ചണ്ഡീഗഢ്- വീരേന്ദർ സെവാഗിന് നന്ദി, എന്നെ ടീമിലെടുത്ത് ഐ.പി.എല്ലിനെ രക്ഷിച്ചതിന് -ഈ സീസണിലെ ആദ്യ സെഞ്ചുറിയടിച്ച ശേഷം ക്രിസ് ഗയ്‌ലാണ് വിമർശകർക്കെതിരെ ഒളിയമ്പെയ്തത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ കളിക്കാരനായിരുന്ന ഗയ്‌ലിനെ കഴിഞ്ഞ ലേലത്തിൽ രണ്ട് തവണ പരിഗണനക്ക് വന്നപ്പോഴും ഒരു ടീമും തിരിഞ്ഞു നോക്കിയിരുന്നില്ല. രണ്ടു കളിയെങ്കിലും ജയിപ്പിക്കാനാവുമെങ്കിൽ പണം മുതലാവുമെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്‌സ് ഇലവൻ കോച്ച് വിരേന്ദർ സെവാഗാണ് ലേലത്തിന്റെ അവസാന ഘട്ടത്തിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ തുക നൽകി ഗയ്‌ലിന് അവസരമൊരുക്കിയത്. 2012 നു ശേഷം ആദ്യമായി ഐ.പി.എല്ലിൽ തുടർച്ചയായി രണ്ട് അർധ സെഞ്ചുറി നേടി ഗയ്ൽ ആ പ്രതീക്ഷ കാത്തു. കളിച്ച രണ്ടു മത്സരങ്ങളിലും ഗയ്ൽ മാൻ ഓഫ് ദ മാച്ചായി.
ലേലത്തിൽ രണ്ടു തവണ ആവശ്യക്കാരില്ലാതിരുന്നതിൽ പ്രയാസം തോന്നിയിട്ടില്ലെന്ന് ഗയ്ൽ വെളിപ്പെടുത്തി. എനിക്ക് ഒന്നും തെളിയിക്കാനുണ്ടായിരുന്നില്ല. യഥാർഥത്തിൽ സെവാഗിനാണ് നന്ദി പറയേണ്ടത്, എന്നെ ടീമിലെടുത്ത് ഐ.പി.എല്ലിനെ രക്ഷിച്ചതിന്. രണ്ട് കളി ജയിപ്പിക്കണമെന്നാണ് സെവാഗ് പറഞ്ഞത്. ആ പ്രതീക്ഷ മറികടക്കുമെന്ന് ഗയ്ൽ ഉറപ്പു നൽകി. ഫിറ്റ്‌നസിൽ ശ്രദ്ധിക്കണമെന്നതൊഴിച്ചാൽ സെവാഗ് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും സ്വാതന്ത്ര്യത്തോടെ കളിക്കാൻ അനുവാദം നൽകിയെന്നും ഗയ്ൽ വെളിപ്പെടുത്തി.