ദമാം - അല്‍കോബാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പട്ടിയുമായി സോഷ്യല്‍ മീഡിയ സെലിബ്രിറ്റി റഹഫ് അല്‍ഖഹ്താനി ഷോപ്പിംഗ് നടത്തിയതില്‍ വിശദീകരണവുമായി സ്ഥാപന അധികൃതര്‍. ഷോപ്പിംഗ് ട്രോളിയില്‍ പട്ടിക്കുട്ടിയെ വെച്ച് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കറങ്ങി തനിക്കു വേണ്ട സാധനങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ റഹഫ് അല്‍ഖഹ്താനി തന്നെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിടുകയായിരുന്നു. വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സംഭവത്തില്‍ ഡാന്യൂബ് ഹൈപ്പര്‍ മാര്‍ക്കറ്റ് വിശദീകരണം നല്‍കി.
സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അല്‍കോബാര്‍ ഡാന്യൂബ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖയും ഇവിടുത്തെ ഷോപ്പിംഗ് ട്രോളികളും പൂര്‍ണമായും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഡാന്യൂബ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളെ ഡാന്യൂബ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. തങ്ങള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന, വ്യക്തികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളെ നിരാകരിക്കുന്നു. ഉപയോക്താക്കളുടെ തൃപ്തി പിടിച്ചുപറ്റുന്ന നിലക്ക് പ്രവര്‍ത്തിക്കാന്‍ അതിയായി ആഗ്രഹിക്കുന്നതായും ഡാന്യൂബ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.