മെറിറ്റ് വിദ്യാർഥികൾക്ക് വർഷം അഞ്ച് ലക്ഷം നൽകണം
കണ്ണൂർ- സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർഥികളുടെ ഫീസിനത്തിൽ ഇരട്ടി വർദ്ധനവ്. മെറിറ്റിൽ പ്രവേശനം നേടി ഇപ്പോൾ കോളേജിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കാണ് തീരുമാനം ഇരുട്ടടിയായത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിദ്യാർഥികളുടെ ഫീസ് നിരക്ക് ഇരട്ടിയാക്കിയത്.
മെറിറ്റിൽ പ്രവേശം നേടിയ വിദ്യാർഥികൾക്കു പ്രതിവർഷം രണ്ടര ലക്ഷം എന്നതാണ് അഞ്ചു ലക്ഷമാക്കി ഉയർത്തിയത്. കേരളത്തിൽ മെറിറ്റ് സീറ്റിൽ ഏറ്റവും കുറഞ്ഞ ഫീസ് നിരക്കിൽ പഠിക്കാവുന്ന ഏക മെഡിക്കൽ കോളേജായിരുന്നു പരിയാരം. 2.5 ലക്ഷമായിരുന്നു പ്രതിവർഷ ഫീസ് നിരക്ക്. ഇതാണ് പുതിയ നിർദ്ദേശത്തോടെ ഇരട്ടിയാക്കിയത്. വരുന്ന ഓഗസ്റ്റിൽ പരീക്ഷയെഴുതേണ്ട മുഴുവൻ വിദ്യാർഥികളോടും 15 ദിവസത്തിനകം ബാക്കി ഫീസായ 2.35 ലക്ഷം രൂപ അടയ്ക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇല്ലെങ്കിൽ ക്ലാസിൽ നിന്നും പുറത്താക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. കേരളത്തിലെ എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലും 85 ശതമാനം സീറ്റുകളിലും പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് ഫീസ്. പരിയാരം മെഡിക്കൽ കോളേജും സർക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 50 ശതമാനം മെറിറ്റ് സീറ്റുകളിൽ ഫീസ് രണ്ടര ലക്ഷമാക്കി നിജപ്പെടുത്തുകയും ഇടയ്ക്കു ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ധാരണയാണ് കാറ്റിൽ പറത്തിയിരിക്കുന്നത്. സാധാരണക്കാരായ നിരവധി പേർ ഇവിടെ പഠനം നടത്തുന്നുണ്ട്.
എന്നാൽ, രാജേന്ദ്ര ബാബു കമ്മീഷന്റെ നിർദ്ദേശ പ്രകാരം നിശ്ചയിച്ച ഫീസ് ഘടന അനുസരിച്ച് പരിയാരം മെഡിക്കൽ കോളേജിനു മാത്രം ഫീസ് ഇളവു നൽകാനാവില്ലെന്നും കേരള ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് ഈ തീരുമാനം കൈക്കെണ്ടതെന്നും മാനേജ്‌മെന്റ് പറയുന്നു. എൻ.ആർ.ഐ ക്വാട്ട ഒഴികെ എല്ലാ സീറ്റുകളിലും 4.85 ലക്ഷം രൂപ വാർഷിക ഫീസിനത്തിൽ നൽകണമെന്നും ഇക്കാര്യത്തിൽ സർക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂവെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്.