തിരുവനന്തപുരം- കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയും. പകരം സെക്രട്ടറിയെ തീരുമാനിക്കാന്‍ സംസ്ഥാന സമിതി അല്‍പ സമയത്തിനകം ചേരും. എം.എ.ബേബി, എം.വിജയരാഘവന്‍ എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്.ഇ.പി.ജയരാജനും എ.കെ.ബാലനും പരിഗണനയിലുണ്ട്. എം.വി.ഗോവിന്ദനും സാധ്യതകളേറെയാണ്. എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയെത്തിയാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടെ വലിയ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.
ഇതിന് മുന്നോടിയായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ കാണാന്‍ നേതാക്കള്‍ എകെജി ഫ്‌ലാറ്റിലേക്കെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്.
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കണമോ എന്നതില്‍ സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനം എടുക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്. സംസ്ഥാന സര്‍ക്കാരിനെ വട്ടം കറക്കുന്ന ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും.
സംഘടന രാഷ്ട്രീയ കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനാണ് അടിയന്തര നേതൃയോഗം സിപിഐഎം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തു നിന്നും മാറാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷവും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.