Sorry, you need to enable JavaScript to visit this website.

ഹര്‍ത്താല്‍ അക്രമത്തില്‍ സി.പി.എം, കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നു-ബി.ജെ.പി 

മലപ്പുറം- ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ നടന്ന അക്രമങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെക്കുറിച്ച് കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനുള്ള തെളിവ് ബി.ജെ.പിയുടെ കയ്യിലുണ്ട്. ഹര്‍ത്താലിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി കെ.ടി ജലീല്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിച്ചതും അക്രമത്തെ ലഘൂകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ മന്ത്രി ശ്രമിച്ചതും ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
അന്തര്‍ദേശീയ ഗൂഡാലോചനയും ദേശീയ,സംസ്ഥാന തലത്തില്‍ നടന്ന ആസൂത്രണവും എന്‍.ഐ.എ അന്വേഷിക്കണം. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ പ്രചാരണം നടത്തിയതു വിദേശത്തുള്ള ഗ്രൂപ്പുകളിലൂടെയാണ്. ഇതിന്റെ അഡ്മിന്‍മാരെക്കുറിച്ച് അന്വേഷിച്ചു ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരണം. വര്‍ഗീയ കലാപമാണ് നടന്നത്.
ഈ സാഹചര്യത്തില്‍ സ്ഥിരം പട്ടാള ക്യാമ്പ് മലപ്പുറത്ത് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു ആവശ്യപ്പെടണം. സംഘടിതമായ ആസൂത്രിത ഹര്‍ത്താലാണ് നടന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഹിന്ദു സമൂഹം അരക്ഷിതരാണ്. അക്രമം തടയുന്നതിലും പ്രതികളെ  അറസ്റ്റു ചെയ്യുന്നതിലും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വം തുടരുകയാണ്. സര്‍ക്കാര്‍ അക്രമത്തിനു കൂട്ടു നിന്നെന്നതിന്റെ തെളിവാണിത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഹിന്ദുക്കളെ മതതീവ്രവാദികള്‍ക്കു എറിഞ്ഞുകൊടുക്കുകയാണ് പിണറായി സര്‍ക്കാരെന്നു അദ്ദേഹം ആരോപിച്ചു. അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചത്. തിരൂര്‍, താനൂര്‍ മേഖലയില്‍ ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞു പിടിച്ച് അക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

Latest News