Sorry, you need to enable JavaScript to visit this website.

ആറു മാസത്തിനിടെ ട്രില്യൺ റിയാൽ കവിഞ്ഞ് വിദേശ വ്യാപാരം 

റിയാദ് - ഈ വർഷം ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ വിദേശ വ്യാപാരം ഒരു ട്രില്യൺ റിയാൽ കവിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ആറു മാസക്കാലത്ത് സൗദിയുടെ വിദേശ വ്യാപാരം ട്രില്യൺ റിയാൽ കവിയുന്നത്. ജനുവരി ഒന്നു മുതൽ ജൂൺ അവസാനം വരെയുള്ള കാലത്ത് വിദേശ വ്യാപാരം 1.12 ട്രില്യൺ റിയാലായി ഉയർന്നു. എണ്ണ കയറ്റുമതി 101 ശതമാനം തോതിൽ ഉയർന്നതാണ് ഈ നേട്ടത്തിന് സഹായിച്ചത്. ഈ വർഷം ആദ്യ പകുതിയിൽ എണ്ണ കയറ്റുമതി റെക്കോർഡ് നിലയിൽ ഉയർന്ന് 631 ബില്യൺ റിയാലായി. 


ആദ്യ പകുതിയിൽ കയറ്റുമതി 81 ശതമാനം തോതിൽ ഉയർന്ന് 795.7 ബില്യൺ റിയാലായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി വാണിജ്യ മിച്ചം 191 ശതമാനം തോതിൽ ഉയർന്നു. ആറു മാസത്തിനിടെ 467.2 ബില്യൺ റിയാലാണ് വാണിജ്യ മിച്ചം. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ വാണിജ്യ മിച്ചം 160.4 ബില്യൺ റിയാലായിരുന്നു. ജൂണിൽ വിദേശ വ്യാപാരം 59 ശതമാനം തോതിൽ ഉയർന്ന് 207.7 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം ജൂണിൽ വിദേശ വ്യാപാരം 130.8 ബില്യൺ റിയാലായിരുന്നു. ജൂണിൽ വാണിജ്യ മിച്ചം 87.8 ബില്യൺ റിയാലാണ്. കഴിഞ്ഞ കൊല്ലം ജൂണിൽ ഇത് 37.8 ബില്യൺ റിയാലായിരുന്നു. ജൂണിൽ വാണിജ്യ മിച്ചം 132.1 ശതമാനം തോതിൽ വർധിച്ചു. സൗദി അറേബ്യയുടെ ചരിത്രത്തിൽ കൈവരിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ മിച്ചമാണ് ജൂണിലേത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ വാണിജ്യ മിച്ചം 89.7 ബില്യൺ റിയാലായിരുന്നു. 


കഴിഞ്ഞ വർഷം വിദേശ വ്യാപാരം 39.1 ശതമാനം തോതിൽ ഉയർന്ന് 1.63 ട്രില്യൺ റിയാലായിരുന്നു. 2020 ൽ വിദേശ വ്യാപാരം 1.17 ട്രില്യൺ റിയാലായിരുന്നു. ഏഴു വർഷത്തിനിടെ കൈവരിച്ച ഏറ്റവും ഉയർന്ന വിദേശ വ്യാപാരമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2014 ൽ വിദേശ വ്യാപാരം 1.94 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം വാണിജ്യ മിച്ചം 248 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം വാണിജ്യ മിച്ചം 468 ബില്യൺ റിയാലായിരുന്നു. 2020 ൽ ഇത് 134.5 ബില്യൺ റിയാലായിരുന്നു. 2018 ൽ 590 ബില്യൺ റിയാൽ വാണിജ്യ മിച്ചം നേടിയിരുന്നു. ഇതിനു ശേഷം കൈവരിക്കുന്ന ഏറ്റവും ഉയർന്ന വാണിജ്യ മിച്ചമാണ് കഴിഞ്ഞ വർഷത്തേത്. 
കഴിഞ്ഞ വർഷം കയറ്റുമതി 60.7 ശതമാനം തോതിൽ ഉയർന്ന് 1.05 ട്രില്യൺ റിയാലായി. 2020 ൽ കയറ്റുമതി 652 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ഇറക്കുമതി 12 ശതമാനം തോതിൽ വർധിച്ച് 579.6 ബില്യൺ റിയാലായി. 2020 ൽ ഇറക്കുമതി 517.5 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം എണ്ണ കയറ്റുമതി 72.6 ശതമാനം തോതിൽ വർധിച്ച് 772.8 ബില്യൺ റിയാലായി. 2020 ൽ ഇത് 447.6 ബില്യൺ റിയാലായിരുന്നു.
 

Tags

Latest News