Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടിയേരിക്ക് അവധി നല്‍കുമോ?  സിപിഎം നേതൃയോഗങ്ങള്‍ നാളെ മുതല്‍ 

തിരുവനന്തപുരം-  സിപിഎമ്മിന്റെ അടിയന്തര സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും. ഞയറാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കും. സംഘടനാ നേതൃതലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നാണ് സൂചന. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കുമോ എന്നുള്ളതിലും തീരുമാനം വന്നേക്കും.
സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുടെ നടപടികളും ചര്‍ച്ചക്ക് വരും. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് അസാധാരണ നിലയിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കിയാലും ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്.
മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ക്ക് എങ്ങനെ ബില്ലുകളെ അവഗണിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തുന്ന ചോദ്യം. ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാകാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാം, വിശദാംശങ്ങള്‍ തേടി തിരിച്ച് അയക്കാം. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടനയില്‍ പറയുന്നത്.
വിശദാംശങ്ങള്‍ തേടി തിരിച്ചയച്ച ബില്‍ വീണ്ടും പരിഗണിക്കാന്‍ നല്‍കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. പക്ഷേ പലപ്പോഴും മിക്ക ഗവര്‍ണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതാണ് ഇന്ത്യയിലെ പതിവ്. 'പോക്കറ്റ് വീറ്റോ' എന്ന് വിളിപ്പേരില്‍ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മര്‍ദ്ദം തുടരുന്നതിനൊപ്പം മറുവശത്ത് സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്.
 

Latest News