ക് പോയിരുന്നു. അവിടെവെച്ച് ഇതേ കമ്പനിയിലെ ജോലിക്കാരനായ രമേഷിനെ പരിചയപ്പെട്ടു. 1993-ല്‍ കറുകച്ചാല്‍ രജിസ്റ്റര്‍ ഓഫീസില്‍ ഇവര്‍ വിവാഹിതരായി. വീണ്ടും ഗുജറാത്തില്‍ പോയി.
അവിടെവെച്ചാണ് ഗോവിന്ദ് ജനിച്ചത്. ഗീതമ്മ വീണ്ടും ഗര്‍ഭിണിയായി. തുടര്‍ന്ന് കറുകച്ചാലിലെ വീട്ടിലെത്തി. ഇവിടെ കഴിയവേ, ഒരുദിവസം ഗോവിന്ദിനെയുംകൊണ്ട് രമേഷ് ഒന്നുംപറയാതെ നാടുവിട്ടു. ഗോവിന്ദിന് രണ്ടുവയസേ ഉണ്ടായിരുന്നുള്ളൂ. മാസങ്ങളോളം ഒരു വിവരവും ഇല്ലായിരുന്നു. പലവട്ടം രമേഷിന്റെ മേല്‍വിലാസത്തില്‍ കത്തുകളെഴുതി. അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് രമേഷ് മറുപടി എഴുതിയത്. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോഴേയ്ക്കും രമേഷ് അവിടെനിന്നും പോയിരുന്നു.
ഗീതമ്മക്ക് പെണ്‍കുട്ടി പിറന്നു. ഒറ്റയ്ക്കായ അവര്‍ മകളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടു. കൂലിപ്പണി ചെയ്തു. ഗള്‍ഫില്‍ ജോലിയ്ക്കുപോയി. ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മകള്‍ ഗോപികയെ ഡിഗ്രിവരെ പഠിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് വിവാഹവും നടത്തി.
ഗുജറാത്തിലേക്ക് മടങ്ങിയ ഗോവിന്ദ് പ്ലസ്ടു വരെ പഠിച്ചു. വിവിധ സ്ഥലങ്ങളില്‍ ജോലി നോക്കി. ഇതിനിടയിലും അമ്മയെ തേടിക്കൊണ്ടിരുന്നു. അമ്മ മുമ്പ് അച്ഛന് അയച്ച കത്തില്‍നിന്ന് കറുകച്ചാലിലെ വിലാസം കിട്ടിയത് പിടിവള്ളിയായി. അങ്ങനെയാണ് ഞായറാഴ്ച രാവിലെ കോട്ടയത്തെത്തിയത്. ഹിന്ദി മാത്രം അറിയാവുന്ന ഗോവിന്ദിന് സ്ഥലം കണ്ടുപിടിക്കാനായില്ല. ഹിന്ദി അറിയാവുന്ന ചിലര്‍ വിവരം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച്, ഗീതമ്മ മകനെ കാണാന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് ഇവര്‍ വീട്ടിലേയ്ക്കുപോയി. ഇനി അമ്മയോടൊപ്പം കഴിയണമെന്നാണ് ഗോവിന്ദിന്റെ ആഗ്രഹം.