കൊല്ലം- 'ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍. എനിക്ക് സ്റ്റിയറിങ് ഉള്ള 350 രൂപ വിലയുള്ള കാര്‍ വാങ്ങാന്‍ പഞ്ചായത്ത് ഫണ്ട് അനുവദിക്കണം.' രണ്ടാം ക്ലാസുകാരന്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ക്ക് അയച്ച കത്തിലെ വരികളാണിത്. ചുവന്ന നിറത്തിലുള്ള കാര്‍ വേണമെന്നും ഏത് കടയില്‍ ലഭിക്കുമെന്നും കുട്ടി കത്തില്‍ കുറിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ പുത്തന്‍ കാര്‍ വാങ്ങി നല്‍കിയാണ് പഞ്ചായത്ത് മെമ്പര്‍ കുട്ടിയുടെ ആഗ്രഹം സാധിച്ചു നല്‍കിയത്. കാറിനായുള്ള കുട്ടിയുടെ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കൊല്ലം കോട്ടുക്കല്‍ ഗവ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ബി എസ് ശബരിനാഥാണ് ഇട്ടിവ പഞ്ചായത്ത് തോട്ടംമുക്ക് വാര്‍ഡ് മെമ്പര്‍ ബി ബൈജുവിന് കത്ത് നല്‍കിയത്.
'ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ അറിയുന്നതിന് ശബരി എഴുതുന്നത്. എനിക്ക് സ്റ്റിയറിങ് ഉള്ള 350 രൂപ വിലയുള്ള കാര്‍ വാങ്ങുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്നു പറയുന്നു. എന്ന് ശബരി. സാധനം മധു മാമന്റെ കടയിലുണ്ട്. കളര്‍ ചോപ്പ് മതി.' എന്നാണ് രണ്ടാം ക്ലാസുകാരന്റെ കത്ത്.കത്ത് കിട്ടിയ ഉടന്‍ ശബരിക്ക് പഞ്ചായത്ത് മെമ്പര്‍ കാര്‍ വാങ്ങി നല്‍കി. ശബരിയുടെ കത്തും കാറിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്. എന്തും സാധിച്ചെടുക്കാന്‍ പറ്റിയ സ്ഥലം പഞ്ചായത്ത് ഓഫീസാണെന്ന് കുരുന്നു ബാലന്‍ ചിന്തിച്ചിട്ടുണ്ടാവണം.