കോഴിക്കോട്- ശിരോ വസ്ത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൊവിഡന്‍സ് സ്‌കൂളിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു ഐ.എന്‍.എല്ലിന്റെ പ്രതിഷേധമാര്‍ച്ച്. ശിരോ വസ്ത്ര നിരോധം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ പറഞ്ഞു.
ഏതെങ്കിലും വര്‍ഗീയ വാദികളും ഫാസിസ്റ്റ് വാദികളും സ്വീകരിക്കുന്ന നിലപാട് മതേതരത്വത്തിന് കേളികേട്ട നാടായ കോഴിക്കോട് നഗരത്തില്‍ നടക്കില്ലെന്ന് സ്‌കൂള്‍ അധികൃതരെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഒ.പി.ഐ കോയ പറഞ്ഞു. മാനേജ്‌മെന്റിനോടോ സ്‌കൂളിനോടോ ശത്രുത പ്രഖ്യാപിക്കുകയല്ല. നാടിന് ചേരാത്ത, സമൂഹത്തിന് ചേരാത്ത തല തിരിഞ്ഞ സമീപനം തിരുത്തണം. യാഥാര്‍ഥ്യബോധത്തിലേക്ക് തിരിച്ചുവരണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുകയാണ്. ഈ സ്‌കൂളില്‍ എല്ലാ വിഭാഗം കുട്ടികള്‍ക്കും പഠിക്കണം. മതമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പഠിക്കാനുള്ള സാഹചര്യം വേണം. അവരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള ഒന്നും ഉണ്ടാവരുത്. ശിരോവസ്ത്ര നിരോധം തിരുത്തുന്നതുവരെ സമരം ചെയ്യും. ഇത് സൂചനാ സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് സ്‌കൂളിനു മുന്നില്‍ പോലിസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. മാര്‍ച്ചില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷര്‍മദ് ഖാന്‍, നാഷ്ണല്‍ യൂത്ത് ലീഗ് സ്ഥാന പ്രസിഡന്റ് ഒ.പി റഷീദ്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഹാജി, റഫീഖ് അഴിയൂര്‍,കെ.കെ മുഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തു.
ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സ്‌കൂള്‍ ഗേറ്റിന് മുന്‍പില്‍ പോലിസ് തടഞ്ഞു. സ്‌കൂളിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ജി.ഐ.ഒ സംസ്ഥാന അസി. സെക്രട്ടറി ലുലു മര്‍ജാന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ ജജ്‌ന അധ്യക്ഷ വഹിച്ചു.
ക്യാപസ് ഫ്രണ്ടിന്റെ നേതൃത്വത്തിലും സ്‌കൂളിലേക്ക് മാര്‍ച്ച് നടന്നു. ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഹിഷാം ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാഫിഹ്, റൈഫ എന്നിവര്‍ സംസരിച്ചു. എംഎസ്.എഫിന്റെ വിദ്യാര്‍ഥിനി പോഷക സംഘടന ഹരിതയുടെ മാര്‍ച്ച് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതിനാല്‍ പരിപാടി റദ്ദാക്കിയെന്ന് ഹരിത സംസ്ഥാന അധ്യക്ഷ അഡ്വ.കെ. ത്വഹാനി പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സില്‍വി ആന്റണി ഉറപ്പ് നല്‍കിയെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു. പി.ടി.എ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹരിത കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എച്ച് ആയിഷാ ബാനു, ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്, ട്രഷറര്‍ സഹദ എന്നിവരാണ് പ്രിന്‍സിപ്പലുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
സ്ഥലത്ത് വന്‍പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് സ്‌കൂളില്‍ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമില്‍ ശിരോവസ്ത്രം ഇല്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിനോട് ഇവിടെ ഇങ്ങിനെയാണെന്നും താങ്കള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി.
തുടര്‍ന്ന് ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ പഠനം നടത്താനാവില്ലെന്നും അഡ്മിഷന്‍ മാറിപോകുമെന്നുമാണ് കുടുംബം അറിയിച്ചത്. സ്‌കൂളിന്റെ ശിരോവസ്ത്ര വിലക്ക് നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കന്യാസ്ത്രീകളായ അധ്യാപികമാര്‍ക്ക് ശിരോവസ്ത്രം അനുവദിക്കുകയും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് അനുവദിക്കാതിരിക്കുന്നതും ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.