കൊച്ചി- കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അനുമതിയില്ലാത്തവക്കെതിരെ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ മുക്കുമൂലകളിലും പള്ളി നിര്‍മിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ മാത്രമേ കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നല്‍കാവൂ എന്നും കോടതി ഉത്തരവിലുണ്ട്.
പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ ഹാളുകള്‍ക്കും ഉചിതമായ അപേക്ഷകളില്‍ മാത്രമേ അനുമതി നല്‍കാവൂ എന്നും കോടതി പറഞ്ഞു. പോലീസിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളില്‍ അനുമതി നല്‍കാവൂ.
അപേക്ഷ പരിഗണിക്കുമ്പോള്‍ സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കണം. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ മാത്രമേ കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നല്‍കാവൂ- ജസ്റ്റിസ് പി.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
എല്ലാ മുക്കിലും മൂലയിലും പള്ളി വേണമെന്ന് ഖുര്‍ആന്‍ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതുമായി ബന്ധപ്പെട്ട്, ഖുര്‍ആന്‍ സൂക്തങ്ങളും റിയാദുസ്സാലിഹീനിലെ 1064 ാം ഹദീസും പരാമര്‍ശിച്ചു.
പള്ളിയുടെ പ്രാധാന്യം വ്യക്തമായി ഉയര്‍ത്തിക്കാട്ടുന്നതാണ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളെങ്കിലും എല്ലാ മുക്കിലും മൂലയിലും പള്ളി അനിവാര്യമാണെന്ന് വാക്യങ്ങളില്‍ പറഞ്ഞിട്ടില്ല. എല്ലാ മുസ്ലീം സമുദായാംഗങ്ങളുടെയും വീടിനോട് ചേര്‍ന്ന് പള്ളി സ്ഥാപിക്കണമെന്ന് ഹദീസിലോ വിശുദ്ധ ഖുര്‍ആനിലോ പറഞ്ഞിട്ടില്ല, ദൂരമല്ല, പള്ളിയിലെത്തുക എന്നതാണ് പ്രധാനമെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.