തിരുവനന്തപുരം- ഗർഭിണിയല്ലെന്ന് മനസ്സിലാക്കിയാൽ ദാമ്പത്യം തകരുമോയെന്ന ആശങ്കയും ബന്ധുക്കളുടെ പഴിപറച്ചിലും ഭയന്നാണ് ഗർഭിണിയായി അഭിനയിക്കാൻ കിളിമാനൂർ മടവൂർ വിളയ്ക്കാട് പേഴുവിള വീട്ടിൽ ഷംനയെ (22) പ്രേരിപ്പിച്ചത്.
ഇക്കാര്യം ഷംന തന്നെയാണ് ഇന്നലെ പോലീസിനോട് പറഞ്ഞത്. എസ്.എ.ടി ആശുപത്രിയിൽ സ്‌കാനിംഗിനെത്തിയപ്പോൾ താൻ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് അവിടെനിന്ന് ഒളിച്ചോടിയതെന്നും അവർ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് എസ്.എ.ടി ആശുപത്രിയിൽനിന്ന് ഷംന വീട്ടുകാരെ വെട്ടിച്ച് പുറത്തിറങ്ങിയത്. അവിടെ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റിൽ കയറി ചെന്നൈയ്ക്ക് പോയി. യാത്രയ്ക്കിടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിൻ വൈകുന്നേരം എറണാകുളം നോർത്തിലെത്തിയപ്പോൾ ഫോൺ ഓണാക്കി നോക്കി. ഷംനയെ കാണാതായ പരാതിയിൽ സൈബർ സെൽ സഹായത്തോടെ അന്വേഷണം നടത്തിവന്ന പോലീസ് ഫോണിന്റെ ടവർ ലൊക്കേഷൻ അനുസരിച്ച് അന്വേഷണത്തിനായി എറണാകുളത്തെത്തി. അവിടെ വിശദമായി പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. ചെന്നൈയിലേക്ക് യാത്ര തുടർന്ന ഷംന ചെന്നൈ സെൻട്രൽ സ്റ്റേഷനിലിറങ്ങി.
അവിടെനിന്ന് മറ്റൊരു ട്രെയിനിൽ ചെങ്ങന്നൂരിലേക്ക് തിരിക്കുകയും ചെയ്തു. രണ്ട് ദിവസവും ട്രെയിനിൽ തന്നെ കഴിച്ചു കൂട്ടിയ ഷംന ട്രെയിനിൽ നിന്നാണ് ആഹാരം കഴിച്ചത്. സഹയാത്രികരോട് അധികം ഇടപഴകാൻ കൂട്ടാക്കാതിരുന്ന ഷംന ചെങ്ങന്നൂരിലിറങ്ങി അവിടെനിന്ന് കരുനാഗപ്പള്ളിയ്ക്കുള്ള ബസിൽ കയറി കരുനാഗപ്പള്ളി ബസ് സ്റ്റാന്റിലിറങ്ങി. ബസ് സ്റ്റാന്റിൽ ക്ഷീണിതയായി ഇരുന്ന ഷംനയെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പത്രത്തിൽ വന്ന ഫോട്ടോ നോക്കി ആളെ തിരിച്ചറിഞ്ഞ് പോലീസിനെ വിളിച്ചത്. കരുനാഗപ്പള്ളി പോലീസെത്തി കസ്റ്റഡിയിലെടുത്ത ഷംനയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയാണ് ഗർഭിണിയല്ലെന്ന് ഉറപ്പിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
ഗൾഫിലായിരുന്ന ഭർത്താവ് ഷറഫുദ്ദീൻ ഇപ്പോൾ നാട്ടിലുണ്ട്. പലപ്പോഴും അവശതയും ക്ഷീണവും അഭിനയിച്ചും ഭക്ഷണത്തിന് മടി കാണിച്ചും ഷംന ഗർഭിണിയായി അഭിനയിക്കുകയായിരുന്നതുകൊണ്ട് വീട്ടുകാർക്കാർക്കും സംശയം തോന്നിയില്ല. ഒമ്പതു മാസം പൂർത്തിയായെന്ന് പറഞ്ഞ് എസ്.എ.ടി ആശുപത്രിയിലെ ഗൈനക്കോളജി ഒ.പിയിലെത്തിയ ഷംന അഡ്മിഷനെഴുതാനെന്ന വ്യാജേന അകത്തേക്ക് പോയി രക്ഷപ്പെടുകയായിരുന്നു.