തിരുവനന്തപുരം- എസ്.എ.ടി ആശുപത്രിയിൽ ചികിത്സക്കെന്ന വ്യാജേന എത്തി കടന്നുകളഞ്ഞ ഷംനയുടെ ബന്ധുക്കൾ നടത്തിയ അതിക്രമത്തിൽ കണ്ടാലറിയാവുന്ന 35 ഓളം പേർക്കെതിരെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
ഷംനയെ കാണാതായതിനെ തുടർന്ന് രണ്ട് രാത്രിയും മൂന്ന് പകലും ഷംനയുടെ ബന്ധുക്കൾ ഒ.പി കെട്ടിടത്തിനുള്ളിൽ തങ്ങി സ്റ്റാഫിനോടും ആശുപത്രിയിൽ എത്തിയവരോടും അപമര്യാദയായി പെരുമാറി. മൊബൈൽ ചാർജ് ചെയ്യാനുള്ള പ്ലഗ് പോയന്റ് നശിപ്പിച്ചു. രണ്ട് വാതിലുകൾ ചവിട്ടിപ്പൊളിച്ചു. കാന്റീനിൽ കയറി 2000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ഇവർ പുറത്തിറങ്ങാൻ കൂട്ടാക്കാത്തത് കാരണം ഒ.പിയുടെ വാതിലുകളും ഗേറ്റും പൂട്ടാൻ കഴിഞ്ഞില്ല. രോഗികളോടും അപമര്യാദയായി പെരുമാറി. സംഘത്തിൽ 20 ഓളം പുരുഷൻമാരും 15 ഓളം സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്ന് ആർ.എം.ഒ ഡോ. പി.ജി. ഹരിപ്രസാദ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എസ്.എ.ടി ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച 88 ക്യാമറകളും പൂർണതോതിൽ പ്രവർത്തന സജ്ജമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാണാതായ ഷംനയുടെ ദൃശ്യങ്ങൾ ലഭിച്ചതും ഈ ക്യാമറകളിൽനിന്നാണ്. ഗർഭിണിയെന്ന വ്യാജേന പല ദിവസങ്ങളിൽ പല മൊബൈൽ നമ്പറുകൾ നൽകി ഒ.പി ടിക്കറ്റുകൾ എടുത്ത് ഡോക്ടർമാരേയും ജീവനക്കാരേയും കബളിപ്പിച്ചാണ് ഷംന കടന്നത്. ഇവിടത്തെ രണ്ട് ക്യാമറാ പരിധിയിൽ ഷംനയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ആശുപത്രിയിലെ ബയോകെമിസ്ട്രി ലാബിൽ പരിശോധനക്ക് ഷംന വരുന്നതും തിരിച്ച് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഷംനയെ ആശുപത്രിയിൽ നിന്നും കാണാതായെന്ന് പറഞ്ഞ് ഇവരുടെ ബന്ധുക്കളും മറ്റും ചേർന്ന് ആശുപത്രിയിൽ പലതരത്തിലുള്ള നാശനഷ്ടം വരുത്തി. കൂടാതെ കിഡ്‌നി എടുക്കാൻ യുവതിയെ ഒളിപ്പിച്ചെന്ന പ്രചാരണം നടത്തി ഡോക്ടർമാരേയും ജീവനക്കാരുടേയും മനോവീര്യം തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും നടത്തിയതായും ആശുപത്രി അധികൃതർ കുറ്റപ്പെടുത്തി.
ക്യാമറാ ദൃശ്യങ്ങൾ അന്നന്ന് തന്നെ പരിശോധിക്കുന്നതിനാൽ ഇവിടെ ലഭിക്കുന്ന പരാതികൾ അതാദ് ദിവസം പരിശോധിച്ച് പരിഹരിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ പറഞ്ഞു. കഴിഞ്ഞ മാസം 26 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 13.50 ലക്ഷം രൂപ ചെലവഴിച്ചാണ് സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചത്. എ ബ്ലോക്കിലും, ബി ബ്ലോക്കിലുമായി ഒറ്റ ഘട്ടത്തിലാണ് ഇവ സ്ഥാപിച്ചത്. ഇവ കൃത്യമായി നിരീക്ഷിക്കുന്നതിന് രണ്ട് ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.ആശുപത്രിയിലെ കൂട്ടിരിപ്പുകാരുടെ വില പിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നത് സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ച ശേഷം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.