ആലപ്പുഴ- നെഹ്റു ട്രോഫി ജലോത്സവത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ തുഴയെ ചൊല്ലി തര്‍ക്കം. പനകൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയ ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകള്‍ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്. പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ ഇത്രയും നാള്‍ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവര്‍ പുതിയ തീരുമാനം അംഗീകരിക്കാന്‍ തയാറല്ല. രണ്ടു ടീമുകള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്
നെഹ്റു ട്രോഫി ഗൈഡ് ലൈന്‍ പ്രകാരമാണ് പന കൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയതെന്നാണ് കമ്മിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേചൊല്ലി തര്‍ക്കം ഉയര്‍ന്നിരുന്നു.