തൊടുപുഴ- ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസലിനെയും ഭാര്യ ഷീബയെയും മക്കളായ മെഹറിനെയും അസ്‌നയെയും ഉറങ്ങിക്കിടന്ന സമയം മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഫൈസലിന്റെ പിതാവ് ആലിയക്കുന്നേല്‍ ഹമീദ് നല്‍കിയ ജാമ്യാപേക്ഷ തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍ കെ എന്‍ തളളി.
മാര്‍ച്ച് 19ന് രാത്രി 12.30ന് ആയിരുന്നു കേസിനാസ്പദ സംഭവം. ഫൈസലിന്റെ മക്കളുടെ പേരില്‍ തന്റെ പിതാവ് നല്‍കിയ വസ്തുവകകള്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഉണ്ടായ വഴക്കാണ് അരും കൊലയിലേക്ക് നയിച്ചത്.
പ്രതി അതിദാരുണവും ഭീകരവുമായ കൊലപാതകമാണ് നടത്തിയതെന്നും ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷികള്‍ പ്രതി താമസിച്ചു വന്നിരുന്ന സംഭവസ്ഥലത്തിന് തൊട്ട് അയല്‍വാസികളും മറ്റ് പ്രധാനപ്പെട്ട സാക്ഷികള്‍ പ്രതിയുടെ ബന്ധുക്കള്‍ ആണെന്നും അവരെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മനോജ് കുര്യന്‍ ഹാജരായി.
ചിത്രം-ഹമീദ്