അറുപതു ലക്ഷത്തിലേറെ വിദ്യാർഥികൾ
വിദ്യാലയങ്ങളിലേക്ക്
റിയാദ് - രണ്ടു മാസത്തിലേറെ നീണ്ട വേനലവധിക്കു ശേഷം രാജ്യത്തെ സ്‌കൂളുകളിൽ നാളെ(ഞായർ) പുതിയ അധ്യയന വർഷത്തിന് തുടക്കമാകും. സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും ഇന്റർനാഷണൽ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും അടക്കം അറുപതു ലക്ഷത്തിലേറെ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ തിരികെ എത്തും. കഴിഞ്ഞ തിങ്കളാഴ്ച മുതൽ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് ഡ്യൂട്ടി പുനരാരംഭിച്ചിരുന്നു.
പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി പുതിയ സ്‌കൂളുകളും സ്‌കൂൾ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുകയും സ്‌കൂളുകളിലെ എയർ കണ്ടീഷനറുകളിലും ടോയ്‌ലെറ്റുകളിലും ക്ലാസ് മുറികളിലും അടക്കം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാഠപുസ്തക വിതരണവും ആരംഭിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയം ചില പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുകയും മറ്റു ചില പുസ്തകങ്ങളിൽ പുതിയ ഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ എലിമെന്ററി ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം ആരംഭിക്കും. കൂടാതെ ഈ അധ്യയന വർഷം മുതൽ എലിമെന്റി നാലാം ക്ലാസിലെ വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപികമാർക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ പടിപടിയായി ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപികമാരെ അനുവദിച്ചിരുന്നു. ഇത് വലിയ വിജയമാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തിലാണ് ഈ വർഷം മുതൽ നാലാം ക്ലാസിലെ വിദ്യാർഥികളെ പഠിപ്പിക്കാനും അധ്യാപികമാരെ വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച മൂന്നു ടേം രീതി ഈ കൊല്ലവും തുടരും.